
കൊളംബോ: ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലെ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പഹൽഗാം ഭീകരൻ ഉണ്ടെന്ന നിലയില്‍ വന്ന സന്ദേശം വ്യാജം. ശ്രീലങ്കയും ഇന്ത്യയും ഇക്കാര്യം വ്യക്തമാക്കി. ചെന്നൈയിൽ നിന്ന് പുറപ്പെട്ട വിമാനത്തിൽ സംശയാസ്പദമായ ഒരാളുണ്ടെന്ന ഇന്ത്യയിൽ നിന്നുള്ള വിവരത്തെ തുടർന്നായിരുന്നു പരിശോധന നടന്നത്. ഇന്ന് 12 മണിക്കാണ് വിമാനം ചെന്നൈയിൽ നിന്ന് കൊളംബോയിൽ എത്തിയത്. യുഎൽ 122 എന്ന വിമാനത്തിലാണ് പരിശോധന നടന്നത്. പരിശോധന നടന്നെന്ന് ശ്രീലങ്കൻ എയർലൈൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരായ നടപടികൾ ഇന്ത്യ കടുപ്പിച്ചു. പാകിസ്താനിൽ നിന്നുളള എല്ലാ ഇറക്കുമതികളും ഇന്ത്യ നിരോധിച്ചിരിക്കുകയാണ്. ദേശീയ സുരക്ഷയുടെയും പൊതുനയത്തിന്റെയും താൽപര്യങ്ങൾ കണക്കിലെടുത്താണ് തീരുമാനമെന്ന് സർക്കാർ വ്യക്തമാക്കി. പാകിസ്താനിൽ നിർമ്മിക്കുന്നതോ അവിടെനിന്ന് കയറ്റുമതി ചെയ്യുന്നതോ ആയ എല്ലാ വസ്തുക്കളുടെയും ഇറക്കുമതി ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ നിരോധിക്കുകയാണെന്ന് വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു വിദേശ വിനോദസഞ്ചാരിയുൾപ്പെടെ 26 പേരാണ് കൊല്ലപ്പെട്ടത്. ബൈസരൺവാലിയിലെ പൈൻമരക്കാടുകളിൽ നിന്ന് ഇറങ്ങിവന്ന ഭീകരർ വിനോദസഞ്ചാരികൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ഇന്ത്യ പാകിസ്താനെതിരെ കടുത്ത നടപടികളാണ് സ്വീകരിച്ചത്.
Content Highlights: Srilanka Security Operation at Colombo airport about presence of terror suspects turned out to be a hoax call as per official sources in New Delhi and Colombo.