ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയുളള അഴിമതി ആരോപണം: മാധബി പുരി ബുച്ചിന് ക്ലീന്‍ ചിറ്റ്

ഓഹരി മൂല്യം പെരുപ്പിച്ചുകാട്ടാനായി അദാനി ഷെൽ കമ്പനികൾ രൂപീകരിച്ചിരുന്നു. ഈ ഷെൽ കമ്പനികളിൽ സെബി ചെയർപേഴ്സനായിരുന്ന മാധബി ബുച്ചിനും ഭർത്താവിനും നിക്ഷേപമുണ്ടെന്ന് ഹിൻഡൻബർഗ് ആരോപണം

dot image

ന്യൂഡല്‍ഹി: സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മുന്‍ മേധാവി മാധബി പുരി ബുച്ചിന് ക്ലീന്‍ ചിറ്റ്. യുഎസിലെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന അഴിമതി ആരോപണങ്ങളിലാണ് ലോക്പാല്‍ ബുച്ചിന് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. മാധബി ബുച്ചിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കുറ്റാരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ലോക്പാലിൻ്റെ നടപടി. അവര്‍ക്കെതിരായ പരാതികളും ലോക്പാല്‍ തളളി. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ആറംഗ ലോക്പാല്‍ ബെഞ്ചാണ് മാധബി ബുച്ചിനെതിരായ പരാതികള്‍ പരിഗണിച്ചത്.

മാധബി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന് ഹിൻഡൻബർഗ് ആരോപിച്ചിരുന്നു. അദാനി ഗ്രൂപ്പും മാധബി ബുച്ചും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും ഇതിനാലാണ് ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണങ്ങളിൽ സുപ്രീം കോടതി ഉത്തരവിട്ട അന്വേഷണം സെബി പൂർത്തിയാക്കാത്തതെന്നുമാണ് വെളിപ്പെടുത്തൽ.

ഇക്കാര്യങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ മഹുവ മൊയ്ത്ര ഉള്‍പ്പെടെയുളള നേതാക്കള്‍ ലോക്പാലിന് പരാതി നല്‍കുകയായിരുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്നും സെബിയുടെ വിശ്വാസ്യത തകര്‍ക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും തന്നെ വ്യക്തിഹത്യ നടത്താന്‍ ലക്ഷ്യമിട്ടാണ് ആരോപണങ്ങളെന്നും മാധബി ബുച്ച് പറഞ്ഞിരുന്നു. അദാനി ഗ്രൂപ്പും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

അദാനി ഗ്രൂപ്പിനെതിരെ കഴിഞ്ഞ വർഷം പുറത്തുവന്ന ഹിൻഡൻബർഗ് റിപ്പോർട്ടിൽ സെബിയാണ് അന്വേഷണം നടത്തുന്നത്. ഒന്നര വർഷം കഴിഞ്ഞിട്ടും അന്വേഷണം പൂർത്തിയായില്ല എന്ന വിമർശനം നിലനിൽക്കെയായിരുന്നു ഹിൻഡൻബർഗിന്റെ പുതിയ ആരോപണം വന്നത്. ഓഹരി മൂല്യം പെരുപ്പിച്ചുകാട്ടാനായി അദാനി ഷെൽ കമ്പനികൾ രൂപീകരിച്ചിരുന്നു. ഈ ഷെൽ കമ്പനികളിൽ സെബി ചെയർപേഴ്സനായിരുന്ന മാധബി ബുച്ചിനും ഭർത്താവിനും നിക്ഷേപമുണ്ടെന്ന് ഹിൻഡൻബർഗ് ആരോപിക്കുന്നത്.

Content Highlights: Lokpal clean chit to sebi former chief madhabi buch in hinderberg report based complaints

dot image
To advertise here,contact us
dot image