
കോയമ്പത്തൂർ: പപ്പടം കാച്ചുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ജ്യേഷ്ഠന്റെ മുഖത്ത് പപ്പടം കാച്ചാൻ വെച്ച തിളച്ച എണ്ണ ഒഴിച്ച് അനുജൻ. ഭദ്രകാളി അമ്മൻ ക്ഷേത്രത്തെരുവ് ത്യാഗി ശിവറാം നഗറിലെ സി സൂര്യപ്രകാശാ(25)ണ് ജ്യേഷ്ഠൻ ബാലമുരുക(29)ന്റെ മുഖത്തേക്ക് എണ്ണയൊഴിച്ചത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, വേഗത്തിൽ കൂടുതൽ പപ്പടം കാച്ചാൻ സൂര്യപ്രകാശിനോട് ബാലമുരുകൻ ആവശ്യപ്പെട്ടു. ഇതിൽ ക്ഷുഭിതനായ സൂര്യപ്രകാശ് ജ്യേഷ്ഠനുമായി വാക്കുതർക്കത്തിലേർപ്പെട്ടു. തർക്കം കൈയാങ്കളിയിലെത്തുകയും ഇതിനിടെ അടുപ്പിൽ തിളച്ചുകൊണ്ടിരുന്ന എണ്ണയെടുത്ത് ബലമുരുകന്റെ മുഖത്തേക്ക് ഒഴിക്കുകയുമായിരുന്നു. തുടർന്ന് വീട്ടുകാർ ബാലമുരുകനെ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ബാലമുരുകൻ നൽകിയ പരാതിയിൽ രാമനാഥപുരം പൊലീസ് കേസെടുത്ത് സൂര്യപ്രകാശിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Content Highlights: Younger brother pours boiling oil to brother's face