
ഹൊറര്‍ സിനിമകളിലൊക്കെ തലയില്ലാത്ത ജീവികളെ നമ്മള്‍ കണ്ടിട്ടുണ്ട്. അവ തലയില്ലാതെ സംസാരിക്കും, നടക്കും, കാര്യങ്ങളൊക്കെ ചെയ്യും എന്നാല്‍ നമ്മുടെ ചുറ്റും പറന്ന് നടക്കുന്ന പാറ്റയും അത്തരത്തിലൊരു അത്ഭുത ജീവിയാണ്. കാരണമെന്താണെന്നല്ലേ. പാറ്റകള്‍ക്ക് തലയില്ലാതെ ഒരു ആഴ്ചയോളം ജീവിക്കാന്‍ കഴിയുമത്രേ. മിക്ക ജീവികളും തല അറ്റുപോയാല്‍ എത്രയും വേഗം മരിക്കുമ്പോള്‍ പാറ്റകള്‍ മാത്രം അവയുടെ പ്രത്യേക ജീവശാസ്ത്രം കാരണം മരണത്തെ മറികടക്കുന്നു.
എന്താണ് പാറ്റയുടെ അതിജീവനത്തിന് പിന്നിലെ ശാസ്ത്രം
മനുഷ്യനെയും മറ്റ് ജീവികളെയും പോലെയല്ല. പാറ്റകള്‍ ജീവിതത്തിലെ പല നിര്‍ണ്ണായക പ്രവര്‍ത്തനങ്ങള്‍ക്കും അവ തലയെ ആശ്രയിക്കുന്നില്ല. ഒരു പാറ്റയുടെ തല നഷ്ടപ്പെട്ടാല്‍ അത് പെട്ടെന്ന് മരിക്കില്ല. അതിന്റെ രക്ത ചംക്രമണ വ്യൂഹം വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു. പാറ്റകള്‍ക്ക് തുറന്ന രക്ത ചംക്രമണ സംവിധാനവും താരതമ്യേനെ കുറഞ്ഞ രക്ത സമ്മര്‍ദ്ദവുമാണ് ഉള്ളത്. അതായത് വേഗത്തില്‍ മരിക്കാന്‍ തക്കവിധം വലിയ രക്തനഷ്ടം അവയ്ക്ക് ഉണ്ടാകുന്നില്ല.കഴുത്തിലെ മുറിവ് സാധാരണയായി വേഗത്തില്‍ കട്ടപിടിക്കുകയും മുറിവ് പൂര്‍ണമായി അടയുകയും ചെയ്യുന്നു.
ശ്വസന വ്യവസ്ഥയാണ് അവയുടെ അതിജീവനത്തിന്റെ മറ്റൊരു താക്കോല്‍.മനുഷ്യര്‍ മൂക്കിലൂടെയും വായിലൂടെയും ശ്വസിക്കുമ്പോള്‍ പാറ്റകള്‍ അവയുടെ ശരീര ഭാഗങ്ങളിലെ ചെറിയ ദ്വാരങ്ങളിലൂടെ ശ്വസിക്കുന്നു. 'ഡിസ്‌കവര്‍ വൈല്‍ഡ്‌ലൈഫ്' പറയുന്നതനുസരിച്ച് പാറ്റയുടെ തലച്ചോറ് അതിന്റെ ശ്വസനത്തെ നിയന്ത്രിക്കുന്നില്ല, രക്തം ശരീരത്തിലേക്ക് പമ്പ് ചെയ്യുന്നില്ല. പകരം ശ്വാസനാളം പോലെയുള്ള ഒരുകൂട്ടം ട്യൂബുകള്‍ വഴി വായൂ നേരിട്ട് കോശങ്ങളിലേക്ക് എത്തിുകയാണ്.
തലച്ചോറില്ലാതെ ചലിക്കാന്‍ കഴിയും
ഏറ്റവും ശ്രദ്ധേയമായ കാര്യം പാറ്റകള്‍ക്ക് തലച്ചോറില്ലാതെ ചലിക്കാന്‍ സാധിക്കും എന്നതാണ്. അതിന് കാരണം പാറ്റകളുടെ ശരീരത്തിലുടനീളമുള്ള ഗാംഗ്ലിയയ്ക്ക് നടത്തം പോലെയുള്ള അടിസ്ഥാന ചലനങ്ങളെ ഏകോപിപ്പിക്കാനും സ്പര്‍ശനം അല്ലെങ്കില്‍ വെളിച്ചം പൊലെയുളള ലളിതമായ ഉത്തേജകങ്ങളോട് പ്രതികരിക്കാനും കഴിയുന്നതിനാലാണ്.
അതിജീവനത്തിന് പരിധിയുണ്ട്
തലയില്ലാത്ത ഒരു പാറ്റയ്ക്ക് പ്രാരംഭ ആഘാതത്തെ അതിജീവിച്ച് അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ കഴിയുമെങ്കിലും അതിന് ഒരുപാട് നാള്‍ ജീവിക്കാന്‍ കഴിയില്ല. വായ ഇല്ലാത്തതുകൊണ്ട് പോഷകാഹാരവും വെള്ളവും ലഭിക്കാത്തതിനാല്‍ അവ പട്ടിണി മൂലമോ നിര്‍ജലീകരണം മൂലമോ മരിക്കും. തലയില്ലാത്ത പാറ്റകള്‍ സാധാരണയായി ഏതാനും ആഴ്ചകള്‍ വരെ ജീവിച്ചിരുന്നേക്കാം. ഇത് അവയുടെ പാരിസ്ഥിതിക സാഹചര്യങ്ങളെയും അവയുടെ ആരോഗ്യത്തെയും ആശ്രയിച്ചിരിക്കും. അവയുടെ ഊര്‍ജ്ജ ശേഖരം കുറയുമ്പോള്‍ പ്രതികരണശേഷി കുറയുകയും അവയുടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്യുന്നു.
Content Highlights :Cockroaches are not like humans and other animals. Cockroaches can live for about a week without a head