
ശ്രീനഗർ: ഇന്ത്യ-പാക് സംഘർഷം രൂക്ഷമാകവെ ഇന്ത്യൻ സേനയുടെ ശക്തമായ തിരിച്ചടിയിൽ പാക് കരസേനാംഗങ്ങൾക്ക് ആൾനാശം സംഭവിച്ചതായി റിപ്പോർട്ട്. അതിർത്തിയിൽ വെടിനിർത്തൽ ലംഘിച്ചുകൊണ്ട് പാക് സൈന്യം പീരങ്കികൾ പ്രയോഗിച്ചതിനുള്ള ശക്തമായ തിരിച്ചടിയിൽ പാക് കരസേനാംഗങ്ങളെ വധിച്ചതായാണ് വിവരം. ദൗത്യത്തിൽ പങ്കെടുത്ത വ്യോമസേന പൈലറ്റുമാർ എല്ലാം സുരക്ഷിതരെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ ശക്തമായ തിരിച്ചടിയിൽ പാകിസ്താൻ സൈന്യത്തിന് നാശ നഷ്ടങ്ങൾ സംഭവിച്ചതായാണ് ഔദ്യോഗിക വിവരം.
കര- വ്യോമ-നാവിക സേനകളുടെ സംയുക്ത നീക്കമായ 'ഓപ്പറേഷൻ സിന്ദൂരി'ലൂടെയാണ് ഇന്ത്യ പാകിസ്താന് മറുപടി നൽകിയത്. ഭീകരരുടെ കേന്ദ്രങ്ങൾ കൃത്യമായി കണ്ടെത്തിയ ശേഷമായിരുന്നു സൈന്യത്തിന്റെ തിരിച്ചടി. ജയ്ഷെ മുഹ്മദ് സ്വാധീനമേഖലയിലായിരുന്നു ആദ്യ ആക്രമണം. മസൂദ് അസറിന്റെ കേന്ദ്രവും ആക്രമിച്ചു. മുരിഡ്കയിലെ ലഷ്കർ ആസ്ഥാനവും ബഹാവൽപൂരിലെ ജയ്ഷെ ആസ്ഥാനവും ഇന്ത്യൻ സൈന്യം തകർത്തു. ആക്രമണത്തിൽ 30 ഭീകരർ കൊല്ലപ്പെട്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 55 ൽ അധികം പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. മുസഫറാഫാദിലെ ഭീകരകേന്ദ്രം ഇന്ത്യ നിലംപരിശാക്കി.
ജയ്ഷെ ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ ഭീകരകേന്ദ്രങ്ങൾ, പ്രധാനപ്പെട്ട പ്രസ്ഥാനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് സേനകൾ ഓപ്പറേഷൻ നടത്തിയത്. കൃത്യതയുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ഓപ്പറേഷൻ. ഫ്രാൻസ് നിർമിത സ്കാൽപ് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവ ഇതിനായി സേനകൾ ഉപയോഗിച്ചു. രഹസ്യാന്വേഷണ വിഭാഗങ്ങൾ ഈ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മുൻപുതന്നെ ശേഖരിച്ചിരുന്നു.
തുടർന്ന് മൂന്ന് സേനകൾക്കും ഈ വിവരം കൈമാറി. ശേഷമാണ് സേനകൾ സംയുക്തമായി ആക്രമണ പദ്ധതികൾ തയ്യാറാക്കിയതും ആക്രമിച്ചതും. ഒമ്പത് കേന്ദ്രങ്ങളിലായി ഒമ്പത് മിസൈലുകളാണ് ഒരേ സമയം ഇന്ത്യ വർഷിച്ചത്. ഇതോടെ കനത്ത ആഘാതമാണ് ഭീകരർക്കുണ്ടായത്.
അതേസമയം, ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയിലെ പാക് ഷെല്ലിങ്ങിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. സാധാരണ പൗരന്മാരാണ് കൊല്ലപ്പെട്ടത്. പാക് ഷെല്ലാക്രമണത്തിൽ വീടുകൾ തകരുകയും തീ പിടിക്കുകയും ചെയ്തു. ഉറിയടക്കമുള്ള അതിർത്തി പ്രദേശങ്ങളിൽ ആളുകളെ ബങ്കളുകളിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്തെ അതിർത്തി മേഖലകൾ അതീവ ജാഗ്രതയിലാണ്.
പഹൽഗാം ഭീകരാക്രമണത്തിന് 'ഓപ്പറേഷൻ സിന്ദൂരി'ലൂടെ ഇന്ത്യ നൽകിയ മറുപടി അഭിമാനകരമെന്ന് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി എൻ രാമചന്ദ്രന്റെ മകൾ ആരതി പ്രതികരിച്ചു. വാർത്ത കേട്ടപ്പോൾ സന്തോഷം തോന്നിയെന്നും ഇന്ത്യൻ സൈന്യം അഭിമാനമാണെന്നും ആരതി മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights: Operation Sindoor updates