
ഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതിനു പിന്നാലെ രാജ്യവ്യാപക ജയ് ഹിന്ദ് റാലി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് രാജ്യവ്യാപക റാലി നടത്തുമെന്നും പ്രധാനപ്പെട്ട നേതാക്കള്‍ റാലിയില്‍ പങ്കെടുക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് പറഞ്ഞു. 'ഓപ്പറേഷന്‍ സിന്ദൂര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കു മാത്രം അവകാശപ്പെട്ടതല്ല. അത് രാജ്യത്തെ എല്ലാവര്‍ക്കുമുളളതാണ്. ജയ് ഹിന്ദ് സഭകളില്‍ പ്രധാനമന്ത്രിയോട് ചോദ്യങ്ങളുയര്‍ത്തും. എന്തിനാണ് പ്രധാനമന്ത്രി മൗനം പാലിക്കുന്നതെന്ന് ചോദിക്കും'-ജയ്‌റാം രമേശ് പറഞ്ഞു.
പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുമെന്നും ജയ്‌റാം രമേശ് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'ഈ രാജ്യത്തിന്റെ സുരക്ഷയെക്കുറിച്ച് തീരുമാനങ്ങളെടുക്കുന്നത് ആരാണ്? എല്ലായിടത്തും ട്രംപ് തന്റെ നിലപാട് ആവര്‍ത്തിക്കുകയാണ്. വെടിനിര്‍ത്തലില്‍ ഇടപെട്ടെന്ന് ട്രംപ് ആവര്‍ത്തിക്കുമ്പോഴും സര്‍ക്കാരും പ്രധാനമന്ത്രിയും മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്? ചരിത്രത്തില്‍ ഇതുവരെ ഇത്തരമൊരു സംഭവമുണ്ടായിട്ടില്ല. ഏപ്രില്‍ 22 മുതല്‍ കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കിയിരുന്നു. പ്രധാനമന്ത്രി വരണമെന്ന് ആവശ്യപ്പെട്ട് രണ്ട് സര്‍വ്വകക്ഷിയോഗം ചേര്‍ന്നു. രണ്ടിലും മോദി വന്നില്ല. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും എന്തുകൊണ്ടാണ് രാജ്യത്തെ വിശ്വാസത്തില്‍ എടുക്കാത്തത്? പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണം'- ജയ്‌റാം രമേശ് പറഞ്ഞു.
ബിജെപി രാജ്യവ്യാപകമായി തിരംഗ യാത്ര നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് യാത്ര നടത്തുന്നത്. മുതിര്‍ന്ന നേതാക്കളായ സംബിത് പത്ര, വിനോദ് തവ്‌ഡെ, തരുണ്‍ ചുഗ് എന്നിവരാണ് പ്രചാരണം ഏകോപിപ്പിക്കുന്നത്. അതിനുപിന്നാലെയാണ് കോണ്‍ഗ്രസും ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് റാലിയുമായി രംഗത്തെത്തിയത്.
Content Highlights: congress to conduct nationwide jai hind yatra on operation sindoor victory