ഉലകനായകൻ ഇനി രാജ്യസഭയിലേക്ക്; മക്കൾ നീതി മയ്യം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു

ഡിഎംകെ പിന്തുണയോടെയാണ് കമൽ ഹാസൻ രാജ്യസഭയിലേക്കെത്തുക

dot image

ചെന്നൈ: നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ രാജ്യസഭയിലേക്ക്‌. കമൽ ഹാസനെ പാർട്ടിയുടെ രാജ്യസഭാ സ്ഥാനാർത്ഥിയായി മക്കൾ നീതി മയ്യം പ്രഖ്യാപിച്ചു. ഡിഎംകെ പിന്തുണയോടെയാണ് കമൽ ഹാസൻ രാജ്യസഭയിലേക്കെത്തുക.

രാജ്യസഭയിൽ ഒഴിവുവന്ന എട്ട് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ 19-നാണ് തിരഞ്ഞെടുപ്പ്. അന്നുതന്നെയായിരിക്കും വോട്ടെണ്ണലും നടക്കുക. തമിഴ്‌നാട്ടിലെ ആറ് സീറ്റുകളില്‍ നാലെണ്ണം ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിക്കായിരിക്കും ലഭിക്കുക. ഇതില്‍ ഒരു സീറ്റിലേക്കാണ് കമല്‍ഹാസന്‍ എത്തുക. സ്വന്തം പാര്‍ട്ടി രൂപീകരിച്ചതിനുശേഷമുളള കമല്‍ഹാസന്റെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും വലിയ ചുവടുവെയ്പ്പാണ് ഈ രാജ്യസഭാ പ്രവേശനം.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് കോയമ്പത്തൂരില്‍ നിന്ന് മക്കള്‍ നീതി മയ്യം സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിരുന്ന കമല്‍ ഹാസന്‍ പിന്നീട് തീരുമാനത്തില്‍ നിന്ന് പിന്മാറിയിരുന്നു. തുടര്‍ന്ന് ഇന്‍ഡ്യാ മുന്നണിക്കായി തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പ്രചാരണം നടത്തി. മത്സരത്തില്‍ നിന്ന് പിന്മാറുന്നതിനായി 2025 ജൂണില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒന്ന് കമല്‍ഹാസന്റെ പാര്‍ട്ടിക്ക് നല്‍കാമെന്ന് ധാരണയായിരുന്നു. ഫെബ്രുവരിയില്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ ഇതുസംബന്ധിച്ച മുന്നണിയുടെ തീരുമാനം കമല്‍ഹാസനെ നേരിട്ടെത്തി അറിയിക്കുകയും ചെയ്തിരുന്നു.

രാജ്യസഭാംഗങ്ങളായ അന്‍പുമണി രാമദാസ്, എന്‍ ചന്ദ്രശേഖരന്‍, എം ഷണ്‍മുഖം, എം മുഹമ്മദ് അബ്ദുളള, വി വില്‍സണ്‍, വൈകോ എന്നിവരുടെ കാലാവധിയാണ് ജൂണില്‍ അവസാനിക്കുന്നത്. ഡിഎംകെ മുന്നണിയില്‍ രണ്ട് സീറ്റ് ഡിഎംകെയ്ക്കും ഓരോ സീറ്റ് വീതം എംഎന്‍എമ്മിനും എംഡിഎംകെയ്ക്കുമാണ് ലഭിക്കുക. 234 അംഗ തമിഴ്‌നാട് നിയമസഭയില്‍ 34 വോട്ടുകളാണ് ഒരു രാജ്യസഭാംഗത്തിന് ജയിക്കാനായി വേണ്ടത്. ഇതുപ്രകാരം, 159 നിയമസഭാ സീറ്റുകളുളള ഡിഎംകെയ്ക്ക് നാല് അംഗങ്ങളെ വിജയിപ്പിക്കാനാകും. 62 അംഗങ്ങളുളള എഐഎഡിഎംകെ- എന്‍ഡിഎ സഖ്യത്തിന് രണ്ടുപേരെ രാജ്യസഭയിലേക്ക് വിജയിപ്പിക്കാനും കഴിയും.

dot image
To advertise here,contact us
dot image