'ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ പലസ്‌തീനെ സ്വതന്ത്ര രാഷ്ട്രമായി അം​ഗീകരിക്കും'; ഇസ്രയേലിനോട് ബ്രിട്ടൻ

വെടിനിർത്തലിന് വേണ്ടി യുഎസ്, ഈജിപ്‌ത്‌, ഖത്തർ എന്നീ രാജ്യങ്ങൾ നടത്തുന്ന ശ്രമങ്ങളെ തങ്ങൾ പിന്തുണയ്ക്കുന്നതായും സ്റ്റാർമർ പറഞ്ഞു

dot image

ലണ്ടൻ: ഇസ്രയേൽ ഗാസയിലെ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ പലസ്‌തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന മുന്നറിയിപ്പുമായി ബ്രിട്ടൻ. ​ഗാസയിലെ മനുഷ്യജീവിതം മെച്ചപ്പെടുത്താനും പ്രതിസന്ധി പരിഹരിക്കാനും സഹായം നൽകുന്നതിനായി ഐക്യരാഷ്ട്ര സഭ അടക്കമുള്ളവരെ അനുവദിക്കണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഇസ്രയേലിനോട് ആവശ്യപ്പെട്ടു.

വെടിനിർത്തലിന് വേണ്ടി യുഎസ്, ഈജിപ്‌ത്‌, ഖത്തർ എന്നീ രാജ്യങ്ങൾ നടത്തുന്ന ശ്രമങ്ങളെ തങ്ങൾ പിന്തുണയ്ക്കുന്നതായും സ്റ്റാർമർ പറഞ്ഞു. വെസ്റ്റ്ബാങ്കിൽ അധിനിവേശമുണ്ടാകില്ലെന്ന് ഉറപ്പാക്കണമെന്നും ഹമാസ് ഉടൻ ബന്ദികളെ മോചിപ്പിക്കണമെന്നും കെയർ സ്റ്റാർമർ ആവശ്യപ്പെട്ടു. ഗാസയിലെ ഭരണക്രമത്തിൽ ഹമാസിന് ഒരു പങ്കും ഉണ്ടാകരുതെന്നും സ്റ്റാർമർ നിബന്ധന വെച്ചു.

യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപുമായി സ്‌കോട്ട്‌ലന്‍ഡില്‍ വെച്ച് നടന്ന ചർച്ചകൾക്ക് പിന്നാലെയായിരുന്നു സ്റ്റാർമറുടെ പ്രഖ്യാപനം. പലസ്‌തീൻ വിഷയത്തിൽ താൻ ഒരു നിലപാട് എടുക്കുന്നില്ലെന്നും സ്റ്റാർമറിന് വേണമെങ്കിൽ സ്വീകരിക്കാമെന്നും ചർച്ചയ്ക്ക് ശേഷം ട്രംപ് പറഞ്ഞിരുന്നു. ബ്രിട്ടന്റെ ഈ നീക്കത്തോട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രൂക്ഷമായാണ് പ്രതികരിച്ചത്. ഹമാസിനെ സഹായിക്കുന്നതും അവരുടെ ക്രൂരതയ്ക്ക് ഇരയായവർ അപമാനിക്കുന്നതുമാണ് സ്റ്റാർമറുടെ പ്രസ്താവന എന്നാണ് നെതന്യാഹു പ്രതികരിച്ചത്.

നേരത്തെ ഫ്രാൻസും പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുമെന്ന് നിലപാടെടുത്തിരുന്നു. സെപ്റ്റംബറിൽ നടക്കുന്ന ഐക്യരാഷ്ട്ര സഭാ സമ്മേളനത്തിൽ ഫ്രാൻസ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ അറിയിച്ചിരുന്നത്. ഇതോടെ പ്രധാനപ്പെട്ട ലോക ശക്തികൾ ഉൾപ്പെടുന്ന ജി7 രാജ്യങ്ങളുടെ കൂട്ടായ്മയിൽ നിന്ന് പലസ്തീനെ അംഗീകരിക്കുന്ന ആദ്യ രാജ്യമായി ഫ്രാൻസ് മാറിയിരുന്നു.

Content Highlights: britain says they will recognize palestine if israel didnt stop attacks

dot image
To advertise here,contact us
dot image