ജാതി സെൻസസ് റിപ്പോർട്ട്; ആശങ്കയുള്ള മന്ത്രിമാരോട് രേഖാമൂലം സമര്‍പ്പിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി

റിപ്പോർട്ട് വലുതാണ്, ചർച്ച ചെയ്തു തീരാൻ സമയമെടുക്കുമെന്നു മന്ത്രി പ്രിയങ്ക്‌ ഖര്‍ഗെ പ്രതികരിച്ചു.

dot image

ബെംഗളൂരു: ജാതി സെൻസസ് റിപ്പോർട്ടിന്മേലുള്ള മന്ത്രിമാരുടെ ആശങ്കകൾ രേഖാമൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വിഷയത്തിൽ വിളിച്ചു ചേർത്ത പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. റിപ്പോർട്ട് ചർച്ച ചെയ്യാൻ മെയ് രണ്ടിന് വീണ്ടും മന്ത്രിസഭാ യോഗം ചേരും.

റിപ്പോർട്ട് വലുതാണ്, ചർച്ച ചെയ്തു തീരാൻ സമയമെടുക്കുമെന്നു മന്ത്രി പ്രിയങ്ക്‌ ഖര്‍ഗെ പ്രതികരിച്ചു. ഒറ്റ മന്ത്രിസഭാ യോഗം കൊണ്ട് ഒരു തീരുമാനത്തിലുമെത്തി ചേരില്ല.റിപ്പോർട്ട് ആരും തള്ളുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്നും മന്ത്രി രാമലിംഗ റെഡ്ഢിയും പറഞ്ഞു. കർണാടകയിലെ വൊക്കലിഗ - ലിംഗായത് വിഭാഗങ്ങളാണ് റിപ്പോർട്ട് പിന്‍വലിക്കണമെന്ന ആവശ്യം മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്.

ജനസംഖ്യ കണക്കെടുപ്പിൽ തങ്ങളുടെ സമുദായത്തിന്റെ എണ്ണം കുറഞ്ഞതാണ് ഇവരെ ചൊടിപ്പിച്ചിരിക്കുന്നത്. ഇരുവിഭാഗങ്ങളുടെയും ജനസംഖ്യ പട്ടിക ജാതിക്കും മുസ്ലിം വിഭാഗത്തിനും പിറകിലാണെന്ന വിവരമാണ് ‌ സംസ്ഥാന പിന്നാക്ക കമ്മീഷൻ പുറത്തു വിട്ട റിപ്പോർട്ടിലുള്ളത്. റിപ്പോര്‍ട്ട് ഒന്നുകില്‍ പിന്‍വലിക്കണം, അല്ലെങ്കില്‍ പുതിയ സെന്‍സസ് എടുക്കണമെന്നാണ് വൊക്കലിഗ - ലിംഗായത് വിഭാഗങ്ങള്‍ ആവശ്യപ്പെടുന്നത്. വൊക്കലിഗ വിഭാഗങ്ങൾക്കായി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ലിംഗായത്തുകൾക്കായി മന്ത്രി എം ബി പാട്ടീലുമാണ് മന്ത്രിസഭയിൽ സംസാരിച്ചത് .

അതേ സമയം സംസ്ഥാനത്തെ ദളിത്, ആദിവാസി, പിന്നാക്ക വിഭാഗ സംഘടനകളും വ്യക്തിത്വങ്ങളും ജാതി സെന്‍സസ് റിപ്പോര്‍ട്ട് അനുസരിച്ച് നടപടിക്രമങ്ങള്‍ സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ കര്‍ണാടക രാഷ്ട്രീയത്തിലെ ചൂടുള്ള വിഷയം തന്നെയായിരിക്കും ജാതി സെൻസസ് റിപ്പോർട്ട്.

Content Highlights: Special cabinet meeting on caste census in Karnataka

dot image
To advertise here,contact us
dot image