
സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുക്കാനൊരുങ്ങി നടി അനുഷ്ക ഷെട്ടി. തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഇക്കാര്യം അനുഷ്ക എല്ലാവരെയും അറിയിച്ചത്. അടുത്തിടെ അനുഷ്‍ക കേന്ദ്ര കഥാപാത്രമായി 'ഘാട്ടി' എന്ന ചിത്രം പുറത്തുവന്നിരുന്നു. എന്നാൽ മോശം അഭിപ്രായങ്ങളായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ഇതാണോ സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കാൻ നടിയെ പ്രേരിപ്പിച്ചത് എന്നാണ് പലരും കമന്റുകളിലൂടെ ചോദിക്കുന്നത്.
'സോഷ്യൽ മീഡിയയിൽ നിന്ന് കുറച്ചുകാലത്തേക്ക് മാറിനിൽക്കുകയാണ്. സ്ക്രോളിംഗിനപ്പുറം നാമെല്ലാവരും തുടങ്ങിയ ഇടത്തേക്ക്, ആ ലോകത്തേക്ക് വീണ്ടും ബന്ധപ്പെടാൻ വേണ്ടിയാണിത്. കൂടുതൽ കഥകളും സ്നേഹവുമായി എല്ലാവരെയും ഉടൻ കാണാം. എപ്പോഴും സന്തോഷമായിരിക്കുക', എന്നാണ് അനുഷ്ക സോഷ്യൽ മീഡിയയിൽ കുറിച്ചത്. പോസ്റ്റിന് താഴെ നടിക്ക് പിന്തുണയുമായി ആരാധകർ എത്തിയിട്ടുണ്ട്. അനുഷ്‌ക ശക്തമായി തിരിച്ചുവരണമെന്നും, ഇനിയും സിനിമകൾ ചെയ്യണമെന്നുമാണ് കമന്റുകൾ. നിങ്ങൾ ഒരു നല്ല നടിയാണെന്നും മികച്ച സംവിധായകരെ തിരഞ്ഞെടുത്ത് നല്ല സിനിമകൾ ചെയ്യണമെന്നുമാണ് ആരാധകരുടെ ആവശ്യം.
അതേസമയം, ബോക്സ് ഓഫീസിൽ നിന്ന് 5.1 കോടി മാത്രമാണ് ഘാട്ടിക്ക് നേടാനായത്. സിനിമയുടെ തിരക്കഥയ്ക്കും സംവിധാനത്തിനും വലിയ വിമർശനങ്ങളാണ് ലഭിച്ചത്. ക്രിഷ് ജാഗർലാമുഡിയാണ് ചിത്രം സംവിധാനം ചെയ്തത്. 'വേദം' എന്ന ചിത്രത്തിന് ശേഷം അനുഷ്കയും കൃഷും ഒന്നിക്കുന്ന ഈ ചിത്രം യുവി ക്രിയേഷൻസിന്റെ ബാനറിൽ അനുഷ്ക അഭിനയിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ്. രണ്ട് വർഷത്തിന് ശേഷം തിയേറ്ററുകളിലെത്തുന്ന അനുഷ്ക ചിത്രം കൂടിയാണ് ഘാട്ടി. മിസ് ഷെട്ടി മിസിസ്സ് പോളി എന്ന സിനിമയാണ് അനുഷ്കയുടേതായി ഒടുവിൽ റിലീസ് ചെയ്തത്.
തെലുങ്കിലെ മുൻനിര നിർമ്മാണ കമ്പനികളായ യുവി ക്രിയേഷൻസും ഫസ്റ്റ് ഫ്രെയിം എന്റർടൈൻമെന്റും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. തമിഴ് നടൻ വിക്രം പ്രഭുവും ചിത്രത്തിൽ നിർണ്ണായക വേഷം അവതരിപ്പിക്കുന്നുണ്ട്. ദേസി രാജു എന്ന കഥാപാത്രത്തെയാണ് വിക്രം പ്രഭു ചിത്രത്തിൽ അവതരിപ്പിക്കുന്നത്. രമ്യ കൃഷ്ണൻ, ജഗപതി ബാബു, ജോൺ വിജയ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
Content Highlights: Anushka shetty taking break from social media