കീസി കാർത്തിയെ സ്വന്തം ബൗളിങ്ങിൽ പിടികൂടി; സമൂഹമാധ്യമങ്ങളിൽ തരം​ഗമായി കമ്മിൻസിന്റെ കിടിലൻ ക്യാച്ച്

കമ്മിൻസിന്റെ പന്തിനെ പ്രതിരോധിക്കാൻ ശ്രമിച്ച കാർത്തിയുടെ ബാറ്റിൽ നിന്ന് പന്ത് അന്തരീക്ഷത്തിലേക്ക് ഉയർന്നു

dot image

വെസ്റ്റ് ഇൻഡീസിനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ തകർപ്പൻ ക്യാച്ചുമായി ഓസ്ട്രേലിയൻ ടീം നായകൻ പാറ്റ് കമ്മിൻസ്. വിൻഡീസ് താരം കീസി കാർത്തിയെ പുറത്താക്കാനാണ് കമ്മിൻസ് തന്റെ ഫീൽഡിങ് മികവ് പുറത്തെടുത്തത്. സ്വന്തം ബൗളിങ്ങിലായിരുന്നു കമ്മിൻസിന്റെ ഈ തകർപ്പൻ ക്യാച്ചെന്നതാണ് മറ്റൊരു പ്രത്യേകത.

മത്സരത്തിൽ രണ്ടാമത് ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസിന്റെ ആദ്യ ഇന്നിങ്സിനിടെയാണ് സംഭവം. ഒമ്പതാം ഓവർ എറിയാനെത്തിയ ഓസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസിനെ നേരിടുന്നത് വെസ്റ്റ് ഇൻഡീസ് താരം കീസി കാർത്തിയായിരുന്നു. കമ്മിൻസിന്റെ പന്തിനെ പ്രതിരോധിക്കാൻ ശ്രമിച്ച കാർത്തിയുടെ ബാറ്റിൽ നിന്ന് പന്ത് അന്തരീക്ഷത്തിലേക്ക് ഉയർന്നു. ലെ​ഗ് സൈഡിലേക്ക് ഓടിയെത്തി തകർപ്പൻ ഒരു ഡൈവിലൂടെ കമ്മിൻസ് പന്ത് കൈപ്പിടിയിലാക്കി. ആറ് റൺസ് മാത്രം നേടിയ കാർത്തി പുറത്താകുകയും ചെയ്തു.

അതിനിടെ വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്കാണ് മേൽക്കൈ. നിലവിൽ വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് ഒന്നാം ഇന്നിങ്സ് ലീഡുണ്ട്. 33 റൺസിന്റെ ലീഡാണ് ഒന്നാം ഇന്നിങ്സിൽ ഓസീസ് നേടിയത്. ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സ് സ്കോറായ 286ന് മറുപടി പറഞ്ഞ വെസ്റ്റ് ഇൻഡീസ് ഒന്നാം ഇന്നിങ്സിൽ 253 റൺസിൽ എല്ലാവരും പുറത്തായി.

രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനറങ്ങിയ ഓസ്ട്രേലിയ രണ്ടാം ദിവസം സ്റ്റമ്പെടുക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 12 റൺസെന്ന നിലയിലാണ്. രണ്ടാം ഇന്നിങ്സിൽ 45 റൺസിന്റെ ലീഡ് നേടാനും ഓസ്ട്രേലിയയ്ക്ക് സാധിച്ചിട്ടുണ്ട്. സ്കോർ ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ 286, വെസ്റ്റ് ഇൻഡീസ് ആദ്യ ഇന്നിങ്സിൽ 253. ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 12 റൺസ്.

രണ്ടാം ദിവസം ആദ്യ ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച വെസ്റ്റ് ഇൻഡീസിന് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായി. 40 റൺസെടുത്ത ജോൺ കാംപ്ബെൽ 75 റൺസെടുത്ത ബ്രണ്ടൻ കിങ് എന്നിവരാണ് വിൻഡീസിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഷായി ഹോപ്പ് 21, അൽസാരി ജോസഫ് 27, ഷമർ ജോസഫ് 29 എന്നിങ്ങനെയും സംഭാവന ചെയ്തു. ഓസ്ട്രേലിയയ്ക്കായി നഥാൻ ലിയോൺ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ജോഷ് ഹേസൽവുഡ്, ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.

രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് റൺസെടുക്കും മുമ്പെ സാം കോൺസ്റ്റാസിനെയും രണ്ട് റൺസെടുത്ത ഉസ്മാൻ ഖ്വാജയെയുമാണ് നഷ്ടമായത്. ആറ് റൺസോടെ കാമറൂൺ ​ഗ്രീനും രണ്ട് റൺസുമായി നൈറ്റ് വാച്ച്മാൻ നഥാൻ ലിയോണും ക്രീസിലുണ്ട്. വിൻഡീസിനായി ജെയ്ഡൻ സീൽസാണ് രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്.

Content Highlights: Pat Cummins' Stunner Off Own Bowling

dot image
To advertise here,contact us
dot image