
പ്രാർത്ഥിക്കാൻ ഓരോരുത്തർക്കും ഓരോരോ കാരണങ്ങൾ എന്നു പറയും പോലെയാണ്, ഓർമിക്കാൻ ഓരോരുത്തർക്കും ഓരോരോ കാരണങ്ങളും ഓരോരോ ദിവസങ്ങളും ഉള്ളത്. എന്നാൽ എല്ലാ ഓർമകളും ഓർക്കാൻ അത്ര സുഖമുള്ള ഓർമകൾ ആകണമെന്നുമില്ല. അത്തരത്തിൽ ഓർമിക്കാൻ ഒട്ടും ആഗ്രഹമില്ലാത്ത ഒരു കാര്യം പെട്ടന്നു നിങ്ങളുടെ ഓർമയിലേക്കു വരുന്നു. അതും കൃത്യം ആ സംഭവം നടന്ന അടുത്തടുത്ത വർഷങ്ങളിൽ, അൽപം കൂടി കൃത്യമായി പറഞ്ഞാൽ അതേ ദിവസങ്ങളോടടുത്തു തന്നെ വന്നാലോ? . അയ്യോ അതെന്താ അങ്ങനെ എന്നു ചോദിച്ചാൽ, ഒറ്റപേരിൽ അതിനെ ഉത്തരമാക്കാം. ആനിവേഴ്സറി റിയാക്ഷൻ !
എന്താണ് ആനിവേഴ്സറി റിയാക്ഷൻ?
ആനിവേഴ്സറി റിയാക്ഷൻ അഥവാ ആനിവേഴ്സറി എഫക്റ്റ് എന്നതു ഒരു മാനസിക പ്രശ്നമാണ്. പ്രകൃതി ദുരന്തം, അപകടങ്ങൾ തുടങ്ങി, ജീവിതത്തിൽ കനത്ത ആഘാതങ്ങൾ ഉണ്ടാക്കിയ സംഭവങ്ങൾ നടന്നതിന്റെ വാർഷികത്തിൽ, അന്ന് എന്താണോ ഉണ്ടായത് അതേ തീവ്രതയോടെ, അതേ എഫക്റ്റോടെ മാനസികവും വൈകാരികവുമായ പ്രതികരണങ്ങൾ ഉണ്ടാക്കുന്ന അവസ്ഥയാണിത്. സുനാമി തിരമാലകളെ അതിജീവിച്ച ഒരാൾക്ക് അതേ അനുഭവങ്ങൾ സ്വപ്നങ്ങളായും ഫ്ളാഷ്ബ്ലാക്കുകളായും ഉണ്ടാവുന്നു. ഭൂകമ്പത്തെ മുന്നിൽ കണ്ടയാളുകൾക്കു ചെറിയ ചില ശബ്ദങ്ങൾ പോലും അന്നത്തെ പേടി ഉള്ളിൽ നിറയ്ക്കും. ഈയടുത്തു മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ആനിവേഴ്സറി റിയാക്ഷൻ മൂലമുള്ള മാനസികപ്രശ്നങ്ങൾ ആരോഗ്യവകുപ്പു കണ്ടെത്തിയിരുന്നു.
ആനിവേഴ്സറി റിയാക്ഷൻ ഉണ്ടാക്കുന്ന മാനസികാഘാതങ്ങൾ
മറവിയിൽ നിന്നും ഒരിക്കൽ പോലും പൊടിതട്ടിയെടുക്കാൻ ആഗ്രഹമില്ലെങ്കിലും ചില ഓർമകൾ തലപൊക്കി തുടങ്ങുന്നതു തന്നെ ഭീകരമാണ്, ഇതൊന്നും ഇതുവരേയും മറന്നില്ലേ എന്നുപോലും നമ്മൾ നമ്മളോടു തന്നെ ചോദിച്ചേക്കാവുന്ന സാഹചര്യമാകും അപ്പോൾ. പക്ഷെ ആ ചോദ്യത്തിനൊന്നും ഇടകൊടുക്കാതെ മനസ്സു, കെട്ടുപൊട്ടിയ പട്ടം പോലെ നമ്മളെ തനിച്ചാക്കി അതിന്റെ വഴിക്കു അപ്പോളേക്കും പോയിട്ടുണ്ടാകും. അതും നേരത്തേ പറഞ്ഞതുപോലെ മനസ്സിനു ആഘാതമുണ്ടായതിന്റെ ഓരോ വാർഷികത്തിനും. ആ ദുരന്തത്തിന്റെ ആഴം ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നതു പോലെ .
Content Highlights: what is anniversary reaction which affects victims of disasters