
ഇംഫാൽ: മണിപ്പൂരിലെ ചുരാചന്ദ്പൂരിലെത്തി കലാപ ബാധിതരെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുക്കി വിഭാഗത്തിലെ കലാപ ബാധിതരെയാണ് മോദി കാണ്ടത്. കുട്ടികളുമായി അദ്ദേഹം സംസാരിച്ചു. ചുരാചന്ദ്പൂരിൽ 7,300 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി മോദി തറക്കല്ലിട്ടു. മണിപ്പൂരിന്‍റെ വികസനത്തിനൊപ്പമുണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആറായിരം കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് ഇന്ന് തറക്കല്ലിട്ടെന്നും ഗോത്രവിഭാഗങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പീസ് ഗ്രൗണ്ടിലെത്തി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ഭാരത് മാതാ കി ജയ് വിളിച്ച് തുടങ്ങിയ പ്രസംഗത്തിൽ മോദി വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു. വലിയ ആള്‍ക്കൂട്ടം ഏറെ സന്തോഷിപ്പിക്കുന്നുവെന്നും കനത്ത മഴയിലും ഇത്രയും ആളുകള്‍ വന്നതില്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റോഡ് മാര്‍ഗം വന്നപ്പോള്‍ ദേശീയ പതാകയേന്തിയ നിരവധിപ്പേരെ കണ്ടു. മണിപ്പൂരിനെ വികസന പാതയിൽ വേഗം എത്തിക്കും.
മണിപ്പൂരിന്‍റെ വൈവിധ്യവും സംസ്കാരവും ഏറെ അതിശയിപ്പിക്കുന്നതാണ്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് മണിപ്പൂരിലുണ്ടായിരുന്നു.
മണിപ്പൂരിന്‍റെ റോഡ്–റെയില്‍ വികസനത്തിന് കൂടുതല്‍ ബജറ്റ് വിഹിതം അനുവദിച്ചു. ദേശീയപാതാ വികസനത്തിനായി മൂവായിരം കോടിയിലേറെ രൂപ നല്‍കി. നേരത്തെ മണിപ്പൂരിന്‍റെ വിദൂര ഗ്രാമങ്ങളിലെത്താന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ പോലെ മണിപ്പൂരിലും വികസനം എത്തുകയാണ്. തൊഴിലില്ലായ്മയ്ക്കും പരിഹാരമുണ്ടാക്കാന്‍ ശ്രമിച്ചു. ചുരാചന്ദ്പൂര്‍ മണിപ്പൂരിന്‍റെ വികസനത്തിന്‍റെ പ്രതീകമാണ്. സര്‍ക്കാര്‍ പദ്ധതികള്‍ പ്രകാരം വീടുകള്‍, വൈദ്യുതി എന്നിവ അനുവദിച്ചെന്നും മോദി കൂട്ടിച്ചേർത്തു.
ക്യാമ്പുകളിലുള്ള ആളുകളെ താൻ കണ്ടുവെന്ന് പറഞ്ഞ മോദി സമാധാനം പുന:സ്ഥാപിക്കാൻ എല്ലാവരോടും അഭ്യർത്ഥിച്ചുവെന്നും വ്യക്തമാക്കി. ശാന്തിയുടെ പാതയിൽ എത്തി മക്കളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കണം. മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമാണ് സർക്കാർ.
അക്രമം മണിപ്പൂരിൻറെ ശോഭ കെടുത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ വിഷയങ്ങളിലും കേന്ദ്രം കൂടെ നിൽക്കുമെന്നും
മണിപ്പൂരിന് പ്രധാനമന്ത്രി ഉറപ്പ് നൽകി.
