

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിൽനിന്നും കെ ടി ജലീൽ മത്സരിക്കില്ല. പകരം എൽഡിഎഫ് സ്ഥാനാർത്ഥിയായി എസ്എഫ്ഐയുടെ ദേശീയ പ്രസിഡന്റായ വി പി സാനു മത്സരിക്കും. തവനൂരിൽ വി പി സാനു മത്സരിച്ചാൽ മതിയെന്നാണ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിലെ തീരുമാനം. തവനൂരിലും പൊന്നാനിയിലും കെ ടി ജലീലിനെ പരിഗണിച്ചില്ലെന്നാണ് വിവരം.
പൊന്നാനിയിൽ സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം സ്വരാജിന്റെ പേര് പരിഗണനയിലുണ്ട്. ജലീൽ മത്സരിക്കാൻ സാധ്യയുണ്ടായിരുന്ന രണ്ട് മണ്ഡലങ്ങളാണ് തവനൂരും പൊന്നാനിയും. തവനൂരിൽ യുഡിഎഫിൽ പി ടി അജയ്‌മോഹന്റയും എ എം രോഹിത്തിന്റെയും പേരുകൾ മാത്രമാണ് നിലവിൽ ഉയർന്നിട്ടുള്ളത്. അതേസമയം യുഡിഎഫ് ശക്തി കേന്ദ്രങ്ങളിൽ സ്വതന്ത്രരെ മത്സരിപ്പിക്കാൻ ആണ് എൽഡിഎഫ് നീക്കം.
തവനൂർ മണ്ഡലം നിലവിൽ വന്ന 2011ന് ശേഷം ഇതുവരെ നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും ജലീലാണ് ഇവിടെ നിന്ന് മത്സരിച്ച് വിജയിച്ചത്. രണ്ട് തവണയെന്ന വ്യവസ്ഥ 2021ൽ സിപിഐഎം നടപ്പിലാക്കിയപ്പോഴും ജലീലിന് ഇളവ് നൽകിയിരുന്നു. നേരത്തെ ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ജലീൽ വ്യക്തമാക്കിയിരുന്നെങ്കിലും സന്നിഗ്ധ ഘട്ടത്തിൽ പാർട്ടി പറഞ്ഞാൽ അപ്പോൾ ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
Content Highlights: KT Jaleel will not contest from the Tavanur constituency in the upcoming assembly elections, VP Sanu likely to be considered as a candidate