
ന്യൂഡൽഹി: പുതിയ ഉപരാഷ്ട്രപതി ബിജെപിയിൽ നിന്നെന്ന് പാർട്ടി വൃത്തങ്ങൾ. മുതിർന്ന ബിജെപി നേതാക്കളെയാണ് പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്. ഉപരാഷ്ട്രപതി നിയമനവുമായി ബന്ധപ്പെട്ട് ബിജെപി ഇതര പാർട്ടികളിൽ നിന്ന് ഉയർന്ന പേരുകൾ അഭ്യൂഹങ്ങളായിരുന്നു എന്നാണ് ഇതോടെ വ്യക്തമാക്കപ്പെടുന്നത് . ജഗ്ദീപ് ധൻകറിന്റെ പെട്ടെന്നുള്ള രാജിയെത്തുടർന്ന് ഉപരാഷ്ട്രപതിയായി ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ, ശശി തരൂർ എംപി അടക്കമുള്ളവരുടെ പേരുകൾ പരിഗണിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ അഭ്യൂഹങ്ങൾ തള്ളിക്കളയുകയാണ് പാർട്ടി വൃത്തങ്ങൾ.
'പാർട്ടിയുടെ പ്രത്യയശാസ്ത്രവുമായി അടുത്ത ബന്ധമുള്ള ഒരാളായിരിക്കും ഉപരാഷ്ട്രപതി'യെന്ന് ഒരു ഉന്നത ബിജെപി നേതാവ് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ, ജെഡിയു നേതാവും കേന്ദ്രമന്ത്രിയുമായ രാം നാഥ് താക്കൂറും ബിജെപി അധ്യക്ഷൻ ജെ പി നദ്ദയും തമ്മിലുള്ള കൂടിക്കാഴ്ച വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ ഇത് പതിവ് ആശയവിനിമയം മാത്രമാണെന്നാണ് ബിജെപി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ചിട്ടുണ്ട്. അതേസമയം, പ്രതിപക്ഷം ഇതുവരെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പേര് നിർദ്ദേശിച്ചിട്ടില്ല. മുൻ രാഷ്ട്രപതി ജഗ്ദീപ് ധൻകർ ഔദ്യോഗികവസതി ഉടൻ ഒഴിയുമെന്നാണ് വിവരം. രാജികത്ത് സമർപ്പിച്ചതിന് പിന്നാലെ തന്നെ വസതിയൊഴിയാനുള്ള നടപടി ആരംഭിച്ചിരുന്നു.
ധൻകറിന്റെ അപ്രതീക്ഷിത രാജിയെ പറ്റി മനസിലാക്കാനായി പല പ്രതിപക്ഷ നേതാക്കളും കൂടിക്കാഴ്ചയ്ക്കു ശ്രമിക്കുന്നുണ്ട്. എന്നാൽ, കൂടിക്കാഴ്ചയ്ക്കായുള്ള അനുമതി നൽകുന്നില്ലെന്നാണ് വിവരം. ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത്, എൻസിപി (എസ്പി) നേതാവ് ശരദ് പവാർ തുടങ്ങിയവർ ധൻകറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ചൊവ്വാഴ്ച അനുമതി തേടിയിരുന്നതായാണ് റിപ്പോർട്ട്.
രാജിക്ക് പിന്നിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെയും മറ്റ് മുതിർന്ന കാബിനറ്റ് മന്ത്രിമാരുടെയും സമ്മർദ്ദമാണെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് എം പി കല്യാൺ ബാനർജി രംഗത്തെത്തിയിരുന്നു.
രാജിവെച്ചില്ലെങ്കിൽ ഇംപീച്ച് ചെയ്യുമെന്ന് ധൻകറിനെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ടിഎംസിയുടെ ആരോപണം. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനെ അടുത്ത ഉപരാഷ്ട്രപതിയാക്കാനാണ് പദ്ധതിയെന്നും കല്യാൺ ബാനർജി ആരോപിച്ചു.
ജൂലൈ 21-നാണ് ജഗ്ദീപ് ധൻകർ രാജിവെച്ചത്. അപ്രതീക്ഷിതമായായിരുന്നു രാജി പ്രഖ്യാപനം. 'ഭരണഘടനയുടെ ആർട്ടിക്കിൾ 67(എ) പ്രകാരം ഞാൻ രാജിവെക്കുന്നു. ഇതുവരെ നൽകിയ പിന്തുണയ്ക്ക് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മുഴുവൻ പാർലമെന്റംഗങ്ങൾക്കും നന്ദി പറയുന്നു. ആരോഗ്യം അനുവദിക്കാത്തതിനാൽ മാറിനിൽക്കുന്നു', രാഷ്‌ട്രപതി ദ്രൗപതി മുർമുവിനയച്ച രാജി കത്തിൽ ധൻകർ പറഞ്ഞു.
Content Highlights: Sources says Next Vice President From BJP