അതേസമയം, മോദിയുടെ മണിപ്പൂർ സന്ദർശനം വെറും പ്രഹസനമാണന്നായിരുന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വിമർശനം. മോദിയുടെ രാജധർമ്മം എവിടെയെന്നും അദ്ദേഹം ചോദിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലെ നിലവിളി കേൾക്കുന്നതിൽ നിന്നുള്ള ഭീരുത്വം നിറഞ്ഞ ഒളിച്ചോടലാണ് യാത്ര. 2022-ൽ തെരഞ്ഞെടുപ്പിനായാണ് മോദി ഒടുവിൽ മണിപ്പൂരിലെത്തിയത്. മണിപ്പൂർ കലാപത്തിന് ശേഷം 46 വിദേശ യാത്രകൾ നടത്തി. സ്വന്തം പൗരന്മാരോട് രണ്ട് വാക്കുകളാൽ സഹതാപം പ്രകടിപ്പിക്കാൻ മോദിക്ക് കഴിഞ്ഞില്ലെന്നും ഖർഗെ പ്രതികരിച്ചു.
'മണിപ്പൂരിൽ നിങ്ങളുടെ മൂന്ന് മണിക്കൂർ സന്ദർശനം സഹാനുഭൂതിയോടെ ഉള്ളതല്ല. അത് പ്രഹസനവും അവിടത്തെ ജനതയോടുള്ള കടുത്ത അപമാനവുമാണ്. ഇന്ന് ഇംഫാലിലും ചുരാചന്ദ്പൂരിലും നിങ്ങൾ നടത്തുന്ന റോഡ്ഷോ ദുരിതാശ്വാസ ക്യാമ്പുകളിലെ ആളുകളുടെ നിലവിളി കേൾക്കുന്നതിൽ നിന്നുള്ള ഒരു ഭീരുത്വം നിറഞ്ഞ രക്ഷപ്പെടലല്ലാതെ മറ്റൊന്നുമല്ല! 864 ദിവസത്തെ അക്രമം, 300 ജീവൻ നഷ്ടപ്പെട്ടു, 1,500ലധികം പേർക്ക് പരിക്കേറ്റു. അതിനുശേഷം നിങ്ങൾ 46 വിദേശ യാത്രകൾ നടത്തി. പക്ഷേ നിങ്ങളുടെ സ്വന്തം പൗരന്മാരോട് രണ്ട് വാക്ക് പങ്കിടാൻ ഒരു സന്ദർശനം പോലും നടത്തിയില്ല. മണിപ്പൂരിലേക്കുള്ള നിങ്ങളുടെ അവസാന സന്ദർശനം ജനുവരി 2022ലാണ്, തെരഞ്ഞെടുപ്പിനായി!', അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ക്രമസമാധാനം നിലനിർത്താൻ ഉത്തരവാദി ബിജെപിയാണ്. ദേശീയ സുരക്ഷയ്ക്കും അതിർത്തി പട്രോളിംഗിനും ഉത്തരവാദി നിങ്ങളുടെ സർക്കാരാണെന്ന് മറക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
2023 മെയ് മാസത്തിലാണ് മണിപ്പൂരിൽ സംഘർഷം ആരംഭിച്ചത്. ശേഷം ഇതുവരെ മോദി മണിപ്പൂർ സന്ദർശിക്കാതിരുന്നത് ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. പ്രധാനമന്ത്രി കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും ദുരന്തബാധിതരെ ആശ്വസിപ്പിക്കുകയും വേണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ പോലും പ്രധാനമന്ത്രി തയ്യാറായിരുന്നില്ല.
മണിപ്പൂരിൽ മെയ്‌തേയ്- കുക്കി വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഇതുവരെ 260-ലേറെ പേരാണ് കൊല്ലപ്പെട്ടത്. അറുപതിനായിരത്തിലേറേ പേർ ഇപ്പോഴും അഭയാർത്ഥി ക്യാംപുകളിലാണ് താമസിക്കുന്നത്. കലാപം നിയന്ത്രിക്കാനാകാതെ വന്നതോടെ ബിജെപി മുഖ്യമന്ത്രി ബിരേൻ സിംഗ് രാജിവെച്ചൊഴിഞ്ഞിരുന്നു. മണിപ്പൂരിൽ ഇപ്പോൾ രാഷ്ട്രപതി ഭരണമാണ്.
Content Highlights: PM Modi Meets Displaced People In Manipur's Churachandpur