
ഡല്‍ഹി: ഇന്ത്യാ-പാകിസ്താന്‍ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ ധാരണയിലടക്കം പാര്‍ട്ടി നിലപാടിന് വിരുദ്ധമായ അഭിപ്രായ പ്രകടനം നടത്തിയ ശശി തരൂര്‍ എംപിക്ക് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താക്കീത്. വ്യക്തിപരമായ അഭിപ്രായം പറയാനുളള സമയമല്ല ഇതെന്നും പാര്‍ട്ടിയുടെ നിലപാട് പൊതുസമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കണമെന്നും പാര്‍ട്ടി നേതൃത്വം ശശി തരൂരിനോട് നിര്‍ദേശിച്ചു. തരൂർ പാർട്ടിയുടെ ലക്ഷ്മണ രേഖ ലംഘിച്ചുവെന്നാണ് ഒരു മുതിർന്ന നേതാവ് പറഞ്ഞത്. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാക്കളുടെ യോഗത്തിലാണ് ശശി തരൂരിന്റെ നിലപാടുകള്‍ ചര്‍ച്ചയായത്. ലോക്‌സഭാ പ്രതിപക്ഷ നേതാവും പാര്‍ട്ടി മുന്‍ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി, ജനറല്‍ സെക്രട്ടറിമാരായ കെസി വേണുഗോപാല്‍, ജയ്‌റാം രമേശ്, പ്രിയങ്കാ ഗാന്ധി വാദ്ര, സച്ചിന്‍ പൈലറ്റ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് തരൂരിന് താക്കീത് നല്‍കിയത്. ശശി തരൂരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
യോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലും എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് ശശി തരൂരിന്റെ നിലപാടുകളെ തളളി. തരൂര്‍ പറയുന്നത് പാര്‍ട്ടി നിലപാടല്ലെന്ന് ജയ്‌റാം രമേശ് വ്യക്തമാക്കി. ഇന്ത്യാ-പാകിസ്താന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാലുതവണയിലേറെ ശശി തരൂര്‍ അഭിപ്രായം പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ നിലപാടിനു വിരുദ്ധമായ അഭിപ്രായപ്രകടനമാണ് തരൂര്‍ നടത്തിയത്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് യുദ്ധമുണ്ടായപ്പോള്‍ അമേരിക്കയ്ക്ക് വഴങ്ങാതിരുന്നത് ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനെതിരെ പ്രചാരണം നടത്തിയപ്പോള്‍ ശശി തരൂര്‍ അതിനെ പരസ്യമായി തളളി രംഗത്തെത്തിയിരുന്നു.
1971-ലെ ഇന്ദിരാഗാന്ധിയുടെയും 2025-ലെ നരേന്ദ്രമോദിയുടെയും നിലപാടുകളെ താരതമ്യം ചെയ്യരുതെന്നാണ് തരൂര്‍ പറഞ്ഞത്. 1971-ലെ സാഹചര്യമല്ല ഇപ്പോഴുളളതെന്നും ഒരുപാട് വ്യത്യാസങ്ങളുണ്ടെന്നും തരൂര്‍ പറഞ്ഞു. മൂന്നാം കക്ഷിയുടെ ഇടപെടല്‍ കൊണ്ടല്ല, പാകിസ്താന്‍ കാലുപിടിച്ചതുകൊണ്ടാണ് വെടിനിര്‍ത്തലിന് ധാരണയായതെന്ന നരേന്ദ്രമോദിയുടെ വാദത്തെയും തരൂര്‍ പിന്തുണച്ചിരുന്നു. വെടിനിര്‍ത്തലില്‍ ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനെ വരിഞ്ഞുമുറുക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതിനിടെ ട്രംപ് വെറുതെ ക്രെഡിറ്റ് എടുക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് ശശി തരൂര്‍ പറഞ്ഞത്. ഇന്ത്യ ഒരിക്കലും ഒരു വിദേശ രാജ്യത്തിന്റെ മധ്യസ്ഥത ആവശ്യപ്പെടില്ലെന്നും ക്രെഡിറ്റ് ആരും ആഗ്രഹിച്ചുപോകുന്നത് സ്വാഭാവികമാണെന്നും തരൂര്‍ പറഞ്ഞു. നിരന്തരം കേന്ദ്രസര്‍ക്കാരിന് അനുകൂലമായ നിലപാട് ശശി തരൂര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് പാര്‍ട്ടിയുടെ താക്കീത്.
Content Highlights: Shashi Tharoor violated the party's 'Lakshmana Rekha' criticism at Congress meeting