പഹല്‍ഗാമില്‍ കൊല്ലപ്പെട്ടവരില്‍ ഭീകരൻ്റെ തോക്കുപിടിച്ചുവാങ്ങി നേരിട്ട്,സഞ്ചാരികളെ രക്ഷിച്ച ആദില്‍ ഹുസൈന്‍ഷായും

അപ്രതീക്ഷിതമായുണ്ടായ ഭീകരാക്രമണത്തില്‍ വിനോദസഞ്ചാരികള്‍ പകച്ചുനിന്നപ്പോള്‍ ആദില്‍ ഭീകരന്റെ റൈഫിള്‍ തട്ടിമാറ്റി അവരെ രക്ഷിക്കാന്‍ ശ്രമിച്ചു

dot image

ശ്രീനഗര്‍: പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഭീകരരെ ധൈര്യപൂര്‍വ്വം നേരിട്ട സയ്യിദ് ആദില്‍ ഹുസൈന്‍ ഷായും. പഹല്‍ഗാമിലെ ബൈസരണ്‍ വാലിയിലേക്ക് വിനോദസഞ്ചാരികളെ കുതിരപ്പുറത്ത് കൊണ്ടുപോകുന്ന ജോലിയായിരുന്നു ആദില്‍ ഹുസൈന്‍ ഷായ്ക്ക്. അപ്രതീക്ഷിതമായുണ്ടായ ഭീകരാക്രമണത്തില്‍ വിനോദസഞ്ചാരികള്‍ പകച്ചുനിന്നപ്പോള്‍ ആദില്‍ ഭീകരന്റെ റൈഫിള്‍ തട്ടിമാറ്റി അവരെ രക്ഷിക്കാന്‍ ശ്രമിച്ചു. അപ്പോഴേക്കും മറ്റൊരു ഭീകരന്‍ ആദില്‍ ഹുസൈന്‍ ഷായ്ക്കുനേരെ വെടിയുതിര്‍ത്തുകഴിഞ്ഞിരുന്നു. വൃദ്ധരായ മാതാപിതാക്കളുടെ ഏക ആശ്രയമായിരുന്നു ആദില്‍ ഹുസൈന്‍ ഷാ.


'ഉച്ച കഴിഞ്ഞ് മൂന്നുമണിയോടെയാണ് ഭീകരാക്രമണത്തെക്കുറിച്ച് ഞങ്ങള്‍ അറിഞ്ഞത്. മകനെ വിളിച്ചപ്പോള്‍ മൊബൈല്‍ ഓഫായിരുന്നു. വൈകുന്നേരം നാലരയോടെ ഫോണ്‍ ഓണായി. പക്ഷെ അവന്‍ കോള്‍ എടുത്തില്ല. ഞങ്ങള്‍ പൊലീസ് സ്റ്റേഷനിലേക്ക് ഓടി. അപ്പോഴാണ് ആക്രമണത്തില്‍ അവന് പരിക്കേറ്റത് അറിഞ്ഞത്. ഞങ്ങളുടെ മകന്‍ രക്തസാക്ഷിയായി. ഞങ്ങളുടെ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അവന്‍. ഒരു പാവമായിരുന്നു. എന്തിനാണ് അവനെ കൊന്നുകളഞ്ഞത്? ഞങ്ങള്‍ക്ക് നീതി വേണം. ഇതിന് ഉത്തരവാദികളായവരെ ശിക്ഷിക്കണം'- ആദില്‍ ഹുസൈന്റെ പിതാവ് പറഞ്ഞു. 'മകന്‍ ഇല്ലാതായതോടെ അവന്റെ ഭാര്യയും മക്കളും ഞങ്ങളും അനാഥരായി. അവനില്ലാതെ എങ്ങനെ ജീവിക്കുമെന്ന് ഞങ്ങള്‍ക്കറിയില്ല എന്നാണ് ആദിലിന്റെ മാതാവ് പറഞ്ഞത്.


പഹല്‍ഗാമിലെ ബൈസരണ്‍ വാലിയില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഭീകരാക്രമണമുണ്ടായത്. പ്രദേശത്തുണ്ടായിരുന്ന വിനോദസഞ്ചാരികള്‍ക്കുനേരെ പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്നും ഇറങ്ങിവന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. 28 പേരാണ് ഭീകരാക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത്. ലഷ്‌കര്‍ ഇ തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്‍ഡ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ലഷ്‌കര്‍ ഇ തൊയ്ബയുടെ കൊടുംഭീകരന്‍ സൈഫുളള കസൂരിയാണ് പഹല്‍ഗാം ആക്രമണത്തിന്റെ സൂത്രധാരനെന്നാണ് വിവരം.

Content Highlights: Syed Adil Hussain Shah Bravely Tried To Snatch Terrorist's Rifle shot dead pahalgam

dot image
To advertise here,contact us
dot image