

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന് ആദായനികുതി വകുപ്പിൽ നിന്ന് വൻ തുകയുടെ നോട്ടീസ് ലഭിച്ചു. 2022–23 സാമ്പത്തിക വർഷത്തെ ആദായനികുതിയുമായി ബന്ധപ്പെട്ട് ഏകദേശം 5,786 കോടി രൂപയുടെ അധിക നികുതി ആവശ്യപ്പെട്ടുകൊണ്ടുള്ള ഡ്രാഫ്റ്റ് അസസ്‌മെന്റ് ഓർഡർ ആണ് കമ്പനിക്ക് ലഭിച്ചിരിക്കുന്നത്.

കമ്പനി സമർപ്പിച്ച നികുതി റിട്ടേണിലെ ചില വരുമാന കണക്കുകളും കിഴിവുകളും ആദായനികുതി വകുപ്പ് തള്ളിക്കളഞ്ഞതിനെ തുടർന്നാണ് അധിക തുക നിശ്ചയിച്ചിരിക്കുന്നത്. സാധാരണയായി ഒരു കമ്പനിയുടെ നികുതി നിർണയം പൂർത്തിയാകുമ്പോൾ, അതിൽ എന്തെങ്കിലും തർക്കങ്ങളോ അധിക ബാധ്യതകളോ ഉണ്ടെങ്കിൽ നികുതി വകുപ്പ് നൽകുന്ന പ്രാഥമിക അറിയിപ്പാണ് ഡ്രാഫ്റ്റ് അസസ്‌മെന്റ് ഓർഡർ.
മൊത്തം ലാഭം അല്ലെങ്കിൽ നഷ്ടം, അടയ്ക്കേണ്ട നികുതി തുക, റീഫണ്ട് ഉണ്ടെങ്കിൽ അത് തുടങ്ങിയ വിവരങ്ങൾ ഇതിൽ അടങ്ങിയിരിക്കും.
ഉത്തരവിനെതിരെ ശക്തമായി പോരാടാനാണ് മാരുതി സുസുക്കിയുടെ തീരുമാനം. ആദായനികുതി വകുപ്പിന്റെ നിർദേശങ്ങൾക്കെതിരെ കമ്പനി ഡിസ്പ്യൂട്ട് റെസല്യൂഷൻ പാനൽ (ഡിആർപി) മുമ്പാകെ പരാതി നൽകും. ഈ നടപടിക്രമം നിലവിൽ ഒരു കരട് ഉത്തരവ് മാത്രമായതിനാൽ, കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളെയോ സാമ്പത്തിക സ്ഥിതിയെയോ ഇത് ഇപ്പോൾ ബാധിക്കില്ലെന്ന് മാരുതി സുസുക്കി സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു.

മാരുതി സുസുക്കി ഇത്തരത്തിലുള്ള നികുതി തർക്കങ്ങൾ നേരിടുന്നത് ഇതാദ്യമല്ല. നേരത്തെ, 2021-22 സാമ്പത്തിക വർഷത്തിലും സമാന രീതിയിൽ 2,966 കോടി രൂപയുടെ അധിക നികുതി നിർദേശം കമ്പനിക്ക് ലഭിച്ചിരുന്നു. കൂടാതെ, മറ്റ് വർഷങ്ങളിലെ നികുതി പുനർനിർണയവുമായി ബന്ധപ്പെട്ട നോട്ടീസുകൾ ഡൽഹി ഹൈക്കോടതി റദ്ദാക്കിയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
നിയമപരമായ പോരാട്ടത്തിലൂടെ ഈ ബാധ്യത ഒഴിവാക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കമ്പനി അധികൃതർ. നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. നിയമ നടപടികളിലൂടെ തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
Content Highlights: Maruti Suzuki faces Rs 5786 crore draft tax order; to challenge before panel