
ന്യൂഡല്‍ഹി: രാജിവെച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന് മികച്ച യാത്രയയപ്പ് നല്‍കണമെന്ന് കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം നടന്ന ബിസിനസ് അഡൈ്വസറി കമ്മിറ്റി (ബിഎസി) യോഗത്തില്‍ കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാര്‍ ഈ ആവശ്യം അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. യോഗത്തില്‍ കേന്ദ്ര മന്ത്രിമാരായ ജെപി നദ്ദയും കിരണ്‍ റിജിജുവും ജയ്‌റാം രമേശിന്റെ ആവശ്യത്തോട് പ്രതികരിച്ചില്ല.
മൂന്നുവര്‍ഷം ഉപരാഷ്ട്രപതി സ്ഥാനത്തിരുന്ന ജഗ്ദീപ് ധന്‍കറിന് മാന്യമായ യാത്രയയപ്പ് നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ധന്‍കറിന്റെ പെട്ടെന്നുളള രാജിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെ ചോദ്യം ചെയ്യുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.
ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്ന് ഏതാനും മാസങ്ങള്‍ മുന്‍പ് നോട്ടുകെട്ടുകള്‍ കണ്ടെടുത്ത സംഭവത്തില്‍ പ്രതിപക്ഷ എംപിമാര്‍ ഒപ്പിട്ട നോട്ടീസ് സ്വീകരിച്ചതിനു പിന്നാലെ ധന്‍കര്‍ രാജിവെക്കാന്‍ നിര്‍ബന്ധിതനായതാണ് എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. രാജ്യസഭയില്‍ കാലാവധി കഴിഞ്ഞ് ഇറങ്ങുന്ന ആറ് എംപിമാര്‍ക്ക് യാത്രയയപ്പ് നല്‍കാനിരിക്കെയാണ് ജഗ്ദീപ് ധന്‍കറിനും യാത്രയയപ്പ് നല്‍കണമെന്ന ആവശ്യമുയര്‍ന്നിരിക്കുന്നത്. അന്‍പുമണി രാമദാസ്, വൈകോ, പി വില്‍സണ്‍, എം ഷണ്‍മുഖം, എം മുഹമ്മദ് അബ്ദുളള, എന്‍ ചന്ദ്രശേഖരന്‍ എന്നീ എംപിമാര്‍ക്കാണ് യാത്രയയപ്പ് നല്‍കുന്നത്.
അതേസമയം, പുതിയ ഉപരാഷ്ട്രപതി ബിജെപിയിൽ നിന്നാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. മുതിർന്ന ബിജെപി നേതാക്കളെയാണ് പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്. ഉപരാഷ്ട്രപതി നിയമനവുമായി ബന്ധപ്പെട്ട് ബിജെപി ഇതര പാർട്ടികളിൽ നിന്ന് ഉയർന്ന പേരുകൾ അഭ്യൂഹങ്ങളായിരുന്നു എന്നാണ് ഇതോടെ വ്യക്തമാകുന്നത്. ജഗ്ദീപ് ധൻകറിന്റെ പെട്ടെന്നുള്ള രാജിയെത്തുടർന്ന് ഉപരാഷ്ട്രപതിയായി ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ, ശശി തരൂർ എംപി അടക്കമുള്ളവരുടെ പേരുകൾ പരിഗണിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ അഭ്യൂഹങ്ങൾ തള്ളിക്കളയുകയാണ് പാർട്ടി വൃത്തങ്ങൾ.
ജൂലൈ 21-നാണ് ജഗ്ദീപ് ധൻകർ രാജിവെച്ചത്. അപ്രതീക്ഷിതമായായിരുന്നു രാജി പ്രഖ്യാപനം. 'ഭരണഘടനയുടെ ആർട്ടിക്കിൾ 67(എ) പ്രകാരം ഞാൻ രാജിവെക്കുന്നു. ഇതുവരെ നൽകിയ പിന്തുണയ്ക്ക് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മുഴുവൻ പാർലമെന്റംഗങ്ങൾക്കും നന്ദി പറയുന്നു. ആരോഗ്യം അനുവദിക്കാത്തതിനാൽ മാറിനിൽക്കുന്നു' എന്നാണ് രാഷ്‌ട്രപതി ദ്രൗപതി മുർമുവിനയച്ച രാജി കത്തിൽ ധൻകർ പറഞ്ഞത്.
Content Highlights: Congress demand dignified farewell to jagdeep dhankhar but government silent