ഓൺലൈൻ വാതുവെപ്പ് ആപ്പുകളുമായി ബന്ധപ്പെട്ട കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ മെറ്റയ്ക്കും ഗൂഗിളിനും നോട്ടീസ്

ജൂലൈ 21ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിലുള്ളത്

dot image

ന്യൂഡൽഹി: ഓൺലൈൻ വാതുവെപ്പ് ആപ്പുകളുമായി ബന്ധപ്പെട്ട കേസുകളിൽ ടെക് ഭീമന്മാരായ ഗൂഗിളിനും മെറ്റയ്ക്കും നോട്ടീസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ജൂലൈ 21-ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിലുള്ളത്. കള്ളപ്പണം വെളുപ്പിക്കൽ, ഹവാല ഇടപാടുകൾ എന്നിവയുൾപ്പെടെ ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിൽ അന്വേഷണം നേരിടുന്ന വാതുവെപ്പ് ആപ്ലിക്കേഷനുകളുടെ പ്രചാരണത്തിന് ഗൂഗിളും മെറ്റയും സൗകര്യം ഒരുക്കി നൽകിയെന്നാണ് ഇഡിയുടെ ആരോപണം. മെറ്റയും ​ഗൂ​ഗിളും പ്രാധാന്യമുള്ള പരസ്യ സ്ലോട്ടുകൾ ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകൾക്ക് നൽകിയെന്നും ഇഡി ചൂണ്ടിക്കാണിക്കുന്നുണ്ട്. ആരോപണ വിധേയരായിരിക്കുന്ന ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിച്ചിട്ടുള്ള വെബ്‌സൈറ്റുകൾക്ക് അതത് പ്ലാറ്റ്‌ഫോമുകളിൽ ദൃശ്യപരത നേടാൻ അനുവദിച്ചതായും അത് നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ വ്യാപനത്തിന് കാരണമായതായും ഇഡി ആരോപിക്കുന്നു.

കഴിഞ്ഞ ആഴ്ചകളിൽ ഇഡി സ്വീകരിച്ച നിരവധി നടപടികളുടെ തുടർച്ചയാണ് പുതിയ സംഭവവികാസം എന്നാണ് റിപ്പോർട്ട്. വൈദഗ്ധ്യത്തെ അടിസ്ഥാനമാക്കിയുള്ള ഗെയിമുകളെന്ന നിലയിൽ നിമയമവിരുദ്ധ വാതുവെപ്പ് നടത്തുന്ന ഓൺലൈൻ വാതുവെപ്പ് ആപ്പുകളുടെ ഒരു വലിയ ശൃംഖലയെക്കുറിച്ച് ഇഡി അന്വേഷണം തുടരുകയാണ്. ഈ പ്ലാറ്റ്‌ഫോമുകൾ കോടിക്കണക്കിന് രൂപ നിയമവിരുദ്ധമായി സമ്പാദിച്ചിട്ടുണ്ടെന്നാണ് അന്വേഷണ ഏജൻസിയുടെ വിലിയിരുത്തൽ. നിയമവിരുദ്ധ സമ്പാദ്യം അന്വേഷിച്ച് കണ്ടെത്തുന്നത് ഒഴിവാക്കാൻ ഇത് നിയമവിരുദ്ധമായ ഹവാല ചാനലുകളിലൂടെ വഴിതിരിച്ച് വിടുന്നുവെന്നും അന്വേഷണ ഏജൻസിയുടെ കണ്ടെത്തലുണ്ട്.

നിയമവിരുദ്ധമായ വാതുവെപ്പ് ആപ്പുകളെ പ്രോത്സാഹിപ്പിച്ചതിന് പ്രമുഖ നടന്മാർ, ടെലിവിഷൻ അവതാരകർ, സോഷ്യൽ മീഡിയ സ്വാധീനം ചെലുത്തുന്നവർ എന്നിവരുൾപ്പെടെ 29 വ്യക്തികൾക്കെതിരെ ഇഡി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രകാശ് രാജ്, റാണ ദഗ്ഗുബതി, വിജയ് ദേവരകൊണ്ട തുടങ്ങിയ സെലിബ്രിറ്റികൾ എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ടിൽ (ഇസിഐആർ) പേരുള്ളവരിൽ ഉൾപ്പെടുന്നു.

ഇക്കൂട്ടത്തിലെ ഏറ്റവും വലിയ സാമ്പത്തിക അഴിമതിയായ മഹാദേവ് വാതുവെപ്പ് ആപ്പ് കേസ് ഇതിനകം വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. മഹാദേവ് വാതുവെപ്പ് ആപ്പ് കേസിൽ 6,000 കോടി രൂപയിലധികം അഴിമതി നടന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. കേസുമായി ബന്ധപ്പെട്ട് നിരവധി ബോളിവുഡ് സെലിബ്രിറ്റികളെ ചോദ്യം ചെയ്തിരുന്നു. മുൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ആപ്പിന്റെ പ്രൊമോട്ടർമാരിൽ നിന്ന് 500 കോടിയിലധികം രൂപ കൈപ്പറ്റിയെന്ന ഇഡിയുടെ അവകാശവാദം ഉൾപ്പെടെ നിരവധി രാഷ്ട്രീയ കൈക്കൂലി ആരോപണങ്ങളും കേസുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുണ്ട്.

ഫെയർപ്ലേ ഐപിഎൽ വാതുവെപ്പ് ആപ്പ് ഉൾപ്പെടുന്നതായി മറ്റൊരു പ്രധാന കേസ്. ഐപിഎൽ മത്സരങ്ങൾ നിയമവിരുദ്ധമായി സ്ട്രീം ചെയ്യുകയും അനധികൃത ഓൺലൈൻ വാതുവെപ്പ് സാധ്യമാക്കുകയും ചെയ്തു എന്നാണ് കേസ്. ഇതിലൂടെ ടൂർണമെന്റിന്റെ ഔദ്യോഗിക സംപ്രേക്ഷകരായ വയാകോം18 ന് വലിയ രീതിയിലുള്ള വരുമാന നഷ്ടമുണ്ടാക്കി എന്നാണ് അന്വേഷണ ഏജൻസി ചൂണ്ടിക്കാണിക്കുന്നത്. അന്വേഷണത്തിൽ ആപ്പിനെ അംഗീകരിച്ച, ഒരു വലിയ ഉപയോക്തൃ അടിത്തറയെ ആകർഷിക്കാൻ സഹായിച്ച നിരവധി ഇന്ത്യൻ സെലിബ്രിറ്റികളെ പ്രതിചേർത്തിരുന്നു. നിയമവിരുദ്ധ ചൂതാട്ട പ്ലാറ്റ്‌ഫോമുകൾ പ്രോത്സാഹിപ്പിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് നിരവധി സെലിബ്രിറ്റികളും സ്വാധീനശേഷിയുള്ള വ്യക്തികളും ഇതിനകം ഇഡിയുടെ നീരീക്ഷണത്തിലാണ്.

Content Highlights: ED issued notices to Google and Meta in connection with investigation into online betting app cases

dot image
To advertise here,contact us
dot image