
ലക്‌നൗ: ഉത്തർപ്രദേശിൽ മന്ത്രവാദത്തിനിടെ ശുചിമുറിയിലെ വെള്ളം കുടിപ്പിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തതിനെ തുടർന്ന് യുവതിക്ക് ദാരുണാന്ത്യം. അസംഗഡ് ജില്ലയിലെ പഹൽവാൻപുർ പ്രദേശത്ത് താമസിച്ചിരുന്ന അനുരാധ എന്ന 35 വയസുകാരിയാണ് മരിച്ചത്. സംഭവത്തിൽ മന്ത്രവാദിയായ ചന്തു എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ജൂലൈ ആറിന് വൈകുന്നേരമായിരുന്നു സംഭവം. വിവാഹം കഴിഞ്ഞിട്ടും 10 വർഷമായി അനുരാധയ്ക്ക് കുട്ടികളില്ലായിരുന്നു. ഇതിന് പരിഹാരം തേടാൻ പ്രദേശത്തുള്ള മന്ത്രവാദിയായ ചന്ദ്രുവിനെ കാണാനെത്തി. അനുരാധയുടെ ശരീരത്തിൽ ദുഷ്ടാത്മാവുണ്ട് എന്നും അതിനെ നീക്കം ചെയ്‌താൽ അനുരാധ ഗർഭിണിയാകുമെന്നുമായിരുന്നു ചന്ദു പറഞ്ഞത്. ഇതനുസരിച്ച് മന്ത്രവാദം തുടരുന്നതിനിടെ ചന്ദുവും അനുയായികളും അനുരാധയുടെ മുടി പിടിച്ച് വലിക്കുകയും, കഴുത്തിൽ ബലമായി ഞെക്കിപ്പിടിക്കുകയും ചെയ്തു. ശേഷം ശുചിമുറിയിലെ വെള്ളം ബലമായി കുടിപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി. സ്ഥലത്തുണ്ടായിരുന്ന അനുരാധയുടെ അമ്മ ഇത് തടയാൻ ശ്രമിച്ചെങ്കിലും സംഘം പിന്മാറിയില്ല.
തുടർന്ന് അനുരാധയുടെ ആരോഗ്യനില മോശമായി. ചന്ദുവും അനുയായികളും ഉടൻതന്നെ അനുരാധയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തുടർന്ന് സംഘം ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞിരുന്നു.
ഒരു ലക്ഷം രൂപയാണ് ചന്ദു മന്ത്രവാദത്തിനായി വാങ്ങിയത് എന്നാണ് അനുരാധയുടെ കുടുംബം പറയുന്നത്. 22000 രൂപ മുൻകൂറായി നൽകിയെന്നും കുടുംബം പറയുന്നു. അനുരാധയുടെ പിതാവിന്റെ പരാതിയിലാണ് നിലവിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ ചന്ദുവും സംഘവും പൊലീസിൽ കീഴടങ്ങി. സംഭവം നടക്കുമ്പോൾ ചന്ദുവും ഭാര്യയും രണ്ട് അനുയായികളുമാണ് സ്ഥലത്തുണ്ടായിരുന്നത്. കൂടുതൽ അന്വേഷണം നടക്കുകയാണ് എന്നും പൊലീസ് അറിയിച്ചു.
Content Highlights: Women died during tantrik rituals in uttarpradesh