
ഇസ്‌ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യക്കെതിരെ നടന്ന സൈനിക നടപടിക്ക് ചൈനയുടെ പിന്തുണ ഉണ്ടായിട്ടില്ലെന്ന് പാക് സൈനിക മേധാവി അസിം മുനീർ. ഇന്ത്യയുടെ വാദം പൂർണമായും തെറ്റാണെന്നും പാകിസ്താന്റെ സൈനിക സ്വയംപര്യാപ്തതയെ ചോദ്യം ചെയ്യാനുള്ള ശ്രമമാണെന്നും അസിം മുനീർ കുറ്റപ്പെടുത്തി. ഇന്ത്യയുടേത് രാഷ്ട്രീയം കളിക്കാനുള്ള ശ്രമമാണെന്നും അസിം മുനീർ വിമർശിച്ചു.
ഇസ്‌ലാമാബാദിലെ നാഷണൽ ഡിഫൻസ് യൂണിവേഴ്സിറ്റിയിൽ സംസാരിക്കുമ്പോഴായിരുന്നു അസിം മുനീറിൻ്റെ അവകാശവാദം. 'പാകിസ്താന്റെ ഓപ്പറേഷൻ ബുന്യാൻ അൽ മർസൂസിനെതിരായ ചില പ്രചാരണങ്ങൾ പൂർണമായും തെറ്റാണ്. വർഷങ്ങളുടെ ശ്രമഫലമായി പാകിസ്താൻ കൈവശപ്പെടുത്തിയ സൈനിക സ്വയംപര്യാപ്തതയെ തള്ളിക്കളയാനുളള ശ്രമമാണിത്. രണ്ട് രാജ്യങ്ങൾ തമ്മിൽ നടന്ന സൈനിക നടപടിയിൽ മറ്റ് രാജ്യങ്ങളെ ഉൾപ്പെടുത്തുന്നത് രാഷ്ട്രീയം കളിക്കാനുള്ള ശ്രമമാണ്'; എന്നായിരുന്നു അസിം മുനീറിൻ്റെ പ്രതികരണം.
പാകിസ്താൻ എക്കാലത്തും കൈകൊണ്ടിട്ടുള്ളത് സമാധാനത്തിലും ബഹുമാനത്തിലും ഊന്നിയ നയതന്ത്രബന്ധമാണ് എന്നും അസിം മുനീർ കൂട്ടിച്ചേർത്തു. തങ്ങളുടെ ജനങ്ങളെ, മിലിട്ടറി ബേസുകളെ, പോർട്ടുകളെയെല്ലാം ആക്രമിച്ചാൽ മറുപടി നൽകുമെന്നും അസിം മുനീർ പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാകിസ്താന് ചൈനയുടെയും തുർക്കിയുടെയും സഹായം ലഭിച്ചിരുന്നുവെന്ന് നേരത്തെ ഇന്ത്യൻ സൈന്യത്തിന്റെ ഡെപ്യൂട്ടി ചീഫ് ലെഫ്റ്റനന്റ് ജനറൽ രാഹുൽ സിങ് വെളിപ്പെടുത്തിയിരുന്നു. ചൈന തങ്ങളുടെ നിരവധി ആയുധങ്ങൾ പാക്കിസ്താന് നൽകി പരീക്ഷിച്ചിരുന്നുവെന്നാണ് രാഹുൽ സിങ് വെളിപ്പെടുത്തിയത്. തുർക്കിയും പാകിസ്താന് വേണ്ട സൈനിക സഹായങ്ങൾ നൽകിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായിട്ടാണ് പാകിസ്താനെതിരെ ഇന്ത്യ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. പാകിസ്താനിലേയും പാക് അധിനിവേശ കശ്മീരിലേയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചിരുന്നു.
ബഹവൽപൂർ, മുരിഡ്‌കെ അടക്കമുള്ള ഒമ്പത് ഭീകരകേന്ദ്രങ്ങളിലാണ് മെയ് ഏഴ് അർധരാത്രി ഇന്ത്യ ആക്രമണം നടത്തിയത്. ബഹാവൽപൂരിലെ ജയ്ഷെ ആസ്ഥാനമായിരുന്നു ഇന്ത്യ തകർത്തത്. മുരിഡ്കയിലെ ലഷ്കർ ആസ്ഥാനവും തകർത്തിരുന്നു.നൂറിലധികം ഭീകരേറെയാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂരിൽ വധിച്ചത്. ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയിലെ ജനവാസ കേന്ദ്രങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ച് പാകിസ്താൻ ഡ്രോൺ, മിസൈൽ, ഷെൽ ആക്രമണങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ പാകിസ്താൻ്റെ ആക്രമണങ്ങൾ തകർക്കുകയായിരുന്നു. ഒടുവിൽ നാല് ദിവസങ്ങൾക്ക് ശേഷം ഇരു രാജ്യങ്ങളും വെടിനിർത്തലിന് സമ്മതിക്കുകയായിരുന്നു. താനാണ് വെടിനിർത്തലിന് മുൻകൈ എടുത്തത് എന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദവും വലിയ വിവാദമായിരുന്നു.
Content Highlights: Asim Munir dismisses claims of china support during operation sindoor