
പട്ന: കോൺഗ്രസ് പുറത്തിറക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്നിന്റെ എഐ വീഡിയോ വിവാദത്തിൽ. തന്നെ വോട്ടിന് വേണ്ടി ഉപയോഗിക്കരുതെന്ന് സ്വപ്നത്തിൽ മോദിയോട് അമ്മ അപേക്ഷിക്കുന്നതാണ് വീഡിയോ. ബിഹാർ കോൺഗ്രസ് ആണ് വീഡിയോ പുറത്തിറക്കിയത്. മോദിയുടെ അമ്മയെ വീണ്ടും കോൺഗ്രസ് അപമാനിക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം.
ബിഹാറിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന വോട്ടർ അധികാർ യാത്രയിൽ തനിക്കും അമ്മയ്ക്കും നേരെ അധിക്ഷേപകരമായ പരാമർശങ്ങളുണ്ടായെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിവാദം. സ്വപ്നത്തിൽ മരിച്ചുപോയ അമ്മയോട് സാമ്യമുള്ള എഐ കഥാപാത്രം മോദിയുടെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് രാഷ്ട്രീയത്തിൽ തന്റെ പേര് ഉപയോഗിച്ചതിന് അദ്ദേഹത്തെ കർശനമായി ശാസിക്കുന്നു. മോദിയോട് സാമ്യമുള്ള എ ഐ കഥാപാത്രം ഇത് കേട്ട് ഞെട്ടലോടെ ഉണരുന്നതോടെയാണ് രംഗം അവസാനിക്കുന്നത്.
"സാഹെബിന്റെ സ്വപ്നങ്ങളിൽ അമ്മ പ്രത്യക്ഷപ്പെടുന്നു. ഈ രസകരമായ സംഭാഷണം കാണുക" എന്ന അടിക്കുറിപ്പും വീഡിയോക്ക് നൽകിയിരിക്കുന്നു. വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. പ്രതിപക്ഷം വിലകുറഞ്ഞ തന്ത്രങ്ങൾ അവലംബിക്കുകയാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.
INC state unit social media handles competing with each other on who can stoop the lowest and impress their Prince the most. https://t.co/59sFYKZRg7
— Satish Viswanathan (@satishv1987) September 11, 2025
രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരം ആസൂത്രണം ചെയ്ത വീഡിയോയാണിതെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. "രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരം, പ്രധാനമന്ത്രി മോദിയുടെ പരേതയായ അമ്മയെ കോൺഗ്രസ് പരിഹസിച്ചു. ഒരു പാർട്ടി ഇത്രയും തരംതാഴ്ന്നത് കാണുന്നത് വേദനാജനകമാണ്. കോൺഗ്രസ് സ്ത്രീവിരുദ്ധമാണ്," അദ്ദേഹം എക്സിലൂടെ പറഞ്ഞു.
Content Highlights: Congress hauls in PM Modi's mother in 'vote chori' AI video