
ശ്രീനഗർ: പാക്കിസ്ഥാനിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് നന്ദിയറിയിച്ച് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സയ്യിദ് ആദിൽ ഹുസൈൻ ഷായുടെ കുടുംബം. ഇന്ത്യൻ സൈന്യത്തോട് നന്ദി പറയുന്നതായി ആദിലിന്റെ പിതാവ് പറഞ്ഞു. തീവ്രവാദത്തിന്റെ മൂലകാരണം വേരോടെ പിഴുതെറിയണമെന്നും ബൈസരൻ താഴ്വരയിൽ കൊല്ലപ്പെട്ട 26 പേരുടെ മരണത്തിന് ഈ ആക്രമണം പ്രതികാരം ചെയ്‌തെന്നും ആദിലിന്റെ പിതാവ് വാർത്താ ഏജൻസിയായ എഎൻഐ യോട് പ്രതികരിച്ചു.
'എന്റെ മകൻ ഉൾപ്പെടെ 26 പഹൽഗാം ഇരകളുടെ കൊലപാതകത്തിന് പ്രതികാരം ചെയ്തതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞാൻ സർക്കാരിനോട് നന്ദി പറയുന്നു. സുരക്ഷാ സേനയും സർക്കാരും പ്രതികാരം ചെയ്തു. ഭാവിയിൽ, ഇതുപോലെ ആർക്കും ജീവൻ നഷ്ടപ്പെടരുത്. പ്രധാനമന്ത്രി മോദിയിൽ ഞങ്ങൾക്ക് വിശ്വാസമുണ്ടായിരുന്നു, സർക്കാരിനെയും ഇന്ത്യൻ സർക്കാരിനെയും ഞങ്ങൾ വിശ്വസിക്കുന്നു… ഇന്ന് ഞങ്ങൾക്ക് നീതി ലഭിച്ചു' എന്നായിരുന്നു ആദിലിന്റെ പിതാവിന്റെ പ്രതികരണം.
'ഇത്രയും നല്ല നടപടി സ്വീകരിച്ചതിന് നമ്മുടെ സുരക്ഷാ സേനയ്ക്കും, പ്രധാനമന്ത്രി മോദിക്കും, കേന്ദ്ര സർക്കാരിനും, സംസ്ഥാന സർക്കാരിനും ഞാൻ നന്ദി പറയുന്നു നിരപരാധികളുടെ മരണത്തിന് അവർ പ്രതികാരം ചെയ്തു. നമ്മുടെ സർക്കാരിനെക്കുറിച്ച് ഞങ്ങൾക്ക് അഭിമാനം തോന്നുന്നു, ഞങ്ങൾക്ക് അവരിൽ വിശ്വാസമുണ്ടായിരുന്നു' എന്ന് ആദിൽ ഹുസൈൻ ഷായുടെ സഹോദരനും പ്രതികരിച്ചു.
പഹൽഗാമിൽ വിനോദസഞ്ചാരികളെ ഭീകരർ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പ്രദേശത്തെ കുതിരസവാരിക്കാരനായ ആദിൽ കൊല്ലപ്പെടുന്നത്. ആദിലിന്റെ ധീരതയെ രാജ്യമൊന്നടങ്കം ആദരിച്ചിരുന്നു. പഹൽഗാമിലെ ബൈസരൺ വാലിയിലേക്ക് വിനോദസഞ്ചാരികളെ കുതിരപ്പുറത്ത് കൊണ്ടുപോകുന്ന ജോലിയായിരുന്നു ആദിൽ ഹുസൈൻ ഷായ്ക്ക്. അപ്രതീക്ഷിതമായുണ്ടായ ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികൾ പകച്ചുനിന്നപ്പോൾ ആദിൽ ഭീകരന്റെ റൈഫിൾ തട്ടിമാറ്റി അവരെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ മറ്റൊരു ഭീകരൻ ആദിൽ ഹുസൈൻ ഷായ്ക്കുനേരെ വെടിയുതിർക്കുകയായിരുന്നു.
