നിരവധി സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച പഹൽഗാം ഭീകരാക്രമണം; 'ഓപ്പറേഷൻ സിന്ദൂർ' പേര് നിർദേശിച്ചത് മോദി

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ പേര് തിരഞ്ഞെടുത്തത്

dot image

ന്യൂഡൽഹി: ഇന്ത്യൻ മണ്ണിൽ കടന്നുകയറി പാക് ഭീകരർ നടത്തിയ ഭീകരാക്രമണത്തിന് അതിശക്തമായ തിരിച്ചടി നൽകുകയാണ് രാജ്യം. 'ഓപ്പറേഷൻ സിന്ദൂർ' എന്ന് പേരിട്ട സൈനിക ആക്രമണത്തിലൂടെ ഒരു രാത്രിയിൽ ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ ലക്ഷ്യം വെച്ചത്. ഈ സൈനിക നീക്കത്തിന് ഓപ്പറേഷൻ സിന്ദൂർ എന്ന പേരിട്ടതിന് പിന്നിലും വൈകാരികമായ കാരണമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ പേര് തിരഞ്ഞെടുത്തത്. ഭീകരവാദികൾ നമ്മുടെ സ്ത്രീകളെ വിധവകളാക്കി. അതിനുള്ള പ്രതികാരമാണിതെന്ന് നിർദേശിച്ചുകൊണ്ട് പ്രധാനമന്ത്രി ഈ പേര് മുന്നിലേക്ക് വെച്ചത്.

വിവാഹിതരായ ഹിന്ദു സ്ത്രീകൾ നെറ്റിയിൽ അണിയുന്നതാണ് സിന്ദൂരം. ഏപ്രിൽ 22-ന് പഹൽഗാമിലെ ബൈസരൻ താഴ്‌വരയിൽ വിനോദസഞ്ചാരികളുൾപ്പെടെ 26 നിരപരാധികളെയാണ് തീവ്രവാദികൾ വെടിവച്ചുകൊന്നത്. പുരുഷൻമാരെയാണ് ഭീകരർ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയത്. ഇതിലൂടെ നിരവധി സ്ത്രീകൾക്കാണ് അവരുടെ ഭർത്താക്കൻമാരെ നഷ്ടമായത്. ഭർത്താവിന്റെ മൃതദേഹത്തിനരികെ കരഞ്ഞുതളർന്നിരുന്ന ഹിമാൻഷിയുടെ ചിത്രവും രാജ്യം മറക്കില്ല. വിവാഹം കഴിഞ്ഞ് ആറാം നാളാണ് നേവിയിൽ ലഫ്റ്റ്നൻറ് കേണലായിരുന്ന വിനയ് നർവാൾ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. വിവാഹശേഷം മധുവിധു ആഘോഷിക്കാനായിരുന്നു ഇരുവരും കശ്മീരിലെത്തിയത്. വിനയ് നർവാളിന്‍റെ മൃതദേഹത്തിനരികെയിരുന്ന ഹിമാൻഷിയുടെ ചിത്രവും ഏറെ ശ്രദ്ധനേടിയിരുന്നു.

ഇതിനോടെല്ലാമുള്ള പ്രതികാര മറുപടി എന്ന നിലയ്ക്കാണ് ദൗത്യത്തിന് 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിട്ടിരിക്കുന്നതെന്ന്.

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകിയതിന് പിന്നാലെ 'നീതി നടപ്പാക്കി, ജയ്ഹിന്ദ്' എന്നാണ് സൈന്യം എക്‌സിൽ കുറിച്ചത്. 'തിരിച്ചടിക്കാൻ തയ്യാർ, ജയിക്കാൻ പരിശീലിച്ചവർ' എന്ന തലക്കെട്ടിൽ മറ്റൊരു വീഡിയോയും സൈന്യം പങ്ക് വെച്ചിരുന്നു. കര, വ്യോമസേനകൾ സംയുക്തമായിട്ടായിരുന്നു ആക്രമണം നടത്തിയത്‌.

കര- വ്യോമ-നാവിക സേനകളുടെ സംയുക്ത നീക്കമായ 'ഓപ്പറേഷൻ സിന്ദൂരി'ലൂടെയാണ് ഇന്ത്യ പാകിസ്താന് മറുപടി നൽകിയത്. ഭീകരരുടെ കേന്ദ്രങ്ങൾ കൃത്യമായി കണ്ടെത്തിയ ശേഷമായിരുന്നു സൈന്യത്തിന്റെ തിരിച്ചടി.

ജയ്ഷെ മുഹ്മദ് സ്വാധീനമേഖലയിലായിരുന്നു ആദ്യ ആക്രമണം. മസൂദ് അസറിന്റെ കേന്ദ്രവും ആക്രമിച്ചു. മുരിഡ്കയിലെ ലഷ്കർ ആസ്ഥാനവും ബഹാവൽപൂരിലെ ജയ്ഷെ ആസ്ഥാനവും ഇന്ത്യൻ സൈന്യം തകർത്തു. ആക്രമണത്തിൽ 30 ഭീകരർ കൊല്ലപ്പെട്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 55 ൽ അധികം പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. മുസഫറാഫാദിലെ ഭീകരകേന്ദ്രം ഇന്ത്യ നിലംപരിശാക്കി.

Content Highlights: Why named operation Sindoor

dot image
To advertise here,contact us
dot image