യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തര്‍ക്കമില്ല, വിസ്മയങ്ങള്‍ തുടരും; വി ഡി സതീശന്‍

തളിപ്പറമ്പിലെ കാര്യത്തില്‍ യുഡിഎഫ് ആലോചിച്ച് തീരുമാനമെടുക്കുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി

യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തര്‍ക്കമില്ല, വിസ്മയങ്ങള്‍ തുടരും; വി ഡി സതീശന്‍
dot image

ന്യൂഡല്‍ഹി: യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തര്‍ക്കമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എല്ലാ കാര്യങ്ങളും പരിഗണിച്ച് വേണം തീരുമാനം എടുക്കാനെന്നും വിസ്മയങ്ങള്‍ തുടരുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. പത്ത് വര്‍ഷം കൊണ്ട് സിപിഐഎം തകര്‍ന്നെന്നും അവരുടെ നേതൃത്വം അധഃപതിച്ചെന്നും അദ്ദേഹം പറഞ്ഞു. മുഴുവന്‍ അഴിമതി എന്ന് പറയുന്നത് പ്രധാനപ്പെട്ട നേതാക്കളാണെന്നും തളിപ്പറമ്പിലെ കാര്യത്തില്‍ യുഡിഎഫ് ആലോചിച്ച് തീരുമാനമെടുക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. ആന്തൂര്‍ സാജന്റെ കൊലപാതകത്തിന് ഉത്തരവാദിയായ ആളെയാണ് സിപിഐഎം സ്ഥാനാര്‍ത്ഥിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുന്നതില്‍ ഒരു തിരക്കുമില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇന്ന് പറഞ്ഞിരുന്നു. പട്ടിക ഇന്ന് പ്രഖ്യാപിക്കില്ലെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. നാളെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് ശേഷം ആദ്യ പട്ടിക പ്രഖ്യാപനം നടത്താനാണ് നീക്കം. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നേതാക്കള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമാണെന്നാണ് പുറത്തുവരുന്ന വിവരം. പല മണ്ഡലങ്ങളിലും ഭിന്നാഭിപ്രായമുണ്ട്. തീരുമാനമായ പല മണ്ഡലങ്ങളിലും വീണ്ടും ചര്‍ച്ച നടത്തും. ആദ്യഘട്ട പട്ടിക വൈകാന്‍ കാരണം ഈ തര്‍ക്കമാണെന്നാണ് വിവരം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള നേതൃയോഗം എഐസിസി ആസ്ഥാനത്ത് തുടരുകയാണ്.

എംപിമാർ മത്സരിക്കാൻ ആഗ്രഹിക്കുന്ന സീറ്റുകളിലെ പ്രഖ്യാപനവും വൈകിയേക്കും. കെ സുധാകരൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാകും ഈ സീറ്റുകളിൽ പ്രഖ്യാപനമുണ്ടാകുക. ഹൈക്കമാൻഡാണ് എംപിമാർ മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. തീരുമാനം വരുന്നതുവരെ ആ സീറ്റുകളിൽ സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകില്ല. എന്നാൽ മത്സരിക്കാനുള്ള നീക്കത്തിലാണ് എംപിമാർ എന്നാണ് വിവരം. കേരള ഹൗസിൽ നിന്ന് അടൂർ പ്രകാശ് നോൺലയബിലിറ്റി സർട്ടിഫിക്കേറ്റ് ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടാവുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. 32 സ്ഥാനാര്‍ത്ഥികളെ ഇന്നും രണ്ടാം പട്ടിക ബുധനാഴ്ചയും പ്രഖ്യാപിക്കുമെന്നായിരുന്നു വിവരം.

Content Highlights: There is no dispute over UDF's candidate selection, surprises will continue; VD Satheesan

dot image
To advertise here,contact us
dot image