
ഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ചുവെന്ന പരാതിയില്‍ അശോക സര്‍വ്വകലാശാല പ്രൊഫസര്‍ അലി ഖാന്‍ മഹ്‌മൂദാബാദിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. സംഭവത്തില്‍ ഏഴ് ദിവസത്തിനുളളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഹരിയാന പൊലീസിനോട് ആവശ്യപ്പെട്ടു. മാധ്യമ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുമ്പോള്‍ മനുഷ്യാവകാശ ലംഘനം നടന്നതായി കണ്ടെത്തിയതിനാല്‍ സ്വമേധായ കേസെടുക്കുകയാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. അലി ഖാന്‍ മഹ്‌മൂദാബാദിന്റെ അറസ്റ്റ് പ്രഥമദൃഷ്ട്യാ മനുഷ്യാവകാശ ലംഘനമാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. അലി ഖാന് സുപ്രീംകോടതി ജാമ്യം അനുവദിച്ച് മണിക്കൂറുകള്‍ക്കുളളിലാണ് വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍.
ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ഇട്ടതിന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സുപ്രീംകോടതി അലി ഖാന്‍ മഹ്‌മൂദാബാദിന് ഇടക്കാല ജാമ്യം നല്‍കിയത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍ കെ സിങ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. കേസില്‍ ഹരിയാന പൊലീസിന്റെ അന്വേഷണം തടയണമെന്ന അലി ഖാന്‍ മഹ്‌മൂദാബാദിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. കേസില്‍ അന്വേഷണത്തിന് എസ്ഐടി രൂപീകരിക്കണമെന്ന് ഹരിയാന ഡിജിപിക്ക് സുപ്രീംംകോടതി നിര്‍ദേശം നല്‍കി. ഹരിയാനയിലെയും ഡല്‍ഹിയിലേയും ഐപിഎസ് ഓഫീസര്‍മാരെ എസ്ഐടിയില്‍ ഉള്‍പ്പെടുത്തരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
എസ്ഐടിയില്‍ ഒരംഗം വനിതാ ഐപിഎസ് ഓഫീസര്‍ ആയിരിക്കണമെന്നും കോടതി ഉത്തരവിട്ടു. ഇടക്കാല ജാമ്യ കാലയളവില്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതിന് അലി ഖാന്‍ മഹ്‌മൂദാബാദിന് വിലക്കുണ്ട്. ഹരിയാന പൊലീസ് നടത്തുന്ന അന്വേഷണവുമായി സഹകരിക്കണമെന്നാണ് ഇടക്കാല ജാമ്യത്തിനായി സുപ്രീംകോടതി നല്‍കിയ വ്യവസ്ഥ.
ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ചുവെന്ന് ചൂണ്ടിക്കാട്ടി അലി ഖാനെതിരെ ഹരിയാനയിലെ ബിജെപി യുടെ യുവമോര്‍ച്ച യൂണിറ്റ് ജനറല്‍ സെക്രട്ടറി യോഗേഷ് ജതേരി, ഹരിയാന സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ രേണു ഭാട്ടിയ എന്നിവരാണ് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അലി ഖാനെതിരെ പൊലീസ് കേസെടുത്തു.
ഭാരതീയ ന്യായ സംഹിത പ്രകാരം സാമുദായിക ഐക്യം നിലനിര്‍ത്തുന്ന പ്രവൃത്തികള്‍, ഐക്യത്തിന് കോട്ടം വരുത്തുന്ന പ്രസ്താവനകള്‍, ദേശീയ പരമാധികാരത്തെ അപകടപ്പെടുത്തുന്ന പ്രവൃത്തികള്‍, സ്ത്രീകളുടെ എളിമയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ള വാക്കുകള്‍ തുടങ്ങിയവ ചൂണ്ടിക്കാട്ടിയായിരുന്നു അലി ഖാനെതിരെ കേസെടുത്തത്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അധ്യാപകനെ വിട്ടയക്കണമെന്ന ആവശ്യവുമായി അശോക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് അലി ഖാന്‍ മഹ്‌മൂദാബാദ്.
Content Highlights: National human rights commission seeks report from haryana police in ali khan mahmudabad arrest