
നടി സരോജ ദേവി അന്തരിച്ചു. 87 വയസായിരുന്നു. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 200-ലധികം സിനിമകളിൽ സരോജ ദേവി അഭിനയിച്ചിട്ടുണ്ട്. "അഭിനയ സരസ്വതി", "കന്നഡത്തു പൈങ്കിളി" തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന അവർ ദക്ഷിണേന്ത്യൻ സിനിമയിലെ മികച്ച നടിമാരിൽ ഒരാളാണ്.
1955-ൽ പതിനേഴാം വയസ്സിൽ കന്നഡ ക്ലാസിക് ചിത്രമായ മഹാകവി കാളിദാസിലൂടെയാണ് സരോജാ ദേവി അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. 1958-ൽ എം ജി രാമചന്ദ്രനൊപ്പം അഭിനയിച്ച നാടോടി മന്നൻ എന്ന ചിത്രത്തിലൂടെയാണ് അവർ താരപദവിയിലേക്ക് ഉയരുന്നത്. 1969-ൽ പത്മശ്രീയും 1992-ൽ പത്മഭൂഷണും നൽകി രാജ്യം അവരെ ആദരിച്ചു. കൂടാതെ കലൈമാമണി അവാർഡും ബാംഗ്ലൂർ സർവകലാശാലയിൽ നിന്ന് ഓണററി ഡോക്ടറേറ്റും സരോജ ദേവിക്ക് ലഭിച്ചിട്ടുണ്ട്.
1960-കളിൽ സരോജ ദേവി ധരിച്ചിരുന്ന സാരികൾ, ആഭരണങ്ങൾ, ഹെയർസ്റ്റൈലുകൾ എന്നിവ ഐക്കണിക് ആയി മാറിയതോടെ അത് വലിയ ഫാഷൻ ട്രെൻഡുകൾക്കായിരുന്നു വഴിയൊരുക്കിയത്. എംജിആർ- സരോജാ ദേവി കോമ്പോ ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ഓൺസ്‌ക്രീൻ ജോഡികളിൽ ഒന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇരുവരും ഒന്നിച്ച് തായ് സൊല്ലൈ തത്താതെ, തായായി കഥ തനയൻ, കുടുംബ തലൈവൻ, ധർമ്മം തലൈകക്കും, നീതി പിൻ പാസം എന്നിവയുൾപ്പെടെ തുടർച്ചയായി 26 ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിൽ അഭിനയിച്ചു. സൂര്യ ചിത്രമായ ആദവനിൽ സരോജ ദേവി ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിച്ചിരുന്നു.
Content Highlights: Actress B saroja devi passes away