പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഭീകരർ ആഹ്ലാദപ്രകടനം നടത്തി;നാല് തവണ ആകാശത്തേക്ക് വെടിയുതിർത്തെന്ന് ദൃക്സാക്ഷി

പൗരന്മാരെ കൊലപ്പെടുത്തിയതിന് ശേഷം ബൈസാരണില്‍ നിന്ന് പോകുമ്പോള്‍ തോക്ക്ധാരികള്‍ ദൃക്‌സാക്ഷിയെ തടഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ട്

dot image

ജമ്മു: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഭീകരര്‍ ആഹ്ലാദപ്രകടനം നടത്തിയെന്ന മൊഴിയുമായി ദൃക്‌സാക്ഷി. ആകാശത്തേക്ക് നാല് തവണ വെടി വെച്ചാണ് ആഹ്ലാദ പ്രകടനം നടത്തിയതെന്നാണ് മൊഴി. പ്രധാന ദൃക്‌സാക്ഷി എന്‍ഐഎയ്ക്ക് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജമ്മു കശ്മീര്‍ പൊലീസിന്റെയും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെയും നേതൃത്വത്തിലാണ് പ്രധാന ദൃക്‌സാക്ഷിയെ കണ്ടെത്തിയത്.

'പൗരന്മാരെ കൊലപ്പെടുത്തിയതിന് ശേഷം ബൈസാരണില്‍ നിന്ന് പോകുമ്പോള്‍ തോക്ക്ധാരികള്‍ അദ്ദേഹത്തെ തടഞ്ഞു. കലിമ ചൊല്ലാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം പ്രാദേശിക ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ വെറുതെ വിട്ടു. പിന്നാലെ അവര്‍ നാല് തവണ ആകാശത്തേക്ക് വെടിയുതിര്‍ത്ത് ആഘോഷിച്ചു', എന്നd ദൃക്‌സാക്ഷി പറഞ്ഞതായാണ് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവസ്ഥലത്ത് നിന്ന് നാല് വെടിയുണ്ടകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പര്‍വൈസ്, ബാഷിര്‍ എന്നിവര്‍ ബൈസരണില്‍ ഉണ്ടായിരുന്നുവെന്നും ഇവര്‍ ഭീകരരുടെ സാധനങ്ങള്‍ സൂക്ഷിച്ചു എന്നും ദൃക്‌സാക്ഷിയുടെ മൊഴിയിലുണ്ട്.


'സംഭവം നടക്കുന്നതിന് ഒരു ദിവസം മുമ്പ് മൂന്ന് ഭീകരവാദികള്‍ തന്റെ വീട്ടില്‍ വന്നെന്നും ഭക്ഷണത്തിന് വേണ്ടി ആവശ്യപ്പെട്ടുവെന്നും പര്‍വൈസ് വാദിക്കുന്നുണ്ട്. അവര്‍ ആയുധധാരികളായിരുന്നു. പര്‍വൈസിന്റെ പങ്കാളി അവര്‍ക്ക് ഭക്ഷണം നല്‍കി. നാല് മണിക്കൂറോളം അവര്‍ അവിടെ ഇരിക്കുകയും ബൈസാരണിലെ സുരക്ഷാ സംവിധാനങ്ങളെയും വിനോദസഞ്ചാരികള്‍ ഒത്തുച്ചേരുന്ന സ്ഥലങ്ങളെക്കുറിച്ചും സമയത്തെക്കുറിച്ചും അന്വേഷിച്ചു', എന്‍ഐഎയുടെ സ്രോതസിനെ ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വീട്ടില്‍ നിന്നിറങ്ങുന്നതിന് മുമ്പ് ഭീകരവാദികള്‍ പര്‍വൈയിസിന്റെ പങ്കാളിയോട് കുറച്ച് സുഗന്ധവ്യഞ്ജനങ്ങളും അരിയും വാങ്ങിക്കുകയും 500ന്റെ അഞ്ച് നോട്ടുകള്‍ നല്‍കുകയും ചെയ്തു. പിന്നാലെയാണ് അവര്‍ ബാഷിറിനെ കാണുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മാസം ഏപ്രില്‍ 22നായിരുന്നു ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ നിരപരാധികളായ 26 പേര്‍ കൊല്ലപ്പെട്ടു. ഈ ആക്രമണത്തിന് തിരിച്ചടിയായി മെയ് ഏഴിന് പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലേയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നായിരുന്നു ഈ നടപടിക്ക് ഇന്ത്യ നല്‍കിയ പേര്.

ബഹവല്‍പൂര്‍, മുരിഡ്കെ അടക്കമുള്ള ഒന്‍പത് ഭീകരകേന്ദ്രങ്ങളിലാണ് മെയ് ഏഴ് അര്‍ധരാത്രി ഇന്ത്യ ആക്രമണം നടത്തിയത്. ബഹാവല്‍പൂരിലെ ജയ്‌ഷെ ആസ്ഥാനമായിരുന്നു ഇന്ത്യ തകര്‍ത്തത്. മുരിഡ്കയിലെ ലഷ്‌കര്‍ ആസ്ഥാനവും തകര്‍ത്തിരുന്നു. നൂറിലധികം ഭീകരരെയാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂരില്‍ വധിച്ചത്. ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു. യൂസഫ് അസര്‍, അബ്ദുള്‍ മാലിക് റൗഫ്, മുദാസീര്‍ അഹമ്മദ് തുടങ്ങിയ ഭീകരരും ഇന്ത്യയുടെ തിരിച്ചടിയില്‍ കൊല്ലപ്പെട്ടിരുന്നു. ഒടുവില്‍ ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ കരാറിലൂടെ ആക്രമണ-പ്രത്യാക്രമണങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു.

Content Highlights: Pahalgam Terror attack news prime witness says culprits fired in air after the killings to celebrate

dot image
To advertise here,contact us
dot image