
ന്യൂഡല്‍ഹി: 250 ലേറെ പേരുടെ ജീവനെടുത്ത അഹമ്മദാബാദ് വിമാനദുരന്തത്തിന് പിന്നാലെ സഹപ്രവര്‍ത്തകര്‍ക്ക് കത്തെഴുതി ടാറ്റാ ഗ്രൂപ്പ് ചെയര്മാന് എന്‍ ചന്ദ്രശേഖരന്. 'ടാറ്റാ ഗ്രൂപ്പിന്റെ ചരിത്രത്തിലെ ഇരുണ്ട ദിനം' എന്നാണ് ജീവനക്കാര്‍ക്കെഴുതിയ കത്തില്‍ ദുരന്തത്തെക്കുറിച്ച് ചെയര്മാന് സൂചിപ്പിക്കുന്നത്. വാക്കുകള്‍ ആശ്വാസമാകില്ല, പക്ഷെ തന്റെ ചിന്തകള്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ഒപ്പമാണെന്നും എന്‍ ചന്ദ്രശേഖരന് പറയുന്നു.
'വളരെ ബുദ്ധിമുട്ടുള്ള നിമിഷമാണ്. വിശദീകരിക്കാന്‍ സാധിക്കാത്തതാണ് ഇന്നലെ സംഭവിച്ചത്. അതിന്റെ ഞെട്ടലിലും ദുഃഖത്തിലുമാണ് ഞമ്മള്. നമുക്ക് അറിയുന്ന ഒരാളെ നഷ്ടപ്പെടുന്നത് വലിയ ദുരന്തമാണ്, ഒരേസമയം ഇത്രയും മരണങ്ങള് നികത്താനാകാത്തതാണ്. ടാറ്റാ ഗ്രൂപ്പിന്റെ ചരിത്രത്തിലെ ഇരുണ്ട ദിനമാണിത്. വാക്കുകള്‍ ആശ്വാസമാകില്ല, പക്ഷെ എന്റെ ചിന്തകള്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ഒപ്പമാണ്. അവര്‍ക്കൊപ്പം നമ്മളുണ്ടാകും.
നിങ്ങളെപ്പോലെ തന്നെ, എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്കും അറിയണം. കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയിലേയും യുകെയിലേയും യുഎസിലേയും അന്വേഷണ സംഘങ്ങള്‍ വിമാന ദുരന്തത്തില്‍ അന്വേഷണം നടത്തുന്നതിനായി അഹമ്മദാബാദിലേക്ക് എത്തിയിട്ടുണ്ട്. ഞങ്ങളുടെ എല്ലാ സഹകരണവും ഉണ്ടാവും. കണ്ടെത്തലുകളില്‍ സുതാര്യത പുലര്‍ത്തും. കുടുംബങ്ങളോടും സ്നേഹിതരോടും പൈലറ്റുമാരോടും ജീവനക്കാരോടും നിങ്ങളോടും ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. ഇന്നലെ സംഭവിച്ച കാര്യങ്ങള്‍ തുറന്നുകാട്ടുന്നതുള്പ്പെടെ ടാറ്റാഗ്രൂപ്പ് ഉത്തരവാദിത്വം ഗൗരവമായി കാണുന്നു.
നമുക്ക് ചുറ്റും ധാരാളം ഊഹാപോഹങ്ങളുണ്ട്. അവയില്‍ ചിലത് ശരിയായിരിക്കാം, ചിലത് തെറ്റായിരിക്കാം. ക്ഷമയോടെ കാത്തിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വലിയൊരു ജീവഹാനിക്കാണ് ഇന്നലെ നമ്മള് സാക്ഷ്യം വഹിച്ചത്.
അന്വേഷണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ പരിശീലനം ലഭിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ നമ്മളെ സഹായിക്കും. വസ്തുതകള്‍ പരിശോധിച്ചു കഴിഞ്ഞാല്‍ ദുരന്തം എങ്ങനെ ഉണ്ടായി എന്നതിനെക്കുറിച്ച് നിങ്ങളെ അറിയിക്കുന്നതില്‍ സുതാര്യത പുലര്‍ത്തും. എയര്‍ ഇന്ത്യ ഏറ്റെടുത്തപ്പോള്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയെന്നതായിരുന്നു ഞങ്ങളുടെ പ്രഥമ പരിഗണന. അതില്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ല.
ദുരന്തത്തില്‍ കനത്ത നഷ്ടം ഉണ്ടായവര്‍ക്കൊപ്പം ഉണ്ടാകും എന്നാണ് ഞങ്ങള്‍ക്ക് ഈ ഘട്ടത്തില്‍ ഉറപ്പ് നല്കാനാകൂക. ഒറ്റക്കെട്ടായി നിന്ന് അവരെ സഹായിക്കാനുള്ള വഴികള്‍ കണ്ടെത്തും. വിശ്വാസത്തിലും കരുത്തിലുമാണ് ഞങ്ങള്‍ ഈ ഗ്രൂപ്പ് കെട്ടിപ്പടുത്തത്. ഇത് ഒരു ദുഷ്കരമായ നിമിഷമാണ്. ഞങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നും, ശരിയായത് ചെയ്യുന്നതില്‍ നിന്നും പിന്മാറുകയില്ല. ഈ നഷ്ടം ഞങ്ങള്‍ വഹിക്കും. മറക്കില്ല', എന്നാണ് കത്തിന്റെ ഉള്ളടക്കം.
Content Highlights: Darkest day in Tata groups history Chairman Letter to employees