
ന്യൂഡല്‍ഹി: ഹരിയാനയിലെ ഭൂമിയിടപാട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ വ്യവസായിയും സഹോദരി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്രയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. റോബര്‍ട്ട് വാദ്രയെ കഴിഞ്ഞ പത്തുവര്‍ഷമായി സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും അതിന്റെ തുടര്‍ച്ചയായാണ് പുതിയ കുറ്റപത്രമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഷ്ട്രീയപ്രേരിതമായ അപവാദവും ആക്രമണവും നേരിടുന്ന റോബര്‍ട്ടിനും പ്രിയങ്കയ്ക്കും മക്കള്‍ക്കുമൊപ്പമാണ് താനെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
'എന്റെ സഹോദരിയുടെ ഭര്‍ത്താവിനെ കഴിഞ്ഞ പത്തുവര്‍ഷമായി സര്‍ക്കാര്‍ വേട്ടയാടുകയാണ്. ആ വേട്ടയുടെ തുടര്‍ച്ചയാണ് പുതിയ കുറ്റപത്രം. റോബര്‍ട്ടും പ്രിയങ്കയും അവരുടെ കുട്ടികളും ദുരുദ്ദേശപരവും രാഷ്ട്രീയപ്രേരിതവുമായ അപവാദവും പീഡനവും നേരിടുമ്പോള്‍ ഞാന്‍ അവരോടൊപ്പം നില്‍ക്കുന്നു. അവര്‍ ഇത്തരം ആക്രമണങ്ങളെ നേരിടാന്‍ ശക്തരാണെന്നും അതവര്‍ അന്തസോടെ തുടരുമെന്നും എനിക്കറിയാം. ഒടുവില്‍ സത്യം വിജയിക്കുക തന്നെ ചെയ്യും'- രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്നലെയാണ് ഹരിയാനയിലെ ഷിക്കോപൂരിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ റോബര്‍ട്ട് വാദ്രയ്‌ക്കെതിരെ ഇ ഡി കുറ്റപത്രം സമര്‍പ്പിച്ചത്. ഇതാദ്യമായാണ് വാദ്രയ്‌ക്കെതിരെ ഒരു അന്വേഷണ ഏജന്‍സി ക്രിമിനല്‍ കേസില്‍ പരാതി ഫയല്‍ ചെയ്യുന്നത്. അഴിമതി, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റോബര്‍ട്ട് വാദ്രയെ കൂടാതെ ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ, റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫ്, ഒരു പ്രോപ്പര്‍ട്ടി ഡീലര്‍ എന്നിവര്‍ക്കെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
2008-ല്‍ വാദ്രയുടെ കമ്പനിയായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഹരിയാനയില്‍ 7.5 കോടി രൂപയ്ക്ക് 3 ഏക്കര്‍ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ്. ഭൂമി വാങ്ങിയതിനു പിന്നാലെ അദ്ദേഹത്തിന് ഹൗസിംഗ് സൊസൈറ്റി വികസിപ്പിക്കാനുളള അനുമതി ലഭിച്ചു. ഇതോടെ ഭൂമിയുടെ വില കുതിച്ചുയര്‍ന്നു. ഇതോടെ റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്പര്‍മാരായ ഡിഎല്‍എഫിന് 58 കോടി രൂപയ്ക്ക് വാദ്ര ഈ ഭൂമി വിറ്റു. ഈ സമയത്ത് കോണ്‍ഗ്രസായിരുന്നു സംസ്ഥാനത്ത് അധികാരത്തില്‍. ഭൂപീന്ദര്‍ ഹൂഡയായിരുന്നു മുഖ്യമന്ത്രി. കര്‍ഷകരില്‍ നിന്ന് ഭൂമി മോഷ്ടിച്ചാണ് കോണ്‍ഗ്രസ് വാദ്രയ്ക്ക് ഭൂമി നല്‍കിയതെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ റോബര്‍ട്ട് വാദ്രയ്ക്ക് ഒരു ഇഞ്ച് ഭൂമി പോലും കോണ്‍ഗ്രസ് നല്‍കിയിട്ടില്ലെന്ന് താന്‍ വെല്ലുവിളിക്കുകയാണെന്നും വാദ്രയ്ക്ക് ഭൂമി നല്‍കിയതായി ബിജെപി തെളിയിച്ചാല്‍ താന്‍ രാഷ്ട്രീയം വിടുമെന്നുമായിരുന്നു ഭൂപീന്ദര്‍ ഹൂഡ അന്ന് പറഞ്ഞത്.
Content Highlights: Rahul Gandhi extend support to robert vadra as ed files chargesheet in haryana land deal case