'വിമാനാപകടം ഹൃദയഭേദകം, യാത്രക്കാരുടെ കുടുംബങ്ങളുടെ വേദന സങ്കല്‍പ്പിക്കാനാവുന്നില്ല' രാഹുൽ ഗാന്ധി

അപകടം ഹൃദയഭേദകമാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദുരന്തമുഖത്ത് സഹായിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നും അദ്ദേഹം അറിയിച്ചു

dot image

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ ബോയിങ് ഡ്രീം ലൈനര്‍ യാത്രാവിമാനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ അനുശോചനം അറിയിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധി എംപിയും. അപകടം ഹൃദയഭേദകമാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദുരന്തമുഖത്ത് സഹായിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്.

'അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടം ഹൃദയഭേദകമാണ്. യാത്രക്കാരുടെയും ജീവനക്കാരുടെയും കുടുംബങ്ങള്‍ അനുഭവിക്കുന്ന വേദനയും ഉത്കണ്ഠയും സങ്കല്‍പ്പിക്കാനാവാത്തതാണ്. ഈ ദുഷ്‌കരമായ നിമിഷത്തില്‍ എന്റെ ചിന്തകള്‍ അവരില്‍ ഓരോരുത്തരോടൊപ്പമുണ്ട്. ഭരണകൂടത്തിന്റെ അടിയന്തര രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നിര്‍ണായകമാണ്. ഓരോ ജീവനും പ്രധാനമാണ്, ഓരോ നിമിഷവും പ്രധാനമാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദുരന്തമുഖത്ത് സഹായിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യണം ' രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

രാഹുലിന് പിന്നാലെ അപകടത്തില്‍ അനുശോചനം അറിയിച്ച് പ്രിയങ്ക ഗാന്ധി എംപിയും രംഗത്തെത്തി.
'എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരുടെയും ജീവനക്കാരുടെയും കുടുംബങ്ങള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ ദുഃഖം അറിയിക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ ഈ ഭയാനകമായ അപകടത്തില്‍ നിന്ന് രക്ഷപ്പെടുമെന്ന് രാജ്യം മുഴുവന്‍ പ്രതീക്ഷിക്കുന്നു. ദൈവം നിങ്ങളോടൊപ്പമുണ്ടാകട്ടെ' പ്രിയങ്കാ ഗാന്ധി എക്‌സില്‍ കുറിച്ചു.

അതേ സമയം, ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ സംഭവത്തില്‍ ഔദ്യോഗിക വിശദീകരണവുമായി എയര്‍ ഇന്ത്യ ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ രംഗത്തെത്തിയിരുന്നു. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുളള എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ടെന്ന് അഗാധമായ ദുഖത്തോടെ സ്ഥിരീകരിക്കുകയാണെന്നും ദാരുണമായ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ദുരന്തത്തില്‍പ്പെട്ട ആളുകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ട പിന്തുണ നല്‍കുന്നതിലാണ് ഇപ്പോള്‍ തങ്ങളുടെ ശ്രദ്ധയെന്നും കൂടുതല്‍ വിവരങ്ങള്‍ സ്ഥിരീകരിക്കുന്ന മുറയ്ക്ക് പങ്കുവയ്ക്കുമെന്നും ചന്ദ്രശേഖരന്‍ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്നവരുടെ കുടുംബങ്ങള്‍ക്ക് ബന്ധപ്പെടാനായി ഒരു അടിയന്തര സഹായ കേന്ദ്രം തുറന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഹമ്മദാബാദിലെ മേഘാനിനഗറിന് സമീപമാണ് പറന്നുയർന്ന് അൽപ്പസമയത്തിനകം വിമാനം തകർന്നുവീണത്. ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീം ലൈനര്‍ വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരും ഉണ്ടായിരുന്നതായാണ് വിവരം. 169 ഇന്ത്യൻ യാത്രികർക്ക് പുറമെ 52 ബ്രിട്ടീഷ് പൗരന്മാരും 7 പോർച്ചുഗീസ് പൗരന്മാരും 1 കനേഡിയൻ പൗരനും വിമാനത്തിൽ ഉണ്ടായിരുന്നു.

Content Highlights- 'The plane crash is heartbreaking, I can't imagine the pain of the families of the passengers' Rahul Gandhi

dot image
To advertise here,contact us
dot image