
മുംബൈ: മഹാരാഷ്ട്രയിലെ റെയ്ഗാഡ് ജില്ലയിലെ തീരദേശമേഖലയില്‍ സുരക്ഷ ശക്തമാക്കി പൊലീസ്. രേവ്ദണ്ടാ തീരത്ത് സംശയകരമായ നിലയില്‍ ഒരു ബോട്ട് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. രേവ്ദണ്ടായിലെ കോര്‍ലായി തീരത്ത് നിന്നും രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെയാണ് ഈ ബോട്ട് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
പാകിസ്ഥാന്‍ അടയാളങ്ങളുണ്ടെന്ന് സംശയിക്കുന്ന ബോട്ട് ഉപേക്ഷിച്ച് അതിലുണ്ടായിരുന്നവർ പോയതായി സംശയിക്കുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബോട്ട് തീരത്തേക്ക് അടുക്കുന്ന നിലയാണ് നിലവിലുള്ളതെന്നും റിപ്പോർട്ടുണ്ട്. മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് റെയ്ഗാഡ് പൊലീസ്, ബോംബ് സ്‌ക്വാഡ്, ക്വിക്ക് റെസ്‌പോണ്‍സ് ടീം, നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
രാത്രിയില്‍ തന്നെ പരിശോധനകള്‍ ആരംഭിച്ചെങ്കിലും ബോട്ടില്‍ നിന്നും അപകട സൂചനയൊന്നും ലഭിച്ചില്ല. രാത്രിയില്‍ തന്നെ നിരവധിയിടങ്ങളില്‍ പരിശോധാനയ്ക്കായി സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. സംഭവസ്ഥലത്ത് സൂക്ഷ നിരീക്ഷണവുമായി റെയ്ഗാഡ് എസ് പി അഞ്ചാല്‍ ദലാല്‍, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ നിലയുറപ്പിച്ചുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കനത്ത മഴയെയും കാറ്റിനെയും തുടര്‍ന്ന് ബോട്ടിനടുത്തേക്ക് എത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നാണ് റിപ്പോർട്ട്. എസ് പി ദലാല്‍, ബാർജ് ഉപയോഗിച്ച് ബോട്ടിനടുത്തേക്ക് എത്താന്‍ ശ്രമിച്ചെങ്കിലും കാലവസ്ഥ പ്രതികൂലമായതിനാല്‍ തിരികെ മടങ്ങേണ്ടി വന്നു. പ്രദേശത്ത് വലിയ രീതിയിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
Content Highlights: Suspicious Boat, likely from Pak spotted off Maharashtra Coast