
ലഖ്‌നൗ: ഉത്തർപ്രദേശിൽ പിടിയിലായ മതപരിവർത്തന റാക്കറ്റിന്റെ സൂത്രധാരൻ ചങ്കൂർ ബാബ ആർഎസ്എസ് അനുബന്ധ സംഘടനയുടെ മുതിർന്ന പ്രവർത്തകനായി സ്വയം പരിചയപ്പെടുത്തിയിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. സംഘടനയുടെ ലെറ്റർഹെഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോയും ചങ്കൂർ ബാബ ഉപയോഗിച്ചിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
കേസിലെ മറ്റൊരു പ്രധാന പ്രതിയായ ഈദുൽ ഇസ്ലാം നടത്തുന്ന ഭാരത് പ്രതികാർത്ത് സേവാ സംഘ് എന്ന സംഘടനയുടെ ജനറൽ സെക്രട്ടറി (അവാദ്) ആയിരുന്നു ചങ്കൂർ ബാബ എന്നറിയപ്പെടുന്ന ജമാലുദ്ദീൻ. ആർഎസ്എസുമായി ബന്ധമുണ്ടെന്ന് തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതിനായി സംഘടനയുടെ പേര് തന്ത്രപരമായി തിരഞ്ഞെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സംഘടനയെ വിശ്വസനീയമാക്കാൻ ഈദുൽ ഇസ്ലാം ആർഎസ്‌എസിന്റെ ആസ്ഥാനമായ നാഗ്പൂരിൽ ഒരു വ്യാജ കേന്ദ്രം പോലും സ്ഥാപിച്ചു. ചങ്കൂർ ബാബയും ഈദുൽ ഇസ്ലാമും ഉദ്യോഗസ്ഥരുമായും രാഷ്ട്രീയ നേതാക്കളുമായും നടത്തിയ കൂടിക്കാഴ്ചകളിൽ ആഎസ്എസുമായുള്ള തങ്ങളുടെ ബന്ധത്തിന്റെ അവകാശവാദങ്ങൾക്ക് വിശ്വാസ്യത നൽകുന്നതിനായി നിരവധി പ്രമുഖ ആർഎസ്‌എസ് പ്രവർത്തകരുടെ പേര് പരാമർശിക്കാറുണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ബൽറാംപൂരിൽ നിന്നുള്ള ആത്മീയ നേതാവായ ചങ്കൂർ ബാബയെ വലിയ തോതിലുള്ള മതപരിവർത്തന റാക്കറ്റ് സംഘടിപ്പിച്ചുവെന്നാരോപിച്ച് ഈ മാസം ആദ്യമാണ് അറസ്റ്റ് ചെയ്തത്. തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥരുമായി ഒത്തുചേർന്ന് വില്ലേജ് കമ്യൂണിറ്റിയുടെ ഭൂമി ഈദുൽ ഇസ്ലാം നിയമവിരുദ്ധമായി വാങ്ങിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. വിദേശ ഒരു തീവ്രവാദ പരിശീലന കേന്ദ്രം സ്ഥാപിക്കാൻ അദ്ദേഹം പദ്ധതിയിടുന്നതായി ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ചങ്കൂർ ബാബയ്‌ക്കെതിരായ കുറ്റപത്രത്തിൽ പറയുന്നുണ്ട്. വിദേശ സ്രോതസ്സുകളിൽ നിന്ന് 500 കോടിയിലധികം രൂപ ചങ്കൂർ ബാബ സ്വീകരിച്ചതായാണ് പൊലീസ് പറയുന്നത്. ഗൾഫ് രാജ്യങ്ങളും ഒരുപക്ഷേ പാകിസ്താൻ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നിന്നാവാം ഈ ധനസമാഹാരം എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. യുപിയിലും മഹാരാഷ്ട്രയിലും ചങ്കൂർ ബാബ 100 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ സ്വന്തമാക്കിയിട്ടുണ്ടെന്നും ഇവയിൽ ഭൂരിഭാഗവും കൈയേറിയ സർക്കാർ ഭൂമിയിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ ആരോപിക്കുന്നുണ്ട്. ചങ്കൂർ ബാബയും സഹായികളുമായും ബന്ധപ്പെട്ട 22 ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ 60 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതിൻ്റെ തെളിവുകൾ ഇഡി കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്.
സംശയാസ്പദമായ ഒരു ഇടപാടിലൂടെ ചങ്കൂർ ബാബ മുംബൈയിൽ 'റൺവാൾ ഗ്രീൻസ്' എന്ന പേരിൽ ഒരു സമുച്ചയം വാങ്ങിയതായും അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ട്. പനാമ ആസ്ഥാനമായുള്ള 'ലോഗോസ് മറൈൻ' എന്ന കമ്പനിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം വെളിപ്പെടുത്തുന്ന രേഖകളും ഇഡിക്ക് ലഭിച്ചു.
Content Highlights: Chankur Baba had introduced himself as an activist of an RSS-affiliated organization