ക്രിമിനൽവൽക്കരിക്കപ്പെട്ട നേതൃത്വത്തിന് കീഴിൽ കോണ്‍ഗ്രസ്സ് കൊലയാളി പാര്‍ട്ടിയായി മാറി; കെ റഫീഖ്

പ്രിയങ്കാ ഗാന്ധി എം പി പ്രതികരിക്കണമെന്നും കെ റഫീഖ് ആവശ്യപ്പെട്ടു

ക്രിമിനൽവൽക്കരിക്കപ്പെട്ട നേതൃത്വത്തിന് കീഴിൽ കോണ്‍ഗ്രസ്സ് കൊലയാളി പാര്‍ട്ടിയായി മാറി; കെ റഫീഖ്
dot image

മാനന്തവാടി: കോണ്‍ഗ്രസ് വാര്‍ഡ് അംഗം ജോസ് നെല്ലേടത്തിന്റെ മരണത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ട നേതൃത്വത്തിന് കീഴില്‍ ജില്ലയിലെ കോണ്‍ഗ്രസ്സ് കൊലയാളി പാര്‍ട്ടിയായി മാറിയിരിക്കുന്നുവെന്ന് കെ റഫീഖ് കടന്നാക്രമിച്ചു. നേതാക്കളുടെ സാമ്പത്തിക-അധികാര താല്‍പ്പര്യത്തിന് വേണ്ടി സ്വന്തം അണികളെ മരണത്തിലേക്ക് തള്ളിവിടുന്നത് തുടര്‍ക്കഥയാവുന്നു എന്നത് അതീവ ഗൗരവതരമാണ്. പ്രിയങ്കാ ഗാന്ധി എംപി പ്രതികരിക്കണമെന്നും കെ റഫീഖ് ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് ഡിസിസി ട്രഷറര്‍ എന്‍എം വിജയനും മകനും ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയിട്ടുള്ള സാമ്പത്തിക ക്രമക്കേടിന്റെ ഇരയായിരുന്നു. പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നേതാക്കള്‍ നടത്തിയ സാമ്പത്തികതട്ടിപ്പിന്റെ ഇരയായിട്ട് രാജേന്ദ്രന്‍ നായര്‍ എന്ന കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്യേണ്ടിവന്നുവെന്നും റഫീഖ് ചൂണ്ടിക്കാട്ടി.

പുല്‍പ്പള്ളിയില്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചന്‍ അന്യായമായി ജയിലില്‍ കഴിയാനിടയായ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പൊലീസ് ചോദ്യം ചെയ്തുവിട്ടയച്ച കോണ്‍ഗ്രസിന്റെ വാര്‍ഡ് അംഗമായ ജോസ് നെല്ലേടത്തിനെയായിരുന്നു ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കൈഞരമ്പ് മുറിച്ചശേഷം പെരിക്കല്ലൂരിലെ കുളത്തില്‍ ചാടി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

തന്നെ കള്ളക്കേസില്‍ കുടുക്കിയതുമായി ബന്ധപ്പെട്ട് തങ്കച്ചന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആരോപണം ഉന്നയിച്ചവരില്‍ ജോസിന്റെ പേരും ഉണ്ടായിരുന്നു. ഇതില്‍ പൊലീസ് ചോദ്യം ചെയ്തുവിട്ടയച്ചതിന് പിന്നാലെ ജോസ് മാനസിക പിരിമുറുക്കത്തിലായിരുന്നു. കഴിഞ്ഞമാസം 22 ന് രാത്രിയാണ് തങ്കച്ചന്റെ വീട്ടിലെ കാര്‍പോര്‍ച്ചില്‍ നിന്നും കര്‍ണാടക മദ്യവും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്യുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെ ഭര്‍ത്താവ് നിരപരാധിയാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് തങ്കച്ചന്‍റെ ഭാര്യ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ലോക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ തങ്കച്ചന്‍ നിരപരാധിയാണെന്നും തെളിഞ്ഞിരുന്നു.

കോൺഗ്രസിലെ ഗ്രൂപ്പ് പോരാണ് തന്നെ കുടുക്കിയതെന്ന് തങ്കച്ചൻ പറഞ്ഞിരുന്നു. മുള്ളംകൊല്ലിയിൽ നടന്ന കോൺഗ്രസിന്റെ പഞ്ചായത്ത് വികസന സമിതി യോഗത്തിനിടെ നടന്ന ചില സംഭവങ്ങളാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. ഡിസിസി സെക്രട്ടറി വീട്ടിൽ കിടത്തിയുറക്കില്ലെന്ന് ഭീഷണിമുഴക്കിയിരുന്നുവെന്ന് തങ്കച്ചൻ ആരോപിച്ചിരുന്നു.

Content Highlights: K Rafeeq against Wayanad Congress Over Jose Nelledam

dot image
To advertise here,contact us
dot image