'വാക്കുകള്‍ സ്‌നേഹത്തിന്റെ പുറത്ത്, ദുര്‍വ്യാഖ്യാനിച്ചു'; മാപ്പ് പറയില്ലെന്ന് കമല്‍ ഹാസന്‍

എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ദീര്‍ഘകാലത്തെ ചരിത്രപാരമ്പര്യം തമിഴ്‌നാടിനുണ്ടെന്നും താരം പറഞ്ഞു

dot image

ബെംഗളൂരു: കന്നട ഭാഷയുടെ ഉത്ഭവം തമിഴില്‍ നിന്നാണെന്ന പരാമര്‍ശത്തില്‍ മാപ്പ് പറയാതെ നടന്‍ കമല്‍ ഹാസന്‍. തന്റെ വാക്കുകള്‍ വളച്ചൊടിച്ചു, സ്‌നേഹത്തിന്റെ പുറത്തായിരുന്നു പരാമര്‍ശം എന്നും കമല്‍ ഹാസന്‍ പറഞ്ഞു. ആരെയും വ്രണപ്പെടുത്തുകയെന്ന ഉദ്ദ്യേശത്തോടെയായിരുന്നില്ല വാക്കുകളെന്നും മാപ്പ് പറയില്ലെന്നും നടന്‍ പ്രതികരിച്ചു.

'എന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ഒരുപാട് ചരിത്രകാരന്മാര്‍ പഠിപ്പിച്ച ഭാഷാ ചരിത്രത്തിനൊപ്പം, സ്‌നേഹത്തില്‍ നിന്നുകൂടിയായിരുന്നു എന്റെ വാക്കുകള്‍. സ്‌നേഹത്തിന്റെ പുറത്ത് താന്‍ പറഞ്ഞ കാര്യങ്ങളില്‍ മാപ്പ് പറയില്ല', നടന്‍ പറഞ്ഞു. താന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാര്‍ ഭാഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതില്‍ യോഗ്യരല്ലെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു

എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ദീര്‍ഘകാലത്തെ ചരിത്രപാരമ്പര്യം തമിഴ്‌നാടിനുണ്ടെന്നും താരം പറഞ്ഞു. അവിടെ മേനോനും റെഡ്ഡിയും മുഖ്യമന്ത്രിയാകും. വേണമങ്കില്‍ കന്നഡികര്‍ പോലും മുഖ്യമന്ത്രിയാകുന്ന അപൂര്‍വ്വത സംസ്ഥാനത്തിനുണ്ടെന്നായിരുന്നു കമല്‍ ഹാസന്റെ പ്രതികരണം.

തന്റെ ഏറ്റവും പുതിയ ചിത്രമായ 'തഗ് ലൈഫി'ന്റെ റിലീസിനോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ കമല്‍ ഹാസന്‍ നടത്തിയ പരാമര്‍ശമായിരുന്നു വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. 'എന്റെ ജീവിതവും കുടുംബവും തമിഴ് ഭാഷയാണ്' എന്നര്‍ത്ഥം വരുന്ന 'ഉയിരേ ഉറവേ തമിഴേ' എന്ന വാചകത്തോടെയാണ് കമല്‍ ഹാസന്‍ പരിപാടിയില്‍ തന്റെ പ്രസംഗം ആരംഭിച്ചത്. തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുത്ത തെലുങ്ക് നടന്‍ ശിവരാജ് കുമാറിനെ പരാമര്‍ശിച്ച് 'ഇത് ആ നാട്ടിലുളള എന്റെ കുടുംബമാണ്. അതുകൊണ്ടാണ് അദ്ദേഹം (ശിവരാജ് കുമാര്‍) ഇവിടെ എനിക്കുവേണ്ടി വന്നിരിക്കുന്നത്. അതുകൊണ്ടാണ് ഉയിരേ ഉറവേ തമിഴേ എന്ന് ഞാന്‍ പ്രസംഗം ആരംഭിച്ചതുതന്നെ. നിങ്ങളുടെ ഭാഷ (കന്നഡ) തമിഴില്‍ നിന്നാണ് ജനിച്ചത്. അതിനാല്‍ നിങ്ങളും അതിലുള്‍പ്പെടുന്നു'- എന്നാണ് കമല്‍ ഹാസന്‍ പറഞ്ഞത്. പരാമര്‍ശത്തില്‍ കമല്‍ഹാസനെതിരെ കോണ്‍ഗ്രസും ബിജെപിയും കന്നഡ സംഘടനകളും രംഗത്തെത്തിയിരുന്നു.

Content Highlights: Kamal Haasan Reacts To His Tamil-Kannada Remark

dot image
To advertise here,contact us
dot image