
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ലഷ്‌കർ-ഇ-തൊയ്ബ ടോപ് കമാൻഡറെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). പാകിസ്താനിൽ നിന്നുളള ലഷ്കറെ കമാൻഡർ ഫാറൂഖ് അഹമ്മദാണ് കശ്മീരിൽ ഭീകരർക്ക് പരിശീലനം നൽകിയതെന്നാണ് റിപ്പോർട്ടുകൾ. ഇയാൾക്കായി എൻഐഎ തിരച്ചിൽ ഊർജിതമാക്കി. കുപ്‌വാരയിലെ അഹമ്മദിന്റെ വീട് അടുത്തിടെ സുരക്ഷാ സേന പൊളിച്ചുമാറ്റിയിരുന്നു.
നിലവിൽ പാക് അധിനിവേശ കശ്മീരിൽ (പിഒകെ) ഉണ്ടെന്ന് കരുതപ്പെടുന്ന അഹമ്മദ്, കഴിഞ്ഞ രണ്ട് വർഷത്തിനിടെ തന്റെ സ്ലീപ്പർ സെൽ ശൃംഖല വഴി കശ്മീരിൽ ഒന്നിലധികം ഭീകരാക്രമണങ്ങൾ സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് 25 വിനോദസഞ്ചാരികളെയും ഒരു കശ്മീരിയെയും കൊലപ്പെടുത്തിയ പഹൽഗാം ആക്രമണമാണ്. പാകിസ്താനിലെ മൂന്ന് സെക്ടറുകളിൽ നിന്ന് കശ്മീരിലേക്ക് നുഴഞ്ഞുകയറ്റം നടത്താൻ അഹമ്മദ് സൗകര്യമൊരുക്കുന്നുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു. ഇയാൾക്ക് താഴ്‌വരയിലെ പർവത പാതകളെക്കുറിച്ച് വിശാലമായ അറിവുണ്ടെന്നാണ് പറയപ്പെടുന്നത്. അതേസമയം, ഭീകരാക്രമണം എൻഐഎ പുനരാവിഷ്കരിച്ചു.
ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരീക്ഷണം.
അതേസമയം, പാകിസ്താന് കനത്ത തിരിച്ചടി നൽകാനാണ് ഇന്ത്യയുടെ തീരുമാനം. ഇന്ത്യയുടെ ആക്രമണം ഏത് നിമിഷവും ഉണ്ടാകാമെന്ന ജാഗ്രതയിലാണ് പാകിസ്താൻ. 24 മുതൽ 36 മണിക്കൂറിനുളിൽ ഇന്ത്യ അക്രമിക്കുമെന്നും പാകിസ്താൻ തയ്യാറെടുക്കുകയുകയാണ് എന്നും പാക് മന്ത്രി അത്താഉല്ല തരാർ പറഞ്ഞു. എക്‌സിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
തിരിച്ചടിക്കായി ഇന്ത്യൻ സൈന്യത്തിന് കേന്ദ്ര സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകിയിരിക്കെയാണ് തരാർ ആശങ്ക പങ്കുവെച്ചത്. ഏത് സമയത്ത്, ഏത് തരത്തിലുള്ള തിരിച്ചടി നടത്തണമെന്ന് സൈന്യത്തിന് തീരുമാനിക്കാമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഇന്ത്യൻ സൈന്യത്തിൽ പൂർണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു. ഔദ്യോഗിക വസതയിൽ ചേർന്ന യോഗത്തിലായിരുന്നു പ്രധാനമന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്.
Content Highlights: Lashkar commander's network played key role in Pahalgam attack