യുപിയില്‍ ദുരഭിമാനക്കൊല;പതിനേഴുവയസുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയും ബന്ധുക്കളും അറസ്റ്റിൽ

സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മ, അവരുടെ സഹോദരന്മാര്‍, രണ്ട് അമ്മാവന്‍മാര്‍ എന്നിവരാണ് അറസ്റ്റിലായത്

യുപിയില്‍ ദുരഭിമാനക്കൊല;പതിനേഴുവയസുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയും ബന്ധുക്കളും അറസ്റ്റിൽ
dot image

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പതിനേഴുവയസുകാരിയുടെ മൃതദേഹം തലയറുത്ത് കനാലില്‍ തളളിയ നിലയില്‍ കണ്ടെത്തി. മീററ്റിലെ പാര്‍താപൂരിലാണ് സംഭവം. ദൗറലയില്‍ നിന്നുളള പ്ലസ് ടു വിദ്യാര്‍ത്ഥിനി ആസ്ത എന്ന തനിഷ്‌കയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവുള്‍പ്പെടെ അടുത്ത ബന്ധുക്കള്‍ അറസ്റ്റിലായി. ദുരഭിമാനക്കൊലയാണ് നടന്നതെന്നാണ് നിഗമനം. ബഹാദൂര്‍പൂര്‍ ഗ്രാമത്തിലെ അഴുക്കുചാലിലാണ് ഇന്നലെ (ജൂണ്‍ 5) വികൃതമായ നിലയില്‍ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്.

വിവരം ലഭിച്ച് സ്ഥലത്തെത്തിയ പൊലീസിന് മൃതദേഹത്തില്‍ നിന്ന് വികാസ് എന്ന പേരും ഒരു ഫോണ്‍ നമ്പറും എഴുതിയ പേപ്പര്‍ ലഭിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം തിരിച്ചറിഞ്ഞത് ഇയാളാണ്. കുട്ടിയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്ന് വികാസ് പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ കൊലപാതകത്തിനു പിന്നില്‍ കുടുംബം തന്നെയാണെന്ന് കണ്ടെത്തിയത്.

പൊലീസ് പറയുന്നത് അനുസരിച്ച്, ബുധനാഴ്ച്ച രാത്രി ഒരുമണിയോടെ തനിഷ്‌ക ആണ്‍സുഹൃത്തുമായി ഫോണില്‍ സംസാരിക്കുന്നത് അമ്മ രാകേഷ് ദേവി കാണുകയും ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ഇത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. കൊലപാതകത്തിനു ശേഷം രാകേഷ് ദേവി തന്റെ സഹോദരങ്ങളെ വിവരം അറിയിച്ചു. ഇവരെത്തിയാണ് പെണ്‍കുട്ടിയുടെ തല അറുത്തത്. ശരീരം ബഹാദൂര്‍പൂര്‍ രാജ്ബഹ കനാലില്‍ തളളുകയായിരുന്നു. പെണ്‍കുട്ടിയുടെ സല്‍വാറിന്റെ പോക്കറ്റില്‍ നിന്നാണ് യുവാവിന്റെ പേരും ഫോണ്‍ നമ്പറുമടങ്ങിയ പേപ്പര്‍ ലഭിച്ചത്. ഇതോടെയാണ് കൊലപാത കഥ പുറത്തുവന്നത്. പെണ്‍കുട്ടിയുടെ തല ഇനിയും കണ്ടെത്താനായിട്ടില്ല.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മ, അവരുടെ രണ്ട് സഹോദരന്മാര്‍, രണ്ട് അമ്മാവന്‍മാര്‍ എന്നിവരാണ് അറസ്റ്റിലായത്. മകളെ കാണാനില്ലെന്ന് കാണിച്ച് അമ്മ പരാതിയും നല്‍കിയിരുന്നു. തനിഷ്‌കയുടെ പിതാവ് രമേഷ് കുമാര്‍ സിആര്‍പിഎഫ് ജവാനാണ്. ഛത്തീസ്ഗഡില്‍ ജോലി ചെയ്യുന്ന അദ്ദേഹം കൊലപാതകവിവരം അറിഞ്ഞിരുന്നില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതശരീരം ഉപേക്ഷിക്കാന്‍ ഉപയോഗിച്ച കാര്‍ പൊലീസ് പിടിച്ചെടുത്തു. പെണ്‍കുട്ടിയുടെ പിതാവിന്റെയുള്‍പ്പെടെ ഫോണ്‍ സംഭാഷണങ്ങളും സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്.

Content Highlights: 17 year old beheaded and body dumped in canal uttarpradesh crime news

dot image
To advertise here,contact us
dot image