
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന ഹര്‍ജിയില്‍ ഹര്‍ജിക്കാരെ അതിരൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. കുറച്ച് ഉത്തരവാദിത്തം കാണിക്കാന്‍ ഹര്‍ജിക്കാരന്‍ തയ്യാറാകണമെന്ന് കോടതി പറഞ്ഞു. ഇത്തരം ഹര്‍ജികള്‍ നല്‍കേണ്ട സമയമല്ല ഇതെന്നും സുരക്ഷാസേനയുടെ ആത്മവിര്യം തകര്‍ക്കരുതെന്നും സുപ്രീം കോടതി പറഞ്ഞു.
'രാജ്യം മുഴുവന്‍ ഭീകരവാദത്തിനെതിരെ കൈകോര്‍ക്കുകയാണ്. ഇന്ത്യന്‍ സേനയില്‍ ഹര്‍ജിക്കാരന് വിശ്വാസമില്ലേ. സൈന്യത്തിന് നടത്താന്‍ കഴിയാത്ത അന്വേഷണം ജഡ്ജിമാര്‍ക്ക് സാധിക്കുമെന്നാണോ കരുതുന്നത്', സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് വിമര്‍ശനം. ജുനൈദ് മുഹമ്മദ്, ഫത്തേഷ്‌കുമാര്‍ സാഹു, വിക്കികുമാര്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. കോടതിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് ഹര്‍ജി പിന്‍വലിച്ചു.
അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയുള്ള പരസ്പരമുള്ള തിരിച്ചടികളുടെ ഭാഗമായി പാകിസ്താന്‍ വാഗാ അതിര്‍ത്തി അടച്ചു. ഇന്ത്യയില്‍ നിന്ന് തിരിച്ചുപോകുന്ന പാക് പൗരന്മാരെയും അതിര്‍ത്തി കടക്കാന്‍ പാകിസ്താന്‍ അനുവദിക്കുന്നില്ല. എന്നാല്‍ പാക് പൗരന്മാര്‍ ഏപ്രില്‍ 30നകം രാജ്യം വിടണമെന്ന ഉത്തരവില്‍ ഇന്ത്യ ഇളവുവരുത്തിയിട്ടുണ്ട്. പാകിസ്താനുമായുള്ള യാത്ര-ആശയവിനിമയ ബന്ധങ്ങളും ഇന്ത്യ നിര്‍ത്തും. സമുദ്രാതിര്‍ത്തിയില്‍ ഇന്ത്യന്‍ നാവികസേന സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
Content Highlights: Supreme Court criticize petition on Judicial investigation for Pahalgam attack