
പാലക്കാട്: പാലക്കാട് നഗരമധ്യത്തിൽ കെ സുധാകരൻ അനുകൂല പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കോട്ടമൈതാനത്തിന് സമീപം ഐഎംഎ ജംഗ്ഷനിലാണ് സുധാകരനായുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
'പദവി ഉണ്ടെങ്കിലും ഇല്ലെങ്കിലും കെ എസ് എന്ന കുമ്പക്കുടി സുധാകരൻ തന്നെയാണ് സാധാരണ കോൺഗ്രസ് പ്രവർത്തകരുടെ തലയെടുപ്പുള്ള രാജാവ്' എന്നാണ് പോസ്റ്ററിൽ ഉള്ളത്. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകൾ സ്ഥാപിച്ചിട്ടുള്ളത്. നേരത്തെ തൃശ്ശൂരിലും തിരുവനന്തപുരത്തും സുധാകര അനുകൂലമായ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. 'കോൺഗ്രസിനെ നയിക്കാൻ കേരളത്തിൽ കെ സുധാകരൻ' എന്നെഴുതിയ പോസ്റ്ററുകളാണ് തൃശ്ശൂരിൽ പ്രത്യക്ഷപ്പെട്ടത്. സുധാകരനെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റുന്നതിന് മുൻപായിരുന്നു പോസ്റ്ററുകൾ ഉയർന്നത്.
തിരുവനന്തപുരത്തെ കെപിസിസി ഓഫീസിന് മുന്നിലും സുധാകരനെ അനുകൂലിച്ച് ഫ്ളക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടിരുന്നു. 'കെ എസ് തുടരണം' എന്ന തലക്കെട്ടിലായിരുന്നു ബോർഡ്. 'കെ സുധാകരൻ തുടരട്ടെ, പിണറായി ഭരണം തുലയട്ടെ' എന്നാണ് ബോർഡിലെ വാചകം. കോൺഗ്രസിന് ഊർജ്ജം പകരാൻ ഊർജ്ജസ്വലതയുള്ള നേതാവെന്നും സുധാകരനെ പിന്തുണച്ച് ഫ്ളക്സിൽ എഴുതിയിട്ടുണ്ട്. കെഎസ്‌യുവിൻ്റെയും യൂത്ത് കോൺഗ്രസിന്റെയും പേരിലായിരുന്നു ബോർഡ്.
അതേസമയം, പുതിയ കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് നാളെയാണ് ചുമതലയേൽക്കുക. രാവിലെ 9.30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ വെച്ച് കെ സുധാകരൻ സണ്ണി ജോസഫിന് ചുമതല കൈമാറും. മെയ് എട്ടിനാണ് പുതിയ കെപിസിസി നേതൃത്വത്തെ മല്ലികാർജുൻ ഖർഗെ പ്രഖ്യാപിച്ചത്. നിലവിലെ സംസ്ഥാന അധ്യക്ഷൻ കെ സുധാകരനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സ്ഥിരം ക്ഷണിതാവാക്കിയിരുന്നു.
Content Highlights: K Sudhakaran support poster at palakkad after congress reorganisation