
ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന നീതി ആയോഗ് യോഗത്തിൽ പ്രതിപക്ഷ സംസ്ഥാനങ്ങൾ മുന്നോട്ടുവെച്ചത് നിരവധി ആവശ്യങ്ങൾ. തമിഴ്നാട്, തെലങ്കാന, ഹിമാചൽ പ്രദേശ്, പഞ്ചാബ് മുഖ്യമന്ത്രിമാരാണ് ഫണ്ടുകൾ, ഫെഡറലിസം, കേന്ദ്ര നികുതി തുടങ്ങിയ നിരവധി വിഷയങ്ങളിൽ അഭിപ്രായം പങ്കുവെച്ചത്.
സമഗ്ര ശിക്ഷ അഭിയാൻ പദ്ധതി പ്രകാരമുള്ള 2200 കോടി രൂപ വിട്ടുനൽകണമെന്നായിരുന്നു തമിഴ്‌നാടിന്റെ ആവശ്യം. ഒരു ധാരണാപത്രം ഒപ്പിട്ടില്ല എന്ന കാരണം പറഞ്ഞാണ് ഈ ഫണ്ടുകൾ തടഞ്ഞുവെക്കുന്നതെന്നും അവ വിട്ടുകിട്ടാൻ കോടതി കയറിയിറങ്ങേണ്ടത് കോപ്പറേറ്റീവ് ഫെഡറലിസത്തിന്റെ അന്തസ്സത്തയ്ക്ക് ചേർന്നതല്ല എന്നും തമിഴ്നാട് അഭിപ്രായപ്പെട്ടു. നിരവധി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം കവർന്നെടുക്കപ്പെടുന്ന പ്രശ്നമാണ് നിലനിൽക്കുന്നതെന്നും അതിനാൽ ഫണ്ടുകൾ ഉടൻ വിട്ടുകിട്ടണമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. സംസ്ഥാനം കേന്ദ്രത്തിന് നൽകുന്ന നികുതിയിലെ 50 ശതമാനം സംസ്ഥാനത്തിന് തന്നെ ലഭിക്കണമെന്ന നിർദേശവും സ്റ്റാലിൻ മുന്നോട്ടുവെച്ചു.
സഹകരണ ഫെഡറലിസം അത്യാവശ്യമാണെന്നാണ് യോഗത്തിൽ തെലങ്കാന അഭിപ്രായപ്പെട്ടത്. വികസിത ഭാരതം എന്ന സങ്കല്പം സംസ്ഥാനങ്ങളുടെ സമ്പൂർണ വികസനം കൂടി നടന്നാൽ മാത്രമേ ഉണ്ടാകുകയുള്ളു എന്നും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി പറഞ്ഞു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ഉയർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്ന സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാർ മാത്രം ഉൾപ്പെട്ട ഒരു കമ്മിറ്റി രൂപീകരിക്കണമെന്നും രേവന്ത് റെഡ്ഢി അഭിപ്രായപ്പെട്ടു. മുംബൈ, ഡൽഹി, ബെംഗളൂരു, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളുള്ള സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാർ ഉൾപ്പെട്ട സമിതിയാണ് രേവന്തി റെഡ്ഢി ആവശ്യപ്പെട്ടത്.
ഹരിയാനയുമായി നിലനിൽക്കുന്ന 'ജലവിതരണ' പ്രശ്നമാണ് പഞ്ചാബ് യോഗത്തിൽ ചൂണ്ടിക്കാട്ടിയത്. പഞ്ചാബിനോട് പക്ഷപാതകരമായ സമീപനമാണ് ഉണ്ടാകുന്നതെന്ന് ചൂണ്ടിക്കാട്ടിയും ബക്ര നൻഗൽ ഡാമിൽ സിഐഎസ്എഫിനെ വിന്യസിച്ചതിൽ വിമർശനം ഉന്നയിച്ചുമാണ് പഞ്ചാബ് രംഗത്തെത്തിയത്. പഞ്ചാബിന് മറ്റ് സംസ്ഥാനങ്ങൾക്ക് നൽകാൻ വെള്ളമില്ലെന്ന് ചൂണ്ടിക്കാട്ടി സത്ലജ് യമുന ലിങ്ക് കനാലിന് പകരം യമുന സത്‌ലജ് ലിങ്ക് കനാൽ വേണമെന്നും ആവശ്യപ്പെട്ടു.
എൻഡിഎ സഖ്യകക്ഷിയായ ടിഡിപി ജിഡിപി വളർച്ച, ജനസംഖ്യ നിയന്ത്രണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിൽ മൂന്ന് സബ് കമ്മിറ്റികൾ വേണമെന്നാണ് ആവശ്യപ്പെട്ടത്. നിക്ഷേപം, നിർമാണം മേഖല, കയറ്റുമതി, തൊഴിൽ എന്നിവയിൽ കേന്ദ്രസർക്കാർ സഹായത്തോട് കൂടിയുള്ള മുന്നേറ്റം ഉറപ്പാക്കുന്നതാകണം ഈ സബ് കമ്മിറ്റികൾ എന്നും ആന്ധ്ര പറഞ്ഞു.
മലയോര, ഹൈറേഞ്ച് സംസ്ഥാനങ്ങളുടെ പ്രത്യേക ആവശ്യങ്ങൾ പരിഗണിക്കപ്പെടണമെന്നും വിട്ടുകിട്ടാനുള്ള പണം ഉടനെ വിട്ടുകിട്ടാൻ നടപടിയുണ്ടാകണമെന്നുമാണ് ഹിമാചൽ പ്രദേശ് ആവശ്യപ്പെട്ടത്. ഇത്തരം സംസ്ഥാനങ്ങൾക്ക് പ്രത്യേക ഫണ്ടുകൾ തന്നെ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. 'കോൾ ബെയറിംഗ് ഏരിയ ആക്ടി'ൽ ഭേദഗതിയാണ് ജാർഖണ്ഡ് ആവശ്യപ്പെട്ടത്. മൈനിങ് കഴിഞ്ഞ നിലങ്ങൾ സംസ്ഥാന സർക്കാരിന് വിട്ടുനൽകാൻ ഭേദഗതി ആവശ്യമാണെന്നും ജാർഖണ്ഡ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ ഉൾപ്പെടുത്തി നീതി ആയോഗിന്റെ യോഗം നടന്നത്. 'വികസിത രാജ്യത്തിനായി വികസിത സംസ്ഥാനങ്ങൾ' എന്നതായിരുന്നു ആപ്തവാക്യം. യോഗത്തിൽ എല്ലാ സംസ്ഥാനങ്ങളോടും ഒരു ടീം എന്ന പോലെ നമ്മൾ മുന്നോട്ടുപോകണമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. യോഗത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തിരുന്നില്ല.
Content Highlights: Opposition ruled states needs at NITI Ayog meet by Narendra Modi