14.1 ഓവറിൽ ജയിച്ചാൽ സെമിപ്രവേശനം! ചാടികടന്ന് ഇന്ത്യ ലെജൻഡ്‌സ്; ബിന്നി-പത്താൻ വെടിക്കെട്ട്

ഒരു ഘട്ടത്തിൽ 52ന് നാല് എന്ന നിലയിൽ ഇന്ത്യ പരുങ്ങുമ്പോഴായിരുന്നു യുവരാജിനെ കൂട്ടുപിടിച്ച് ബിന്നിയുടെ വെടിക്കെട്ട് ബാറ്റിങ്

dot image

ലെജൻഡ്‌സ് ലോക ചാമ്പ്യൻഷ് ലീഗിൽ സെമിഫൈനലിലേക്ക് പ്രവേശിച്ച് ഇന്ത്യൻ ലെജൻഡ്‌സ്. വെസ്റ്റിൻഡീസിനെതിരെ ജയിച്ചാണ് ഇന്ത്യയുടെ തകർപ്പൻ സെമി പ്രവേശനം. അവസാന മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 145 റൺസ് 14.1 ഓവറിൽ പിന്തുടർന്നാൽ മാത്രമേ ഇന്ത്യക്ക് സെമി കടമ്പ സാധ്യമായുണ്ടായിരുന്നുള്ളൂ. ഇന്ത്യ 13.2 ഓവറിൽ തന്നെ ലക്ഷ്യം മറികടന്നു.

സ്റ്റുവർട്ട് ബിന്നിയുടെ വെടിക്കെട്ട് അർധസെഞ്ച്വറിയും ക്യാപ്റ്റൻ യുവരാജ് സിങ്, യൂസുഫ് പത്താൻ എന്നിവരുടെ ഗംഭീര ഫിനിഷിങ്ങുമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ബിന്നി 21 പന്തിൽ നിന്നും നാല് സിക്‌സറും മൂന്ന് ഫോറുമടക്കം 50 റൺസ് നേടിയപ്പോൾ യുവരാജ് സിങ് 11 പന്തിൽ നിന്നും രണ്ട് ഫോറും ഒരു സിക്‌സറുമടിച്ച് 21 റൺസ് സ്വന്തമാക്കി. അവസാനം വെടിക്കെട്ടുമായെത്തിയ പത്താൻ വെറും ഏഴ് പന്തിൽ നിന്നും രണ്ട് സിക്‌സറും ഒരു ഫോറും നേടുക്കൊണ്ട് 21 റൺസ് അടിച്ചു. ഓപ്പണിങ്ങിൽ ശിഖർ ധവാൻ 25 സ്വന്തമാക്കിയിരുന്നു.

ഒരു ഘട്ടത്തിൽ 52ന് നാല് എന്ന നിലയിൽ ഇന്ത്യ പരുങ്ങുമ്പോഴായിരുന്നു ബിന്നിയുടെ വരവ്. വിൻഡീസ് ബൗളർമാരെ കണക്കിന് പ്രഹരിച്ച ബിന്നിയും യുവിയും അഞ്ചാം വിക്കറ്റിൽ 66 റൺസ് കൂട്ടിച്ചേർത്തു. യുവി മടങ്ങിയെങ്കിലും പത്താനുമൊത്ത് ബിന്നി ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. വിൻഡീസിനായി ഡെയ്ൻ സ്മിത്ത് ഡെയ്വിൻ ബ്രാവോ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ഷെൽഡൺ കോട്രൽ ഒരു വിക്കറ്റ് നേടി.

നേരത്തെ വിൻഡീസിനായി 74 റൺസ് നേടിയ കൈറോൺ പൊള്ളാർഡാണ് ടീമനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. ഒരു ഘട്ടത്തിൽ വിൻഡീസ് 43ന് അഞ്ച് എന്ന നിലയിലെത്തിയതിന് ശേഷമാണ് പൊള്ളാർഡിന്റെ രക്ഷാപ്രവർത്തനം. മൂന്ന് ഫോറും എട്ട് സിക്‌സറുമടിച്ചാണ് താരത്തിന്റെ ഇന്നിങ്‌സ്. ഡെയ്ൻ സ്മിത്ത് 20 റൺസ് സ്വന്തമാക്കിയപ്പോൾ മറ്റാർക്കും രണ്ടക്കം കടക്കാൻ സാധിച്ചില്ല.

ഇന്ത്യക്ക് വേണ്ടി പീയുഷ് ചൗള മൂന്നു സ്റ്റുവർട്ട് ബിന്നി വരുൺ ആരോൺ എന്നിവർ രണ്ട് വിക്കറ്റുകളും നേടി. പവൻ നെഗി ഒരു വിക്കറ്റ് സ്വന്തമാക്കി. നാലാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ സെമിപ്രവേശനം. ടേബിളിൽ ഒന്നാമതുള്ള പാകിസ്താനായിരിക്കും സെമിയിൽ ഇന്ത്യയുടെ എതിരാളി. ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയ എന്നിവരാണ് സെമിയിൽ പ്രവേശിച്ച് മറ്റ് രണ്ട് ടീമുകൾ.

Content Highlights- India Champions enters into Semi after beating West Indies Champions in WCl 2025

dot image
To advertise here,contact us
dot image