

കഴിഞ്ഞ വാരം ദീപാവലി റിലീസായി തിയേറ്ററിലെത്തിയ രണ്ട് വമ്പൻ തമിഴ് സിനിമകളാണ് ഡ്യൂഡും ബൈസണും. ഡ്യൂഡ് പ്രദീപ് രംഗനാഥന്റെ തുടര്‍ച്ചയായ മൂന്നാമത്തെ നൂറ് കോടി ചിത്രമായപ്പോള്‍ ധ്രുവ് വിക്രമിന്റെ ആദ്യ സോളോ ഹിറ്റാണ് ബൈസണ്‍. രണ്ട് സിനിമകളും മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. ഇപ്പോഴിതാ ഡ്യൂഡിനെക്കുറിച്ച് സംവിധായകൻ പാ രഞ്ജിത്ത് പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.
രണ്ട് സിനിമകളും ശക്തമായ രാഷ്ട്രീയവും മുന്നോട്ട് വെക്കുന്നുണ്ട്. ജാതിയതയ്‌ക്കെതിരെ സംസാരിക്കുന്ന മാരി സെല്‍വരാജ് ചിത്രമാണ് ബൈസണ്‍. അതേസമയം ദുരഭിമാനകൊലയേക്കുറിച്ചുാണ് ഡ്യൂഡ് സംസാരിക്കുന്നുണ്ട്. ബൈസണിന്റെ റിലീസിന് മുൻപ് പലരും ഈ ചിത്രം കാണരുതെന്നും പകരും ഡ്യൂഡ് കാണണമെന്നും പറഞ്ഞെന്നും എന്നാൽ അവർക്ക് നല്ല പണിയാണ് ആ സിനിമയുടെ സംവിധായകൻ നൽകിയതെന്നും പാ രഞ്ജിത്ത് പറഞ്ഞു. 'മാരിയുടെ സിനിമ റിലീസാകും മുമ്പ് ഒരുപാട് പേര്‍ എഴുതി, ഈ സിനിമ കാണാന്‍ പോകരുത്, ഇത് തെറ്റായ സിനിമയാണ് എന്നൊക്കെ. ഡ്യൂഡ് എന്നൊരു സിനിമ വരുന്നുണ്ടെന്നും അത് കാണൂവെന്നും അവര്‍ പറഞ്ഞു. എന്നാൽ ഡ്യൂഡ് സംവിധായകര്‍ അവരെ ശരിക്കും കൊട്ടിവിട്ടു. എനിക്കത് കണ്ടപ്പോള്‍ സന്തോഷം തോന്നി', പാ രഞ്ജിത്തിന്റെ വാക്കുകൾ.
'ഇന്ന് കൊമേഷ്യല്‍ സിനിമയില്‍ സമൂഹത്തിന് സന്ദേശം നല്‍കാനും പ്രേക്ഷകരെ രസിപ്പിക്കാനും സാധിക്കുന്നുണ്ട്. പല പുതിയ സംവിധായകരും വന്നതോടെ തമിഴ് സിനിമയുടെ ഗതി മാറിയിട്ടുണ്ട്. ഇത് നല്ലൊരു നിലയിലേക്ക് തന്നെ സിനിമയെ എത്തിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ത്യയാകെ ഓടുന്ന തരത്തില്‍ നിരവധി നൂറ് കോടി സിനിമകള്‍ ചെയ്യാന്‍ സാധിക്കുന്നവര്‍ നമ്മുടെ നാട്ടിലുണ്ട്. തീര്‍ച്ചയായും അവരത് നേടിയെടുക്കും', അദ്ദേഹം കൂട്ടിച്ചേർത്തു.
മാരി സെൽവരാജ് ഒരുക്കിയ ബൈസൺ മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിലെ ധ്രുവിന്റെ പ്രകടനം ഏറെ ചർച്ചയാകുന്നുണ്ട്. ബോക്സ് ഓഫീസിലും കാര്യമായ ചലനമുണ്ടാക്കാൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട്. ഒരു കബഡി പ്ലേയർ ആയിട്ടാണ് ധ്രുവ് ഈ ചിത്രത്തിൽ എത്തുന്നത്. ആഗോള ബോക്സ് ഓഫീസിൽ നിന്നും 55 കോടിയാണ് സിനിമയുടെ കളക്ഷൻ.
Content Highlights: Paa Ranjith about Bison and Dude