
ന്യൂഡൽഹി: പാക് ഭീകര കേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ സേനയുടെ നടപടി സ്വാഗതം ചെയ്ത് കോൺഗ്രസ്. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകൾ തകർത്ത ഇന്ത്യൻ സേനയിൽ അഭിമാനിക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ.
അവരുടെ ദൃഢനിശ്ചയത്തെയും ധൈര്യത്തെയും അഭിനന്ദിക്കുന്നു. ഭീകരതക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസ് സേനയ്ക്കും സർക്കാരിനുമൊപ്പം ഉറച്ചുനിന്നു. ഒറ്റക്കെട്ടായി നിൽക്കണമെന്നും ഖർഗെ ആവശ്യപ്പെട്ടു. ദേശീയ ഐക്യവും ഐക്യദാർഢ്യവുമാണ് കാലഘട്ടത്തിന്റെ ആവശ്യം. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നമ്മുടെ സായുധ സേനയ്‌ക്കൊപ്പം നിൽക്കുന്നു. ദേശീയ താൽപ്പര്യമാണ് തങ്ങൾക്ക് പരമപ്രധാനമെന്നും ഖർഗെ എക്സിൽ കുറിച്ചു.
India has an unflinching National Policy against all forms of terrorism emanating from Pakistan and PoK.
— Mallikarjun Kharge (@kharge) May 7, 2025
We are extremely proud of our Indian Armed Forces who have stuck terror camps in Pakistan and PoK. We applaud their resolute resolve and courage.
Since the day of the…
ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിതെന്നും കോൺഗ്രസ് ഇന്ത്യയുടെ സായുധ സേനയ്‌ക്കൊപ്പമാണെന്നും ജയറാം രമേശ് എംപി പറഞ്ഞു. സേനയെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കുറിച്ചു.
പാക് ഭീകര കേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണത്തെ സ്വാഗതം ചെയ്ത് എഐഎംഐഎം മേധാവി അസദുദ്ദീൻ ഉവൈസിയും രംഗത്തെത്തി. 'പാകിസ്താനിലെ ഭീകര ക്യാമ്പുകളിൽ ഇന്ത്യൻ സേന നടത്തിയ സർജിക്കൽ സ്‌ട്രൈക്കിനെ ഞാൻ സ്വാഗതം ചെയ്യുന്നു. ഇനിയൊരു പഹൽഗാം ആവർത്തിക്കാതിരിക്കാൻ പാകിസ്താനെ പാഠം പഠിപ്പിക്കണം. പാകിസ്താന്റെ ഭീകരകേന്ദ്രങ്ങൾ പൂർണ്ണമായും നശിപ്പിക്കണം. ജയ് ഹിന്ദ്' എന്നാണ് ഉവൈസി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്.
Proud of our Armed Forces. Jai Hind!
— Rahul Gandhi (@RahulGandhi) May 7, 2025
പഹൽഗാം ഭീകരാക്രമണത്തിന് 'ഓപ്പറേഷൻ സിന്ദൂരി'ലൂടെ ഇന്ത്യ നൽകിയ മറുപടി അഭിമാനകരമെന്ന് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി എൻ രാമചന്ദ്രന്റെ മകൾ ആരതി പ്രതികരിച്ചു. വാർത്ത കേട്ടപ്പോൾ സന്തോഷം തോന്നിയെന്നും ഇന്ത്യൻ സൈന്യം അഭിമാനമാണെന്നും ആരതി മാധ്യമങ്ങളോട് പറഞ്ഞു.
കര- വ്യോമ-നാവിക സേനകളുടെ സംയുക്ത നീക്കമായ 'ഓപ്പറേഷൻ സിന്ദൂരി'ലൂടെയാണ് ഇന്ത്യ പാകിസ്താന് മറുപടി നൽകിയത്. ഭീകരരുടെ കേന്ദ്രങ്ങൾ കൃത്യമായി കണ്ടെത്തിയ ശേഷമായിരുന്നു സൈന്യത്തിന്റെ തിരിച്ചടി. ജയ്ഷെ മുഹ്മദ് സ്വാധീനമേഖലയിലായിരുന്നു ആദ്യ ആക്രമണം. മസൂദ് അസറിന്റെ കേന്ദ്രവും ആക്രമിച്ചു. മുരിഡ്കയിലെ ലഷ്കർ ആസ്ഥാനവും ബഹാവൽപൂരിലെ ജയ്ഷെ ആസ്ഥാനവും ഇന്ത്യൻ സൈന്യം തകർത്തു. ആക്രമണത്തിൽ 30 ഭീകരർ കൊല്ലപ്പെട്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 55 ൽ അധികം പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. മുസഫറാഫാദിലെ ഭീകരകേന്ദ്രം ഇന്ത്യ നിലംപരിശാക്കി.
ജയ്ഷെ ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ ഭീകരകേന്ദ്രങ്ങൾ, പ്രധാനപ്പെട്ട പ്രസ്ഥാനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് സേനകൾ ഓപ്പറേഷൻ നടത്തിയത്. കൃത്യതയുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ഓപ്പറേഷൻ. ഫ്രാൻസ് നിർമിത സ്കാൽപ് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവ ഇതിനായി സേനകൾ ഉപയോഗിച്ചു. രഹസ്യാന്വേഷണ വിഭാഗങ്ങൾ ഈ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മുൻപുതന്നെ ശേഖരിച്ചിരുന്നു.
തുടർന്ന് മൂന്ന് സേനകൾക്കും ഈ വിവരം കൈമാറി. ശേഷമാണ് സേനകൾ സംയുക്തമായി ആക്രമണ പദ്ധതികൾ തയ്യാറാക്കിയതും ആക്രമിച്ചതും. ഒമ്പത് കേന്ദ്രങ്ങളിലായി ഒമ്പത് മിസൈലുകളാണ് ഒരേ സമയം ഇന്ത്യ വർഷിച്ചത്. ഇതോടെ കനത്ത ആഘാതമാണ് ഭീകരർക്കുണ്ടായത്.
Content Highlights: Congress welcomed Indian Army's Operation Sindoor