പഹൽഗാം ഭീകരാക്രമണം കഴിഞ്ഞ് 15 ദിവസം പിന്നിടുമ്പോഴാണ് രാജ്യം പാക് ഭീകരർക്ക് ശക്തമായ മറുപടി നൽകിയത്. പുലർച്ചെ 1.05 ഓടെയായിരുന്നു ഇന്ത്യ പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും 9 ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചത്. ജയ്ഷെ ഇ മുഹമ്മദ്, ലഷ്‌കർ ഇ തൊയ്ബ ഭീകരകേന്ദ്രങ്ങൾ അടക്കമുള്ളവയായിരുന്നു ഇത്. കൃത്യതയുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ഓപ്പറേഷൻ. ഫ്രാൻസ് നിർമിത സ്‌കാൽപ് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവ ഇതിനായി സേനകൾ ഉപയോഗിച്ചിരുന്നു.
രഹസ്യാന്വേഷണ വിഭാഗങ്ങൾ ഈ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മുൻപുതന്നെ ശേഖരിച്ചിരുന്നു. തുടർന്ന് മൂന്ന് സേനകൾക്കും ഈ വിവരം കൈമാറി. ശേഷമാണ് സേനകൾ സംയുക്തമായി ആക്രമണ പദ്ധതികൾ തയ്യാറാക്കിയതും ആക്രമിച്ചതും. ഒമ്പത് കേന്ദ്രങ്ങളിലായി ഒമ്പത് മിസൈലുകളാണ് ഒരേ സമയം ഇന്ത്യ വർഷിച്ചത്. ഇതോടെ കനത്ത ആഘാതം ഭീകരർക്കുനേരെ ഉണ്ടാവുകയായിരുന്നു.
#WATCH | Anantnag, J&K: Syed Adil Hussain Shah, a local, died in the Pahalgam terror attack while trying to save the tourists
— ANI (@ANI) May 7, 2025
On #OperationSindoor, his father Hyder Shah says, " We are delighted that killing of those 26 Pahalgam victims including my son, has been avenged. I… pic.twitter.com/vYOkpgiI39
ആക്രമണത്തിൽ ഭീകരൻ മസൂദ് അസറിന്റെ ക്യാംപ് അടക്കം സൈന്യം തകർത്തിരുന്നു. സെനിക തിരിച്ചടി നടത്തി മണിക്കൂറുകൾക്കുള്ളിൽ സൈന്യം ഓപ്പറേഷൻ സിന്ദൂർ വിശദീകരിച്ച് സൈന്യം വാർത്താസമ്മേളനം നടത്തിയിരുന്നു. കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങും ചേർന്നായിരുന്നു വാർത്താസമ്മേളനം നടത്തിയത്.
ആക്രമണത്തിൽ 9 ഭീകര കേന്ദ്രങ്ങൾ തകർത്തതായിസൈന്യം അറിയിച്ചു.
കൃത്യമായ തെളിവുകൾ പങ്കുവെച്ചുകൊണ്ടായിരുന്നു സൈന്യത്തിൻറെ വാർത്താസമ്മേളനം.സാധാരണ ജനങ്ങൾക്ക് യാതൊരു കുഴപ്പവും വരാത്ത വിധമുള്ള ആക്രമണം ഉറപ്പാക്കും വിധമാണ് ആക്രമണ കേന്ദ്രങ്ങൾ തിരഞ്ഞെടുത്തതെന്നും കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങും വിശദീകരിച്ചിരുന്നു.
ഇതിനിടെ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അതിർത്തി ഗ്രാമങ്ങളിൽ പാകിസ്താൻ ഷെല്ലാക്രമണം നടത്തിയിരുന്നു. ഗ്രാമവാസികൾക്ക് നേരെ നടത്തിയ ഷെല്ലാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ ഉണ്ട്.
Content Highlights: Family of pony ride operator, killed in Pahalgam reacts to Operation Sindoor |