
ഗാന്ധിനഗർ: പതിമൂന്ന് വയസ്സുകാരനായ വിദ്യാർത്ഥിയെ 23വയസ്സുകാരിയായ അധ്യാപിക തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഗുജറാത്തിലെ സൂറത്തിലാണ് പതിമൂന്നുകാരനോട് പ്രണയം തോന്നിയ അധ്യാപിക ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ആറ് ദിവസത്തോളം പീഡിപ്പിച്ചത്. അഞ്ച് വർഷത്തോളമായി പതിമൂന്നുകാരന് ട്യൂഷൻ നൽകി വരികയായിരുന്നു അധ്യാപിക. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പതിമൂന്നുകാരനുമായി പ്രണയത്തിലായ അധ്യാപിക കുട്ടിയുമായി ശാരീരിക ബന്ധവും പുലർത്തിയിരുന്നു. ഇത് കണ്ടെത്തിയതോടെയാണ് പോക്സോ, പീഡനം, തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള വകുപ്പുകൾ അധ്യാപികയ്ക്കെതിരെ ചുമത്തി അറസ്റ്റ് ചെയ്തത്. ഏപ്രിൽ 25നാണ് ഇരുവരെയും കാണാതായത്. തുടർന്ന് കുട്ടിയുടെ പിതാവ് ഏപ്രിൽ 26ന് ട്യൂഷൻ ക്ലാസിൽ പോയ തന്റെ മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ സൂറത്ത് റെയിൽവേ സ്റ്റേഷനിൽ ഇരുവരുമിരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ട്രെയിനിൽ കയറാനായി അധ്യാപികയും പതിമൂന്ന്കാരനും ഏറെ നേരം സൂറത്ത് റെയിൽവേ സ്റ്റേഷനിൽ ചിലവഴിച്ചിരുന്നു. തിരക്ക് അധികമാണെന്ന് കണ്ട് ഇവർ ബസ് മാർഗം രാജസ്ഥാനിലേക്ക് പോയി. ഇരുവരും അഹമ്മദാബാദിലെ ഒരു ഹോട്ടലിൽ താമസിച്ച ശേഷം ഇവിടെ നിന്നും ഡൽഹിയിലേക്കും പിന്നീട് ജയ്പൂരിലേക്കും പോവുകയായിരുന്നു.
ജയ്പൂരിൽ നിന്ന് ആഡംബര ബസിൽ ഇവർ ഗുജറാത്തിലേക്ക് മടങ്ങുന്നതായും പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് സൂറത്ത് പൊലീസ് ബസ് തടഞ്ഞ് നടത്തിയ അന്വേഷണത്തിൽ അധ്യാപികയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വസ്ത്രവും 25,000 രൂപയുമായാണ് അധ്യാപിക പതിമൂന്നുകാരനൊപ്പം നാട് വിട്ടത്.
content highlights : Surat teacher who kidnapped her 13-year-old student arrested, POCSO invoked; teenager rescued