ബോക്സ് ഓഫീസിൽ തൂത്തുവാരി ഇപ്പോൾ നെറ്റ്ഫ്ലിക്സിലും ഭരണം,18 രാജ്യങ്ങളില്‍ ടോപ്പ് 10 ലിസ്റ്റിൽ റെയ്ഡ് 2

ജൂൺ 26 ന് നെറ്റ്ഫ്ലിക്സിൽ എത്തിയ ചിത്രം ഒരാഴ്ച കൊണ്ട് 56 ലക്ഷം കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്.

dot image

അജയ് ദേവ്ഗൺ നായകനായ ഏറ്റവും പുതിയ ചിത്രമാണ് റെയ്ഡ് 2. മെയ് ഒന്നിന് തിയേറ്ററിലെത്തിയ സിനിമ ബോക്സ് ഓഫീസിൽ വലിയ ചലനമാണ് ഉണ്ടാക്കിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. ചിത്രം 100 കോടി ക്ലബിലും ഇടം പിടിച്ചിരുന്നു. നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയിൽ എത്തിയ ചിത്രം ഇപ്പോൾ തരംഗം തീർക്കുകയാണ്. നെറ്റ്ഫ്ലിക്സിന്‍റെ ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ ആഗോള ടോപ്പ് 10 ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണ് നിലവില്‍ റെയ്ഡ് 2.

ജൂൺ 26 ന് നെറ്റ്ഫ്ലിക്സിൽ എത്തിയ ചിത്രം ഒരാഴ്ച കൊണ്ട് 56 ലക്ഷം കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്. ഒന്‍പത് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ള ചിത്രം 18 രാജ്യങ്ങളില്‍ ടോപ്പ് 10 ലിസ്റ്റിലും ഉണ്ട്. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ബഹ്‍റൈന്‍, മാലിദ്വീപ്, ഒമാന്‍, ഖത്തര്‍, യുഎഇ, മൗറീഷ്യസ് എന്നിവിടങ്ങളിലാണ് ചിത്രം ഒന്നാം സ്ഥാനത്ത് ഉള്ളത്. കൂടാതെ ഓസ്ട്രേലിയ, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, കെനിയ, നൈജീരിയ, കുവൈറ്റ്, ശ്രീലങ്ക, മലേഷ്യ, സൗദി അറേബ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ടോപ്പ് 10 ലിസ്റ്റിലും ചിത്രമുണ്ട്.

ആഗോളതലത്തിൽ 165 കോടിയിലധികം നേടിയ ചിത്രമാണ് റെയ്‌ഡ്‌ 2. സൽമാൻ ഖാന്റെ സിക്കന്ദർ, സണ്ണി ഡിയോളിന്റെ ജാട്ട്, അക്ഷയ് കുമാറിന്റെ കേസരി 2 എന്നിവയെ മറികടന്ന് 2025 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബോളിവുഡ് സിനിമകളുടെ പട്ടികയിൽ ഈ ചിത്രം രണ്ടാം സ്ഥാനം നേടിയിരുന്നു. വിക്കി കൗശലിന്റെ ഛാവ എന്ന സിനിമയാണ് ഒന്നാമതുള്ളത്. അജയ് ദേവ്ഗണിന്റെ 15-ാമത്തെ നൂറുകോടി ചിത്രമാണ് റെയ്ഡ് 2.

ആദ്യദിനം മുതൽ സിനിമയ്ക്ക് ബോക്സ് ഓഫീസിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യദിനത്തിൽ 19.25 കോടി നേടിയ ചിത്രം തുടർന്നുള്ള ദിവസങ്ങളിൽ 12 കോടി, 18 കോടി എന്നിങ്ങനെ കളക്ഷന്‍ നേടിയിരുന്നു. 2018 ൽ പുറത്തിറങ്ങിയ റെയ്ഡ് എന്ന സിനിമയുടെ രണ്ടാം ഭാഗമായി എത്തിയ റെയ്ഡ് 2 ത്രില്ലർ ഴോണറിൽ ആണ് ഒരുക്കിയിരിക്കുന്നത്. രാജ് കുമാർ ഗുപ്തയാണ് ചിത്രം സംവിധാനം ചെയ്തത്. റിതേഷ് ഷാ, രാജ് കുമാർ ഗുപ്ത, ജയദീപ് യാദവ്, കരൺ വ്യാസ് എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ വാണി കപൂർ, റിതേഷ് ദേശ്മുഖ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlights: Ajay Devgn movie Raid 2 in the top 10 list in 18 countries on Netflix

dot image
To advertise here,contact us
dot image