
ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്നത് 15 മിനിറ്റോളം നീണ്ടു നിന്ന കണ്ണില്ലാത്ത ക്രൂരതയെന്ന് സ്ഥിരീകരണം. ആക്രമണം നടത്തിയ സംഘത്തിൽ നാല് ഭീകരരാണ് ഉണ്ടായിരുന്നതെന്നും കണ്ടെത്തി. ഇതിൽ രണ്ട് പേർ കശ്മീരികളും ബാക്കി രണ്ട് പേർ പാകിസ്ഥാനിലെ പഷ്തൂൺ വംശജരുമാണെന്നാണ് വിവരം. തോക്കുകളും ക്യാമറയുമായാണ് ഇവർ പഹൽഗാമിലെത്തിയത്. ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ ഭീകരർ പകർത്തിയെന്നും ഇത് പ്രചരിപ്പിക്കാതെ ഇരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുമെന്നും ഏജൻസികൾ വ്യക്തമാക്കി. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കശ്മീരിൽ വൈകിട്ട് 3.30 ന് രണ്ട് മിനിറ്റ് മൗനം ആചരിച്ചു.
പഹൽഗാമിലെ ബൈസരൻ വാലിയിൽ വിനോദ സഞ്ചാരികൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ട ഭീകരന്റേതെന്ന് കരുതുന്ന ചിത്രം പുറത്ത് വന്നിട്ടുണ്ട്. ഇയാളുടെ ഒപ്പം ആക്രമണം നടത്തിയതെന്ന് കരുതുന്ന മറ്റ് മൂന്ന് പേരുടെ ചിത്രങ്ങളും പുറത്തുവിട്ടു.
അക്രമികളിൽ രണ്ട് പേർ സംസാരിച്ചത് പഷ്തൂൺ ഭാഷയിലാണെന്നാണ് വിവരം. അത് അക്രമികൾ പാകിസ്ഥാൻ സ്വദേശികളെന്നതിനുള്ള വലിയ സൂചനയാണ്. മറ്റ് രണ്ട് പേർ പ്രദേശവാസികളെന്ന് വിവരം. ഒരാൾ പാകിസ്ഥാനിൽ നിന്ന് അടുത്തിടെ തിരിച്ചെത്തിയ ആദിൽ എന്നയാളാണ്. ആദിൽ മുമ്പും ഭീകരവാദികൾക്ക് സഹായം നൽകിയിരുന്നതായി നാട്ടുകാർ ആരോപിക്കുന്നുണ്ട്. ഭീകരർ ശരീരത്തിൽ ക്യാമറകൾ ഘടിപ്പിച്ചിരുന്നു. അക്രമത്തിന്റെ ദൃശ്യങ്ങൾ ഇവർ ക്യാമറയിൽ പകർത്തുകയും ചെയ്തു.
ആക്രമണം നടന്ന പ്രദേശത്തിന് അടുത്തുനിന്ന് കറുത്ത നിറത്തിലുള്ള ബൈക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. നമ്പർ പ്ലേറ്റ് ഇല്ലാത്ത ഈ ബൈക്കിലാണ് ഭീകരരെത്തിയതെന്നാണ് സംശയിക്കുന്നത്. അക്രമികൾ എത്തിയത് പ്രാദേശിക പൊലീസ് യൂണിഫോം ധരിച്ചായിരുന്നു. സൈനികരുടേതിന് സമാനമായ മുഖംമൂടിയും ധരിച്ചിരുന്നു. അക്രമികൾ ഉപയോഗിച്ചത് യുഎസ് നിർമ്മിത എം4 കാർബൻ റൈഫിളുകളെന്നാണ് സൂചന. പാക് ചാരസംഘടന വഴി വിതരണം ചെയ്യുന്ന റൈഫിളുകളാണ് ഇവയെന്നാണ് വിവരം.
'മിനി സ്വിറ്റ്സർലൻഡ്' എന്നറിയപ്പെടുന്ന മനോഹരമായ സ്ഥലമായ ബൈസരൻവാലി സന്ദർശിക്കാനെത്തിയ വിനോദ സഞ്ചാരികൾക്ക് നേരെയാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2:30 ഓടെ ഭീകരർ വെടിയുതിർത്തത്. ആക്രമണത്തിൽ ഒരു മലയാളി ഉൾപ്പെടെ 28 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. നിരവധിപ്പേർക്ക് പരിക്കേറ്റിരുന്നു.
പാകിസ്താൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റൻ്റ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റടുത്ത് രംഗത്ത് വന്നിരുന്നു. ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ലഷ്കർ നേതാവ് സെയ്ഫുള്ള കസൂരിയെന്നും സൂചനയുണ്ട്. ബൈസരൻ വാലിയിൽ നടന്നത് ലഷ്കർ - ഐഎസ്ഐ ആസൂത്രിത ആക്രമണമെന്നാണ് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നത്. ലഷ്കർ ഇ തൊയ്ബയുടെ പങ്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, ഭീകരാക്രമണത്തിൽ വിശദീകരണവുമായി പാകിസ്താൻ രംഗത്തെത്തി. തങ്ങൾക്ക് പങ്കില്ലെന്നും എല്ലാ ഭീകരതയെയും തങ്ങൾ എതിർക്കുമെന്നുമാണ് പാകിസ്താൻ പറഞ്ഞത്. പാകിസ്താൻ പ്രതിരോധ വകുപ്പ് മന്ത്രിയാണ് വിശദീകരണവുമായി രംഗത്തുവന്നത്.
Content Highlights- The brutality that took place lasted for 15 minutes, reports say that four terrorists carried out the attack in Pahalgam