
ചെന്നൈ: തമിഴ്‌നാട് ചെന്നൈ അണ്ണാ സര്‍വകലാശാല പീഡനക്കേസില്‍ പ്രതി ജ്ഞാനശേഖര്‍ കുറ്റക്കാരനാണെന്ന് കോടതി. ചെന്നൈ വനിതാ കോടതിയുടേതാണ് വിധി. ഇക്കഴിഞ്ഞ ഡിസംബര്‍ 23നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സര്‍വകലാശാല ക്യാമ്പസിന് പുറത്ത് ബിരിയാണിക്കട നടത്തുന്ന ആളായിരുന്നു ഇയാള്‍. പ്രതിക്കുള്ള ശിക്ഷ കോടതി ജൂൺ രണ്ടിന് പ്രഖ്യാപിക്കും.
അണ്ണാ സര്‍വകലാശാല ക്യാമ്പസില്‍ ആണ്‍ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന രണ്ടാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയായ കന്യാകുമാരി സ്വദേശിനിയെയായിരുന്നു കോട്ടൂര്‍ സ്വദേശി ജ്ഞാനശേഖരൻ പീഡനത്തിനിരയാക്കിയത്. ആണ്‍സുഹൃത്തിനൊപ്പമിരുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. ഇതിന് പുറമേ ഇരുവരേയും ഇയാള്‍ മര്‍ദിക്കുകയും ചെയ്തു. ഇതോടെ ആണ്‍ സുഹൃത്ത് സ്ഥലത്തുനിന്ന് ഓടിപ്പോയി.
ഇതിന് പിന്നാലെ സര്‍വകലാശാല ലാബിന് പിന്നിലുള്ള ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് പെണ്‍കുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോയി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. ക്രിസ്മസ് അവധിക്ക് നാട്ടില്‍ പോകരുതെന്നും വിളിക്കുമ്പോഴെല്ലാം വരണമെന്നും ആവശ്യപ്പെട്ടതിന് ശേഷമാണ് ഇയാള്‍ പെണ്‍കുട്ടിയെ വിട്ടയച്ചത്. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടി സര്‍വകലാശാല അധികൃതര്‍ക്കും പൊലീസിനും പരാതി നല്‍കി. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പെണ്‍കുട്ടിയുടെ മേല്‍വിലാസം അടക്കമുള്ള വിവരങ്ങള്‍ അടങ്ങിയ എഫ്‌ഐആര്‍ ചെന്നൈ പൊലീസ് വെബ്‌സൈറ്റില്‍ പങ്കുവെച്ചത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
വിഷയത്തില്‍ പ്രതികരണവുമായി നടനും തമിഴത വെട്രി കഴകം നേതാവുമായ വിജയ് രംഗത്തെത്തിയിരുന്നു. 'പ്രിയ സഹോദരിമാരേ' എന്ന് അഭിസംബോധന ചെയ്തുള്ള കത്ത് പങ്കുവെച്ചായിരുന്നു വിജയ്‌യുടെ പ്രതികരണം.. വിദ്യാഭ്യാസ സ്ഥാപനത്തിലുള്‍പ്പെടെ എല്ലായിടത്തും സ്ത്രീകള്‍ അതിക്രമങ്ങള്‍ നേരിടുകയാണെന്നും അവരുടെ സഹോദരന്‍ എന്ന നിലയില്‍ തനിക്ക് വേദനയുണ്ടെന്നുമായിരുന്നു വിജയ് പറഞ്ഞത്. എന്ത് സാഹചര്യമുണ്ടായാലും താന്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും സഹോദരനായി നിന്ന് സംരക്ഷിക്കുമെന്നും വിജയ് പറഞ്ഞിരുന്നു.
Content Highlights- Chennai court finds anna university sex assault accused guilty on all charges