
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മാതാവിനും എതിരായ ഡീപ് ഫേക്ക് വീഡിയോയില്‍ കേസെടുത്ത് ഡല്‍ഹി പൊലീസ്. കോണ്‍ഗ്രസ് നേതാക്കളെയും ഐടി സെല്ലിനെയും പ്രതിച്ചേര്‍ത്താണ് കേസെടുത്തത്. വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് കേസ്. ബിഹാര്‍ കോണ്‍ഗ്രസിന്റെ സമൂഹമാധ്യമത്തിലായിരുന്നു മോദിയുടെയും മാതാവിന്റെയും എഐ വീഡിയോ പ്രത്യക്ഷപ്പെട്ടത്.
ബിജെപിയുടെ ഡല്‍ഹി തെരഞ്ഞെടുപ്പ് സെല്ല് കണ്‍വീനര്‍ സങ്കേത് ഗുപ്തയുടെ പരാതിയിലാണ് നടപടി. വീഡിയോ പ്രധാനമന്ത്രിയുടെ മാതാവിന്റെ അന്തസിനെ അപമാനിക്കുന്നതാണെന്നും നോര്‍ത്ത് അവന്യൂ പൊലീസ് സ്റ്റേഷന് നല്‍കിയ പരാതിയില്‍ പറയുന്നു. ബിഹാറിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയമായി പ്രകോപിപ്പിക്കാനാണ് വീഡിയോ പുറത്തിറക്കിയതെന്നാണ് ബിജെപിയുടെ പ്രധാന വിമര്‍ശനം.
തന്നെ വോട്ടിന് വേണ്ടി ഉപയോഗിക്കരുതെന്ന് സ്വപ്നത്തില്‍ മോദിയോട് അമ്മ അപേക്ഷിക്കുന്നതാണ് വീഡിയോ. ബിഹാറില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന വോട്ടര്‍ അധികാര്‍ യാത്രയില്‍ തനിക്കും അമ്മയ്ക്കും നേരെ അധിക്ഷേപകരമായ പരാമര്‍ശങ്ങളുണ്ടായെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ പുറത്തിറങ്ങിയത്. സ്വപ്നത്തില്‍ മരിച്ചുപോയ അമ്മയോട് സാമ്യമുള്ള എഐ കഥാപാത്രം മോദിയുടെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് രാഷ്ട്രീയത്തില്‍ തന്റെ പേര് ഉപയോഗിച്ചതിന് അദ്ദേഹത്തെ കര്‍ശനമായി ശാസിക്കുന്നതും മോദിയോട് സാമ്യമുള്ള എഐ കഥാപാത്രം ഇത് കേട്ട് ഞെട്ടലോടെ ഉണരുന്നതുമാണ് വീഡിയോ.
'സാഹെബിന്റെ സ്വപ്നങ്ങളില്‍ അമ്മ പ്രത്യക്ഷപ്പെടുന്നു. ഈ രസകരമായ സംഭാഷണം കാണുക' എന്ന അടിക്കുറിപ്പും വീഡിയോക്ക് നല്‍കിയിരുന്നു. വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുകയും പ്രതിപക്ഷം വിലകുറഞ്ഞ തന്ത്രങ്ങള്‍ അവലംബിക്കുകയാണെന്ന് ബിജെപി നേതാക്കള്‍ ആരോപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി പൊലീസില്‍ പരാതി നല്‍കിയത്.
Content Highlights: Delhi Police take case against Congress on Narendra Modi and his mother s AI video