
ഹൈദരാബാദ്: 500 രൂപ മുതലുള്ള കറന്‍സികള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നാഡിയു. അഴിമതി തടയുന്നതിനൊപ്പം സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാക്കാനും നടപടി സഹായിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. തെലുങ്കു ദേശം പാര്‍ട്ടിയുടെ മെഗാ കണ്‍വെന്‍ഷനില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ചന്ദ്രബാബു നായിഡു.
500, 1,000, 2,000 രൂപയുടെ നോട്ടുകള്‍ കേന്ദ്രം പിന്‍വലിക്കണമെന്നും ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. താന്‍ ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ലോകം ഡിജിറ്റല്‍ കറന്‍സിക്കൊപ്പം മുന്നേറുകയാണെന്നും ചന്ദ്ര ബാബു നായിഡു പറഞ്ഞു. ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുന്നതിലൂടെ നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകള്‍ തടയാന്‍ സാധിക്കുമെന്നും ഇതുവഴി അഴിമതി തുടച്ചുമാറ്റാന്‍ സാധിക്കുമെന്നും ടിഡിപി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.
'ഈ വേദിയില്‍ വെച്ച് കേന്ദ്രത്തോടുള്ള എന്റെ നിര്‍ദേശം ഞാന്‍ ആവര്‍ത്തിക്കുകയാണ്. ഇന്ന് ഡിജിറ്റല്‍ കറന്‍സിയുള്ളതിനാല്‍ തന്നെ 500, 1000, 2000 രൂപ നോട്ടുകളുടെ ആവശ്യമില്ല. കറന്‍സി വിതരണത്തില്‍ രാഷ്ട്രീയമില്ല. ഇതിലൂടെ മാത്രമെ രാജ്യത്തെ അഴിമതി ഇല്ലാതാക്കാന്‍ സാധിക്കൂ' ചന്ദ്രബാബു നായിഡു വേദിയില്‍ ആവര്‍ത്തിച്ചു. തന്റെ നിര്‍ദേശത്തിനെ പൊതുജനം പിന്തുണയ്ക്കണമെന്നും ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു.
Content Highlights: Chandrababu Naidu urges Centre to cancel Rs 500 and above currency